ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കറുടെ അധികാരത്തെ ചൊല്ലി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവും തമ്മില്‍ സഭയില്‍ വാക്ക്‌പോര്. ലോക്സഭാ സ്പീക്കറുടെ അവകാശങ്ങളും ഇല്ലാതാകുമെന്നും പ്രതിപക്ഷം അദ്ദേഹത്തിന് വേണ്ടിയും പോരാടേണ്ടി വരുമെന്നുമുള്ള അഖിലേഷിന്റെ ആരോപണമാണ് പോരിന് കാരണമായത്. വഖഫ് ബില്ല് അവതരണത്തിനിടെയാണ് ഇരുനേതാക്കളും ആരോപണ പ്രത്യാരോപണവുമായി കൊമ്പുകോര്‍ത്തത്.

'നിങ്ങളുടെ അവകാശങ്ങളും ഞങ്ങളുടെ അവകാശങ്ങളും വെട്ടിക്കുറയ്ക്കപ്പെടുന്നു, നിങ്ങള്‍ ജനാധിപത്യത്തിന്റെ വിധികര്‍ത്താവാണ്. നിങ്ങളുടെ ചില അവകാശങ്ങള്‍ തട്ടിയെടുക്കപ്പെടുന്നുവെന്നും ഞങ്ങള്‍ നിങ്ങള്‍ക്കായി പോരാടേണ്ടിവരുന്നെന്നുമാണ് ഞാന്‍ കേട്ടത്', എന്നായിരുന്നു സ്പീക്കറെ കുറിച്ച് അഖിലേഷ് പറഞ്ഞത്. അതേസമയം സ്പീക്കറെ അപമാനിക്കുന്നതാണ് അഖിലേഷിന്റെ പ്രതികരണമെന്ന് അമിത് ഷാ ആരോപിച്ചു.

സ്പീക്കറുടെ അവകാശം പ്രതിപക്ഷത്തിന് മാത്രം ബാധകമായ കാരമല്ല, അത് സഭ മൊത്തത്തില്‍ ബാധകമായ വിഷയമാണ്.നിങ്ങളല്ല സ്പീക്കറുടെ അവകാശ സംരക്ഷകന്‍', അമിത് ഷാ പറഞ്ഞു. അതേസമയം വിഷയത്തില്‍ അഖിലേഷ് യാദവിന് സ്പീക്കര്‍ ഓം ബിര്‍ല താക്കീത് നല്‍കി. സ്പീക്കറെ കുറിച്ച് സഭാംഗങ്ങളാരും തന്നെ പ്രതികരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറെ കുറിച്ച് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വഖഫ് ഭേദഗതി ബില്ലിനെതിരേയും അഖിലേഷ് യാദവ് തുറന്നടിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 'തിരഞ്ഞെടുപ്പിന് ഒരു ജനാധിപത്യ പ്രക്രിയ ഉണ്ടെന്നിരിക്കെ ആളുകളെ നാമനിര്‍ദ്ദേശം ചെയ്യുന്നത്? സമുദായത്തിന് പുറത്തുള്ള ആരും മറ്റ് മതസംഘടനകളുടെ ഭാഗമല്ല. അമുസ്ലിംകളെ വഖഫ് ബോഡികളില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ചില കടുത്ത അനുഭാവികളെ തൃപ്തിപ്പെടുത്താനാണ് ബിജെപി ഈ നിയമം കൊണ്ടുവന്നതെന്നും യാദവ് വിമര്‍ശിച്ചു.

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധമുയര്‍ത്തിയിരുന്നു. ബില്‍ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നായിരുന്നു ഇന്ത്യ സഖ്യ നേതാക്കള്‍ തുറന്നടിച്ചത്. ക്ഷേത്ര ഭരണത്തില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്താറുണ്ടോയെന്നും സഖ്യനേതാക്കള്‍ ചോദിച്ചു. നിയമം മുസ്ലീങ്ങളോടുള്ള അനീതിയാണെന്നായിരുന്നു സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്. വലിയ തെറ്റാണ് നടക്കാന്‍ പോകുന്നതെന്നും ഇതിന്റെ ഫലം കാലങ്ങളോളം അനുഭവിക്കേണ്ടി വരുമെന്നും നേതാക്കള്‍ പറഞ്ഞു.

വഖഫ് ബോര്‍ഡുകളില്‍ 2 മുസ്ലിം ഇതര വിഭാഗക്കാരെയും 2 വനിതകളെയും ഉറപ്പാക്കണമെന്നാണ് ഭേദഗതിയില്‍ പ്രധാനമായി പറയുന്നത്. വനിതകളെ സഹായിക്കാനാണ് ഇതെന്നും കേന്ദ്രം വാദിക്കുന്നു. അതേസമയം പ്രതിപക്ഷ പ്രതിേധത്തെ തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു.