കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു; രാഹുലും പ്രിയങ്കയും വയനാട്ടില്‍ ജയിച്ചത് ലീഗ്- ജമാഅത്ത്-എസ്ഡിപിഐ പിന്തുണയില്‍; പാലക്കാട് യുഡിഎഫ് വിജയാഘോഷം തുടങ്ങിയത് എസ് ഡി പിഐ; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലടക്കം ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നുവെന്ന് ആവര്‍ത്തിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് തീവ്രനിപാടുള്ള പാര്‍ട്ടികളുടെ പിന്തുണയോടെയണെന്നും അദ്ദേഹം അവര്‍ത്തിച്ചു വ്യക്തമാക്കി. വയനാട്ടിലെ പ്രസംഗം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിജയരാഘവന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു പോസ്റ്റിട്ടത്.
അധികാരം കിട്ടാന്‍ ഏത് വര്‍ഗീയതയുമായും കോണ്‍ഗ്രസ് സന്ധി ചെയ്യും. പാലക്കാട് യുഡിഎഫ് വിജയാഘോഷം തുടങ്ങിയത് എസ് ഡി പിഐ പ്രകടനത്തോടെയാണ്. ഗൗരവകരമായ വിഷയമാണ് ഞാനുയര്‍ത്തിയതെന്നും എത്ര വായടപ്പിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനം തുറന്ന് കാണിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തങ്ങളായ വര്‍ഗീയ ധ്രുവീകരണങ്ങളുണ്ടാക്കി എങ്ങനെ വോട്ടുകള്‍ നേടാം എന്നാണ് യു ഡി എഫ് ശ്രമിച്ചത്. കോണ്‍ഗ്രസ്സ് കേരളത്തില്‍ എല്ലാ വര്‍ഗീയതയോടും സന്ധിചെയ്ത് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വിവിധ വര്‍ഗീയതകള്‍ കേരളത്തിലെ ഓരോ കുടുംബത്തെയും വര്‍ഗീയവല്‍ക്കരിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദു വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയത എന്ന നിലയില്‍ ഈ ശ്രമം ദീര്‍ഘകാലമായി നടത്തിവരുന്നുണ്ട്. ന്യൂനപക്ഷ വര്‍ഗീയതകൂടി ആ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ കേരളത്തിന്റെ പുരോഗമന മൂല്യങ്ങളുടെ തിരസ്‌കാരമാണ് ഉണ്ടാവുകയെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:
ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്എസിന്റെ തീവ്രവര്‍ഗീയതയെ മുറിച്ചുകടക്കല്‍ അതിപ്രധാനമാണ്. ഇതിനുള്ള ശ്രമങ്ങളാണ് സിപിഐ എം നടത്തുന്നത്. ഒരുപള്ളിയില്‍ നിന്ന് തുടങ്ങി മൂന്നിലെത്തി മുപ്പതെണ്ണത്തെക്കുറിച്ച് പറഞ്ഞ് മുപ്പതിനായിരം പള്ളി പൊളിക്കുന്ന അജന്‍ഡയുമായി സംഘപരിവാറിന് മുന്നോട്ടുപോകാന്‍ കഴിയുന്ന വിധത്തില്‍ നാടിനെ ഭിന്നിപ്പിക്കുകയാണ്. ഒരുതരത്തിലുള്ള സാമൂഹ്യമുന്നേറ്റവും ഇന്ത്യയില്‍ ഉണ്ടാകുന്നില്ല. ഒരുതരത്തിലുള്ള ചര്‍ച്ചയും പാര്‍ലമെന്റില്‍ നടക്കുന്നില്ല. മൂന്നാമതും അധികാരത്തിലെത്തിയ മോദിസര്‍ക്കാരിന്റെ പ്രഥമ പരിഗണന വഖഫ് നിയമം ഭേദഗതിചെയ്യുന്നതിലാണ്. മുസ്ലിം വിരുദ്ധതയാണ് ഇതിന് പിന്നില്‍. അടുത്തത് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പാണ്. ഇതിന് ഭരണഘടന ഭേദഗതിചെയ്യണം. അതിനുള്ള ഭൂരിപക്ഷം പാര്‍ലമെന്റില്‍ ബിജെപിക്കില്ല. എന്നിട്ടും ആ അജണ്ട ചര്‍ച്ച ചെയ്യാനും അത് സജീവമായി നിറുത്താനും ഭരണ വൈകല്യങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതിരിക്കാനുമായി ഇത്തരം വിഷയങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നു.
രാജ്യത്തെ വടക്ക്-കിഴക്കന്‍ മേഖല പിടിക്കാനുള്ള ആര്‍എസ്എസിന്റെ മാസ്റ്റര്‍ പ്ലാനാണ് മണിപ്പുരില്‍ നടക്കുന്ന കലാപം. ആദിവാസികളെവരെ വര്‍ഗീയവല്‍ക്കരിക്കുകയാണ്. കേരളത്തിലും വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ്. ഈ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ വേണ്ട നയവും നിലപാടുകളും എടുത്ത് മുന്നോട്ട് പോകുകയാണ് മതനിരപേക്ഷ കക്ഷികളുടെ അടിയന്തിര കടമ.
പക്ഷേ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തങ്ങളായ വര്‍ഗീയ ധ്രുവീകരണങ്ങളുണ്ടാക്കി എങ്ങനെ വോട്ടുകള്‍ നേടാം എന്നാണ് യു ഡി എഫ് ശ്രമിച്ചത്. കോണ്‍ഗ്രസ്സ് കേരളത്തില്‍ എല്ലാ വര്‍ഗീയതയോടും സന്ധിചെയ്ത് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വിവിധ വര്‍ഗീയതകള്‍ കേരളത്തിലെ ഓരോ കുടുംബത്തെയും വര്‍ഗീയവല്‍ക്കരിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദു വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയത എന്ന നിലയില്‍ ഈ ശ്രമം ദീര്‍ഘകാലമായി നടത്തിവരുന്നുണ്ട്. ന്യൂനപക്ഷ വര്‍ഗീയതകൂടി ആ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ കേരളത്തിന്റെ പുരോഗമന മൂല്യങ്ങളുടെ തിരസ്‌കാരമാണ് ഉണ്ടാവുക. കേരളത്തിന്റെ ഇടതുപക്ഷ അടിത്തറ തകര്‍ത്ത് ഇടതുപക്ഷ മതേതര മുന്നേറ്റങ്ങളെ തടയാനാണ് എല്ലാ പ്രതിലോമ ശക്തികളും ചേര്‍ന്ന് ശ്രമിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ പൂര്‍ണ പിന്തുണയോടെയാണ് ഇത് നടക്കുന്നത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും ഉപ തെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാണ് നടന്നത്. ഈ സത്യം പറയാതിരിക്കാന്‍ കഴിയില്ല. ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിയായി എതിര്‍ക്കും, അതിനര്‍ത്ഥം ന്യൂനപക്ഷ വര്‍ഗീയതയെ വിമര്‍ശിക്കാന്‍ പാടില്ല എന്നല്ല. ആ വിമര്‍ശനത്തെ അസഹിഷ്ണുതയോടെ കാണുന്നവരോട് നമുക്ക് സഹതപിക്കാനേ സാധിക്കൂ. വര്‍ഗീയതയില്‍ തമ്പടിച്ച കോണ്‍ഗ്രസിന് ഇത് ഒരിക്കലും പറ്റില്ല. ഇടതുപക്ഷത്തെ തോല്‍പ്പിക്കാനുള്ള വഴിയായാണ് വര്‍ഗീയതയെ അവര്‍ കാണുന്നത്. രാഹുല്‍ഗാന്ധിയും പ്രിയങ്കയും വയനാട്ടില്‍ വിജയിച്ചത് കോണ്‍ഗ്രസും ലീഗും ജമാ-അത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉള്‍പ്പെടുന്ന ചേരിയുടെ പിന്തുണയിലാണ്.
ഇത് നല്‍കുന്ന രാഷ്ട്രീയ സന്ദേശം എന്താണെന്ന് കോണ്‍ഗ്രസ്സ് തിരിച്ചറിഞ്ഞിട്ടുണ്ടോ? ജമാ-അത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും കൂട്ടുപിടിച്ചുള്ള വയനാട്ടിലെ മത്സരം, പ്രതിപക്ഷം തീവ്ര മുസ്ലിം വര്‍ഗീയതയ്ക്ക് ഒപ്പമാണ് എന്ന പ്രചരണം നടത്താന്‍ ബി ജെ പി ക്ക് അവസരമൊരുക്കി. ഇത് രാജ്യമാകെ അവര്‍ പ്രചരണ വിഷയമാക്കി. അതിന് അവര്‍ക്ക് അവസരം നല്‍കിയതിലൂടെ വലിയൊരു തെറ്റാണ് കോണ്‍ഗ്രസ്സ് ചെയ്തത്. ന്യൂനപക്ഷവര്‍ഗീതയതയുടെ ഏറ്റവും മോശപ്പെട്ട ശക്തികളെവരെ കൂട്ടുപിടിച്ചുകൊണ്ട് അവര്‍ കേരളത്തിന്റെ പുരോഗമന അടിത്തറ തകര്‍ക്കുകയെന്ന പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കി. സംഘപരിവാറിനെ ഉള്ളിലൂടെ പരിലാളിക്കുന്നത് ഒരുവശത്ത് നടക്കുമ്പോള്‍ത്തന്നെ പ്രകടമായി ഇസ്ലാമിക തീവ്രവര്‍ഗീയ വാദികളെയും കൂട്ടുപിടിക്കുന്നു. അധികാരം കിട്ടാന്‍ ഏത് വര്‍ഗീയതയുമായും സന്ധിചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തെളിയിക്കുന്നത്.
പാലക്കാട് UDF സ്ഥാനാര്‍ഥിയുടെ വിജയാഘോഷം തുടങ്ങിയത് SDPI പ്രകടനത്തോടെയാണ്. ഈയിടെ മഹാത്മാഗാന്ധിയെയും ഭഗത് സിംഗിനെയും ജമാ-അത്തെ ഇസ്ലാമി ആക്ഷേപിച്ചിട്ടും കോണ്‍ഗ്രസ്സ് ഒരക്ഷരം മിണ്ടിയിട്ടില്ല. അതില്‍ എന്താണ് കോണ്‍ഗ്രസ്സിന്റെ നിലപാട് എന്ന് ഒരു മാധ്യമവും അവരോട് ചോദിച്ചിട്ടുമില്ല. ഈ മാധ്യമ പരിലാളന വച്ചുകൊണ്ടും മാധ്യമങ്ങളെ ഉപയോഗിച്ചും ഇത്തരം ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നവരെ ആക്ഷേപിക്കുകയാണ് കോണ്‍ഗ്രസ്സ്. എത്ര ആക്ഷേപിച്ചാലും കോണ്‍ഗ്രസ്സ് നടത്തുന്ന വര്‍ഗീയ പ്രീണനനയങ്ങളെ തുറന്നുകാണിക്കുകതന്നെ ചെയ്യും.
മാധ്യമങ്ങളെ പേടിച്ചോ പ്രതിപക്ഷം വിലയ്‌ക്കെടുത്തിരിക്കുന്ന സോഷ്യല്‍ മീഡിയ കൂലിസംഘത്തെ പേടിച്ചോ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാതിരിക്കും എന്ന് കരുതരുത്. തീവ്രവര്‍ഗീയ പ്രസ്ഥാനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിര്‍ക്കുകതന്നെ ചെയ്യും.