52 പേര്‍ക്ക് ഒരേ അഡ്രസ്; സംശയമുള്ള 93499 വോട്ടുകള്‍; വണ്ടൂര്‍, ഏറനാട്, കല്‍പ്പറ്റ, തിരുവമ്പാടി മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നു; വയനാട്ടില്‍ വ്യാജ വോട്ട് ആരോപണവുമായി ബിജെപി; ആരോപണം തള്ളി ടി. സിദ്ദിഖ്
വയനാട്ടില്‍ വ്യാജ വോട്ട് ആരോപണവുമായി ബിജെപി; ആരോപണം തള്ളി ടി. സിദ്ദിഖ്
ന്യൂഡല്‍ഹി: വയനാട്ടില്‍ വ്യാജ വോട്ട് ആരോപണവുമായി ബിജെപി. 93,499 സംശയമുള്ള വോട്ടുകളുണ്ടെന്ന് ബിജെപി നേതാവ് അനുരാഗ് തക്കൂര്‍ ആരോപിച്ചു. 20,438 ഇരട്ട വോട്ടുകളെന്നും ആരോപണം. 70,450 പേര്‍ വ്യാജ വിലാസത്തില്‍ ഉള്ളവരെന്നും അനുരാഗ് ഠാക്കൂര്‍ ആരോപിക്കുന്നു. 52 പേര്‍ക്ക് ഒരു അഡ്രസാണെന്നും വയനാടിന് പുറമെ റായ്ബറേലിയിലും ക്രമക്കേട് നടന്നെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ കള്ളവോട്ട് ആരോപണത്തിന് മറുപടിയായി പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തെ ഉന്നമിട്ടാണ് ബി.ജെ.പിയുടെ നീക്കം വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ വ്യാപക ക്രമക്കേടുണ്ടായി. 52 വോട്ടര്‍മാര്‍ക്ക് ഒരേ വിലാസമാണ്. തിരുവമ്പാടി, കല്‍പറ്റ മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നെന്ന് അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു.
എന്നാല്‍ ബി.ജെ.പിയുടെ ആരോപണം വയനാട്ടില്‍ വിലപ്പോകില്ലെന്ന് കല്‍പറ്റ എം.എല്‍.എ ടി. സിദ്ദിഖ് പ്രതികരിച്ചു. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ജയിച്ചതെന്നും ബി.ജെ.പിയുടെ ഒരു തന്ത്രവും അവിടെ വിലപ്പോയില്ലെന്നും സിദ്ദിഖ് പറഞ്ഞു. രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍നിന്ന് ജയിച്ചത്. രാഹുല്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷമുയര്‍ത്താനും പ്രിയങ്കക്കായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നിരിക്കെയാണ് ബി.ജെ.പി ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
അതേസമയം, വോട്ട് ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് പ്രചാരണ വിഡിയോ പുറത്തിറക്കി. വോട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടാനും ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ അറിയിക്കാനും വോട്ട് ചോരി എന്ന വെബ്സൈറ്റ് തയാറാക്കിയതിന് പിന്നാലെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ പ്രചാരണ വിഡിയോ പോസ്റ്റുചെയ്തു. വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് ചെയ്യാനെത്തുമ്പോള്‍ മറ്റുചിലര്‍ വോട്ട് ചെയ്ത് മടങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന ആരോപണത്തില്‍ ഭരണ, പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തി ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തുവന്നു. മണ്ഡലത്തില്‍ 60,000ത്തിലേറെ കള്ളവോട്ട് ചേര്‍ത്തെന്ന് കേരളത്തിലെ ഒരു മന്ത്രി പറയുകയാണ്. ഒരു എം.എല്‍.എ പോലുമില്ലാത്ത പാര്‍ട്ടി 60,000 വോട്ട് അനധികൃതമായി ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു അവരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ തൂങ്ങിചാകുന്നതാണ് നല്ലത്. ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതിനിടെ വോട്ട് കൊള്ള ആരോപണത്തില്‍ , തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. 'വോട്ട് ചോരി' മുദ്രാവാക്യം മുഴക്കി എല്ലാ ജില്ലകളിലും നാളെ മെഴുകുതിരി മാര്‍ച്ചുകള്‍ നടത്തും. വോട്ടര്‍മാരുടെ അവകാശങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വോട്ട് കൊള്ളയില്‍ സോണിയ ഗാന്ധിക്കെതിരെയും ബിജെപി ആരോപണമുന്നയിച്ചിട്ടുണ്ട്. സോണിയയുടെ ഇറ്റലി പൗരത്വം ഉന്നയിച്ചാണ് ബിജെപിയുടെ ആരോപണം. സോണിയക്ക് പൗരത്വം ലഭിക്കുന്നത് 1983ലാണെന്നും എന്നാല്‍ 1980ലെ വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം.