അമിത് ഷായെ കാണാനായത് ശോഭാ സുരേന്ദ്രന് മാത്രം; ഡല്‍ഹിയിലെത്തി പികെ കൃഷ്ണദാസും എഎന്‍ആറും അറിയിച്ചത് സുരേന്ദ്രന് ഇനിയൊരു അവസരം നല്‍കരുതെന്ന്; രാജീവ് ചന്ദ്രശേഖറിന് താല്‍പ്പര്യക്കുറവ്; എംടി രമേശ് റെഡിയും; ബിജെപിയ്ക്ക് വനിതാ പ്രസിഡന്റ് എത്തുമോ?

Update: 2025-01-05 06:19 GMT

തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുമ്പോള്‍ സംസ്ഥാനത്തെ വികാരം കൂടി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച് പികെ കൃഷ്ണദാസ് പക്ഷം. കെ സുരേന്ദ്രന് മൂന്നാമത് ഒരു ടേം കൂടി നല്‍കരുതെന്നാണ് ആവശ്യം. പികെ കൃഷ്ണദാസ് ഡല്‍ഹിയില്‍ എത്തി നിലപാട് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. അതിനിടെ പ്രസിഡന്റാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രനുമുണ്ട്. എംടി രമേശിന് വേണ്ടിയാണ് പികെ കൃഷ്ണദാസിന്റെ ചരടു വലി. രാജീവ് ചന്ദ്രശേഖറിനേയും കേന്ദ്രം പരിഗണിക്കുന്നുണ്ട്. കേരളത്തിലെ കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേതാകുമെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ പേരില്‍ സുരേന്ദ്രന്‍ തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ വി മുരളീധരന്‍ അതിനെ പരസ്യമായി പിന്തുണയ്ക്കുന്നില്ല. മുരളീധര ഗ്രൂപ്പിന്റെ ഭാഗമായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ സമവാക്യത്തില്‍ മാറ്റം വന്നു. എങ്കിലും സുരേന്ദ്രനെ പരസ്യമായി മുരളീധരന്‍ പിന്തുണയ്ക്കുന്നില്ല. സുരേന്ദ്രന് വേണ്ടി ദേശീയ ആര്‍ എസ് എസില്‍ സമ്മര്‍ദ്ദവും ചെലുത്തുന്നില്ല. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ പിന്തുണ സുരേന്ദ്രനുണ്ട്. അതുകൊണ്ട് സംഘടനാ ചുമതലയുള്ള ബിഎല്‍ സന്തോഷിന്റെ കരുത്തില്‍ വീണ്ടും അധ്യക്ഷനാകുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനം നീട്ടി നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് സുരേന്ദ്രന്‍ പക്ഷം പറയുന്നത്. തദ്ദേശത്തില്‍ മികച്ച ജയം നേടി നിയമസഭാ തിരഞ്ഞെടുപ്പു വരെ തുടരണമെന്നതാണ് സുരേന്ദ്രന്റെ ആഗ്രഹം. ഇതിനിടെയാണ് ശോഭാ സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് എന്നിവരുടെ പേരുകളും ദേശീയ നേതൃത്വം പരിഗണിക്കുന്നത്. പ്രസിഡന്റാകാനുള്ള താല്‍പ്പര്യക്കുറവ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചതായും സൂചനയുണ്ട്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വനിത എത്തിയിട്ടില്ല. ഇത് ശോഭയുടെ സാധ്യത കൂട്ടുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭ മത്സരിച്ച മണ്ഡലങ്ങളില്‍ വോട്ട് വിഹിതം വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. അമിത് ഷായെ ശോഭാ സുരേന്ദ്രന്‍ നേരിട്ട് കണ്ടിരുന്നു. ശോഭയ്ക്ക് മാത്രമാണ് അമിത് ഷായെ കാണാന്‍ അവസരം കിട്ടിയത്. പി.കെ.കൃഷ്ണദാസും എ.എന്‍.രാധാകൃഷ്ണനും ഒരുമിച്ചെത്തിയാണ് കേന്ദ്ര നേതാക്കളെ കണ്ടത്. നേതൃമാറ്റം വേണമെന്ന് സുരേന്ദ്രനെ എതിര്‍ക്കുന്നവര്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. എം.ടി.രമേശിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് കൃഷ്ണദാസ് വിഭാഗം ആവശ്യപ്പെടുന്നത്.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിലെ പ്രസിഡന്റിന്റെയും ദേശീയ കൗണ്‍സില്‍ അംഗങ്ങളെയും കണ്ടെത്തേണ്ട ചുമതല. മണ്ഡലം പ്രസിഡന്റുമാരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളുമായി സംസാരിച്ച് സമവായ അടിസ്ഥാനത്തിലായിരിക്കും നിയമനം. 10നകം നടപടികള്‍ പൂര്‍ത്തിയാക്കും. ഇരുപതിനകം പുതിയ സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിലും ചിത്രം തെളിയും. അഞ്ചു വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ് കെ.സുരേന്ദ്രന്‍.

മൂന്ന് വര്‍ഷമാണ് ഒരു ടേം. കേന്ദ്ര നേതൃത്വം സുരേന്ദ്രന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ആറു വര്‍ഷം പൂര്‍ത്തിയാകാത്തതിനാല്‍ പ്രസിഡന്റായ സുരേന്ദ്രന് മത്സരിക്കാന്‍ തടസ്സമില്ലെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News