ജി. സുധാകരനെ അവഗണിച്ചിട്ടില്ല; മറ്റാര്‍ക്കും നല്‍കാത്ത പരിഗണനയാണ് പാര്‍ട്ടി നല്‍കിയത്; പ്രായപരിധി പിന്നിട്ടതിനാലാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്; പുതിയ ഘടകം രൂപീകരിച്ച് ഉള്‍പ്പെടുത്തിയെങ്കിലും സഹകരിച്ചില്ലെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

ജി. സുധാകരനെ അവഗണിച്ചിട്ടില്ല; മറ്റാര്‍ക്കും നല്‍കാത്ത പരിഗണനയാണ് പാര്‍ട്ടി നല്‍കിയത്

Update: 2026-03-12 11:12 GMT

ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി. സുധാകരനെ പാര്‍ട്ടി ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും, മറ്റാര്‍ക്കും നല്‍കാത്തത്രയും പ്രത്യേക പരിഗണനയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നതെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ വ്യക്തമാക്കി. അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജി. സുധാകരന്‍ ഇന്ന് രാവിലെ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്‍. നാസര്‍.

സുധാകരന്റെ സഹോദരന്‍ സഖാവ് ഭുവനേശ്വരന്‍ രക്തസാക്ഷിത്വം വരിച്ചയാളാണെന്നും, അതുകൊണ്ട് കേവലമൊരു മുതിര്‍ന്ന നേതാവെന്നതിലുപരി പ്രത്യേക പരിഗണനയാണ് പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയിരുന്നതെന്നും നാസര്‍ പറഞ്ഞു. 75 വയസ്സ് പിന്നിട്ടതിനാലാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്. തുടര്‍ന്ന് ആലപ്പുഴ ജില്ലയുടെ ചുമതലകള്‍ നല്‍കുകയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാല്‍, സംസ്ഥാന സമ്മേളനത്തിന് ശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലൊന്നും സുധാകരന്‍ പങ്കെടുത്തിട്ടില്ലെന്ന് ആര്‍. നാസര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് പ്രത്യേക ഓഫീസ് സൗകര്യം ഒരുക്കിയിരുന്നതായും, തങ്ങളുമായി സംസാരിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുവേണ്ടി സുപ്രധാനമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഈ മണ്ഡലത്തില്‍ ഉടനീളം അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കുന്ന കാര്യത്തില്‍ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഏതെങ്കിലും ഘടകം മതിയെന്ന് സുധാകരന്‍ തന്നെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒരു പുതിയ ഘടകം രൂപീകരിച്ച് അദ്ദേഹത്തെ അതില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, അതിന്റെ സൂക്ഷ്മപരിശോധനാ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ആര്‍. നാസര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News