സഖാക്കളേ മറക്കരുത്…; ആരാണ് യഥാർത്ഥ ന്യൂനപക്ഷ വിരുദ്ധരെന്ന് കേരളം മനസ്സിലാക്കിയതാണ്; ബിജെപിയുടെ വർധിക്കുന്ന ജനപിന്തുണയിൽ ചിലർക്ക് വിറളിപൂണ്ടിരിക്കുകയാണ്; പത്താമുട്ടത്ത് പള്ളി ആക്രമണ സംഭവം ഓര്‍മ്മിപ്പിച്ച് ബിജെപി നേതാവ് എന്‍ ഹരി

Update: 2024-12-26 16:18 GMT

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ബിജെപിക്ക് നേരെ വിരൽചൂണ്ടുന്ന നേതാക്കള്‍ പ്രത്യേകിച്ച് സിപിഎം ആറുവര്‍ഷം മുമ്പ് കോട്ടയം പത്താമുട്ടത്ത് ക്രിസ്മസ് ദിനങ്ങളില്‍ പള്ളി ആക്രമിച്ച് വിശ്വാസികളെ തടങ്കലിലാക്കിയ സംഭവം മറന്നുപോകരുതെന്ന് ബിജെപി നേതാവ് എൻ. ഹരി ഓർമിപ്പിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തുറന്നടിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ..

ക്രിസ്മസ് ദിനങ്ങളിൽ ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് വിശ്വാസികളെതടവിലാക്കിയ സമാനമായ സംഭവം കേരളത്തിൽ കേട്ടുകേൾവി ഇല്ല. ആരാണ് യഥാർത്ഥ ന്യൂനപക്ഷ വിരുദ്ധർ എന്ന് പത്താമുട്ടം സംഭവത്തിലൂടെ കേരളം മനസ്സിലാക്കിയതാണ്. ന്യൂനപക്ഷ സമൂഹത്തെ ചേർത്തുനിർത്തി ഒരുമയോടെ മുന്നേറുന്ന ബിജെപിയുടെ വർധിക്കുന്ന ജന പിന്തുണയിൽ വിറളിപൂണ്ടാണ് ഇരു മുന്നണികളും ഒരു വിഭാഗം മാധ്യമങ്ങളും ഇപ്പോൾ കടന്നാക്രമിക്കുന്നത്.

സ്കൂളിലെ പുൽക്കൂട് നീക്കാൻ ശ്രമം നടന്നു എന്നറിഞ്ഞ ഉടൻ സംഭവത്തിൽ പ്രതിഷേധിക്കുകയും മാർച്ച് നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാനുമുള്ള ആർജ്ജവം ആണ് ബിജെപി കാട്ടിയത്. പാത്താമുട്ടത്ത് പവിത്രമായ അൾത്താര പോലും തകർത്തിട്ടും മൗനം പാലിച്ചവരാണ് ഇന്നുറഞ്ഞുതുള്ളുന്നത്.

പള്ളി ആക്രമിച്ച് വിശ്വാസികളെ തടഞ്ഞുവച്ച് ഭക്ഷണത്തില്‍ മണ്ണുവാരിയിട്ട ഡിവൈഎഫ്‌ഐ ക്രൂരത കേരളം മറന്നിട്ടില്ല. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്.ഇന്ന് ഉറഞ്ഞുതുള്ളി മതനിരപേക്ഷതയുടെ മേലങ്കി അണിയുന്ന സിപിഎം നേതാക്കള്‍ ആദ്യം ക്രൈസ്തവ സമൂഹത്തോട് മാപ്പുചോദിക്കണം. അന്ന് എത്രപേരെ അറസ്റ്റു ചെയ്തു. ഭരണത്തിന്റെ തണലില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പരസ്യമായി തന്നെ സ്വീകരിച്ചത്. ഒരാഴ്‌ച്ചയോളം ഭീതിദമായ അന്തരീഷത്തില്‍ പരീക്ഷയെഴുതാനാവാതെ പുറം ലോകം കാണാതെ കഴിയുകയായിരുന്നു വിദ്യാര്‍ഥികള്‍ അടങ്ങുന്ന വിശ്വാസികള്‍.അന്നു സിപിഎം എടുത്ത സമീപനം പൊതുസമൂഹം ഇതുവരെ മറന്നിട്ടില്ല.

കേരള ചരിത്രത്തിൽ ഒരിക്കലും സമാനമായ കൊടും ക്രൂരത അരങ്ങേറിയിട്ടില്ല.ഇന്ന് ഏകപക്ഷീയമായി കടന്നാക്രമിക്കുന്ന കോട്ടയം മുൻ എംപി കൂടിയായ രമേശ് ചെന്നിത്തലയുടെ നാവ് അന്ന് പണയം വെച്ചിരിക്കുകയായിരുന്നുവോ.ഇൻഡി സഖ്യത്തിലെ സഹകക്ഷിയായതിനാൽ സൗകര്യപൂർവം കണ്ണടയ്‌ക്കുകയായിരുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങൾ എത്ര ചെറുതാണെങ്കിലും ആവർത്തിക്കരുത് എന്ന കർശന നിലപാടാണ് ബിജെപി ക്കും കേന്ദ്ര സർക്കാരിനും ഉള്ളത്.പാലക്കാട് സംഭവം ഉണ്ടായ ഉടൻതന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ബഹു കേന്ദ്ര മന്ത്രി ജോർജ് കുര്യനും അതിനെ അപലപിച്ചിരുന്നു. ഗൂഢാലോചന പുറത്തു കൊണ്ടുവരുന്ന അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

സ്കൂളിൽ ഗണപതിഹോമം നടത്തിയപ്പോൾ നിലവിളക്കുകൾ തൊഴിച്ചു കളഞ്ഞ് പൂജാരി ആക്രമിച്ച് ആക്രോശിച്ചപ്പോൾ ഒരു പ്രതിഷേധ സ്വരവും ഉയർത്താതെ മാറി നിന്നവരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

ഡിവൈഎഫ്ഐ നടത്തിയ ആ നടപടിയെ ന്യായീകരിച്ചവർ ഇന്ന് വാചാലരാവുമ്പോൾ സഹതാപം തോന്നുന്നു. ഗണപതി ഹോമം തടയണമെന്നുണ്ടെങ്കിൽ നിരവധി മാർഗങ്ങൾ ഭരണകക്ഷിക്ക് നിയമപരമായ നിരവധി മാർഗ്ഗങ്ങൾ മുന്നിലുണ്ടായിരുന്നു. അതൊന്നും സ്വീകരിക്കാതെയാണ് യുവജന സംഘടന ഹൈന്ദവ വിശ്വാസത്തെ അപമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നും അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

Tags:    

Similar News