ഫയല്‍ നീങ്ങിയത് 'ആമ' വേഗത്തിലോ? വിഷയം പ്രതിപക്ഷത്തിനും അറിയാമായിരുന്നെന്ന എക്‌സൈസ് മന്ത്രിയുടെ കള്ളക്കളി സതീശന്‍ പൊളിക്കുന്നു; 'ബ്രൂവറി മോഡല്‍' അഴിമതിയെന്ന് ആരോപണം; ബാര്‍ ഉടമകളുമായുള്ള രഹസ്യ ഇടപാടില്‍ ദുരൂഹത; തിരഞ്ഞെടുപ്പിന് മുന്‍പുള്ള 'ബാര്‍ ഡീലില്‍' കോളിളക്കം
തിരഞ്ഞെടുപ്പിന് മുന്‍പുള്ള 'ബാര്‍ ഡീലില്‍' കോളിളക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ നടപടിയെച്ചൊല്ലി ഭരണ-പ്രതിപക്ഷ വാക്‌പോര് മുറുകുന്നു. ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള കേവലം 'സമയ ഏകീകരണം' മാത്രമാണിതെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അവകാശപ്പെടുമ്പോള്‍, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വലിയ അഴിമതിയും ദുരൂഹതയുമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.
ബാര്‍ സമയം കൂട്ടാനുള്ള ഫയല്‍ തിടുക്കത്തില്‍ ഒപ്പിട്ടു എന്ന ആരോപണം മന്ത്രി എം.ബി. രാജേഷ് തള്ളിക്കളഞ്ഞു. ഫയല്‍ വളരെ സാവധാനമാണ് നീങ്ങിയതെന്നും ഒക്ടോബറില്‍ തന്നെ നടപ്പിലാക്കാമായിരുന്ന തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് നിലവിലുണ്ടായിരുന്ന സമയം (രാവിലെ 10 മുതല്‍ രാത്രി 12 വരെ) സംസ്ഥാനത്തെ എല്ലാ ബാറുകള്‍ക്കും ബാധകമാക്കുകയാണ് ചെയ്തത്. ഈ വിഷയം പ്രതിപക്ഷത്തിനും അറിയാമായിരുന്നുവെന്നും ഫയല്‍ നീക്കം സുതാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മന്ത്രിയുടെ വാദങ്ങളെ പരിഹാസത്തോടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരിട്ടത്. എല്‍.ഡി.എഫ് കണ്‍വീനറോ മന്ത്രിസഭയോ പോലും അറിയാത്ത കാര്യം പ്രതിപക്ഷം എങ്ങനെ അറിയുമെന്നായിരുന്നു സതീശന്റെ ചോദ്യം. ബാര്‍ സമയം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരോ മന്ത്രിയോ പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും, തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മന്ത്രിസഭയില്‍ പോലും വെക്കാതെ എടുത്ത തീരുമാനത്തിന് പിന്നില്‍ വലിയ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബാറുടമകളുടെ ഭാഗത്ത് നിന്നും നേരത്തെ തന്നെ ഇത്തരം ശ്രമം നടക്കുന്നതായി അറിയാമായിരുന്നുവെന്നും ഒരു വര്‍ഷം മുന്‍പ് പിന്തുണ ആവശ്യപ്പെട്ട് അവര്‍ തന്നെ സമീപിച്ചിരുന്നുവെന്നും സതീശന്‍ വെളിപ്പെടുത്തി. നൈറ്റ് ലൈഫുള്ള ടൂറിസം കേന്ദ്രങ്ങളില്‍ സമയം നീട്ടുന്നത് മനസ്സിലാക്കാം, എന്നാല്‍ എല്ലായിടത്തും ഒരേപോലെ സമയം വര്‍ദ്ധിപ്പിച്ചത് ബാര്‍ ലോബിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ആവര്‍ത്തിക്കുന്നു. ടൂറിസം സ്ഥലങ്ങളുടെ എണ്ണം കൃത്രിമമായി കൂട്ടിയാണ് ഈ ഇളവ് നല്‍കിയതെന്നും ഇതില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സതീശന്‍ കുറ്റപ്പെടുത്തി.
പണ്ട് ബ്രൂവറി അനുവദിച്ചപ്പോഴും ഇതേ 'റോക്കറ്റ് വേഗ'മായിരുന്നുവെന്നും ഒടുവില്‍ കോടതിക്ക് ഇടപെടേണ്ടി വന്നുവെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു. പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപെടാനുള്ള പിടിവള്ളിയാണ് മന്ത്രിയുടെ പ്രസ്താവനയെന്നും, കൂടുതല്‍ കാര്യങ്ങള്‍ പറയിപ്പിക്കേണ്ടെന്ന ഭീഷണി കയ്യില്‍ വെച്ചാല്‍ മതിയെന്നും അദ്ദേഹം തുറന്നടിച്ചു.
