തൃപ്പൂണിത്തുറയില്‍ ഇനി ബാബു യുഗമില്ല; മത്സരത്തിനില്ലെന്ന് കെ. ബാബു; പകരക്കാരനായി ആരെത്തും?
കൊച്ചി: തൃപ്പൂണിത്തുറയുടെ രാഷ്ട്രീയ ചരിത്രത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന കെ. ബാബു എം.എല്‍.എ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കൊപ്പം കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബാബു തന്റെ തീരുമാനം വ്യക്തമാക്കിയത്. താന്‍ പിന്മാറുന്നത് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും മികച്ച സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നേതൃത്വം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
'1991-ല്‍ എ.കെ. ആന്റണി എന്നെ വിളിക്കുമ്പോള്‍ സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്നു തൃപ്പൂണിത്തുറ. ഒന്നൊന്നു പോയി നോക്ക് എന്ന് പറഞ്ഞാണ് അന്ന് അയച്ചത്. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ എന്നെ കൈവിട്ടില്ല,' പഴയകാലം ഓര്‍ത്തെടുത്ത് ബാബു പറഞ്ഞു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു, എ ഗ്രൂപ്പിന്റെ ജില്ലയിലെ കരുത്തനായ നേതാവാണ്. രമേഷ് പിഷാരടിയുടെ പേര് മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പിഷാരടി കോണ്‍ഗ്രസ് അനുഭാവിയാണെന്നും സ്ഥാനാര്‍ത്ഥി കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കെ. ബാബുവിന്റെ പിന്മാറ്റം തൃപ്പൂണിത്തുറയിലെയും എറണാകുളം ജില്ലയിലെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ഇടതുകോട്ടയായിരുന്ന തൃപ്പൂണിത്തുറയെ വലത്തോട്ട് തിരിച്ചത് ബാബുവിന്റെ വ്യക്തിപരമായ സ്വാധീനമായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016-ല്‍ എം. സ്വരാജിനോട് തോറ്റെങ്കിലും 2021-ല്‍ ശക്തമായ പോരാട്ടത്തിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. ബാബുവില്ലാത്ത തൃപ്പൂണിത്തുറയില്‍ ഈ വോട്ട് ബാങ്ക് നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയാണ്.
എ ഗ്രൂപ്പിന്റെ ജില്ലയിലെ മുഖമായിരുന്ന ബാബു പിന്മാറുമ്പോള്‍, ആ സീറ്റിനായി ഗ്രൂപ്പിനുള്ളിലും പുറത്തും വന്‍ വടംവലി നടക്കാന്‍ സാധ്യതയുണ്ട്. കെ. ബാബുവിന്റെ തണലില്‍ വളര്‍ന്ന പ്രാദേശിക നേതാക്കളും സീറ്റ് ആഗ്രഹിക്കുന്നുണ്ട്. അതിനിടെ രമേഷ് പിഷാരടിയെപ്പോലെയുള്ള ഒരു സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്ന് യുവവോട്ടര്‍മാരെ ആകര്‍ഷിക്കാനും ബാബുവിന്റെ അഭാവം നികത്താനും യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്.
