സിപിഎമ്മിന്റെ സുസജ്ജമായ സംഘടനാ സംവിധാനത്തോട് മുട്ടി നില്‍ക്കുന്ന കരുത്തുറ്റ യുവനിര; ഈഗോ വെടിഞ്ഞ് ഒരുമിച്ചു നില്‍ക്കുന്ന ഷാഫിയും ലിജുവും വിഷ്ണുനാഥും; ഒറ്റക്കെട്ടായി രാഹുലും അബിനും; തന്ത്രങ്ങളുമായി ക്യാപ്ടന്‍സിയില്‍ വി ഡി സതീശനും; കോണ്‍ഗ്രസിലെ തലമുറമാറ്റം ശരിയായ ദിശയില്‍; നിയമസഭാ തെരഞ്ഞടുപ്പിലേക്കും യുഡിഎഫ് ഒരുങ്ങുന്നത് യുവക്കരുത്തില്‍
യുഡിഎഫ് ഒരുങ്ങുന്നത് യുവക്കരുത്തില്‍
തിരുവനന്തപുരം: ഒരു കാലത്ത് കോണ്‍ഗ്രസിന് കരുത്തായി നിന്നിരുന്നത് തലമുതിര്‍ന്ന നേതാക്കളായിരുന്നു. അന്ന് തന്ത്രങ്ങളുമായി തലമുതിര്‍ന്ന നേതാക്കള്‍ നിന്നപ്പോള്‍ കോണ്‍ഗ്രസ് വിജയങ്ങളിലെത്തി. പില്‍ക്കാലത്ത് ഗ്രൂപ്പിസം തകര്‍ത്തതായിരുന്നു ഈ ഐക്യത്തെ. ഇതോടെ കോണ്‍ഗ്രസ് ശക്തിചോര്‍ത്ത് നിയമസഭാ തിരഞ്ഞെടുകളിലെ തോല്‍വിയിലേക്കായി. ഇടക്കാലം കൊണ്ട് കോണ്‍ഗ്രസ് വിജയം ശീലിക്കുയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി.
തൃക്കാക്കരയ്ക്കും പുതുപ്പള്ളിക്കും പിന്നാലെ പാലക്കാട്ടെയും വയനാട്ടിലെയും മിന്നും വിജയം യുഡിഎഫിലും കോണ്‍ഗ്രസിലും പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ തലമുറം മാറ്റം ഗുണം ചെയ്യുന്നുണ്ട് എന്നതാണ് തെളിവ്. ഈ യുവനിരയുടെ ഈഗോയില്ലാത്ത ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പാലക്കാട്ടെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ എത്തിച്ചത്. ചേലക്കരയില്‍ തോറ്റെങ്കിലും അവിടെയും കോണ്‍ഗ്രസിന്റെ സംഘാടനാ മികവ് മെച്ചപ്പെട്ടു നിന്നു. ചിട്ടയായ പ്രവര്‍ത്തനമാണ് ഇവിടെയും നടന്നത്.
യുവാക്കള്‍ക്കൊപ്പം വി ഡി സതീശന്‍ തന്ത്രങ്ങളുമായി നിന്നതാണ് പാലക്കാട്ടെ വിജയത്തില്‍ അടക്കം നേട്ടമായി മാറിയത്. പ്രചാരണവേളയില്‍ എല്‍ഡിഎഫ് ഉന്നമിട്ടത് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെക്കാള്‍ വി.ഡി സതീശനെയായിരുന്നു. കോണ്‍ഗ്രസ് വിടാന്‍ ആദ്യം സരിന്‍ ഉന്നമിട്ടതും സതീശന്‍-ഷാഫി ടീമിനെതിരെയായിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ ഷാനിബ് പാര്‍ട്ടി വിട്ടപ്പോഴും സതീശനും ഷാഫിക്കുമെതിരെ അമ്പുകള്‍ തൊടുത്തിട്ടായിരുന്നു. എന്നാല്‍, ഈ പ്രചരണത്തൈയെല്ലാം പ്രതിരോധിക്കാന്‍ സതീശന് സാധിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയെ എയും ഐയും ചേര്‍ന്ന് അവരോധിക്കാന്‍ ശ്രമിച്ചപ്പോഴും അത് പൊളിച്ച് സതീശനിലേക്കെത്തിച്ചത് രണ്ടാം നിരയുടെ ഗ്രൂപ്പുമതില്‍ പൊളിച്ചുള്ള നീക്കങ്ങളായിരുന്നു. ഈ ടീമാണ് ഇപ്പോഴും സതീശന് ബലമായി നില്‍ക്കുന്നത്. തൃക്കാക്കരയില്‍ ഹൈബിയും സജീന്ദ്രനും റോജിയും കുഴല്‍നാടനും അടങ്ങുന്ന ടീം. പുതുപ്പള്ളിയില്‍ വിഷ്ണുനാഥും രാഹുലും ഷാഫിയും. പാലക്കാട് കൈവെള്ളയില്‍ അറിയാവുന്ന ഷാഫിയും വി.കെ. ശ്രീകണ്ഠനും അബിന്‍ വര്‍ക്കിയും. കോണ്‍ഗ്രസില്‍ രണ്ടാം നിര നേതാക്കള്‍ കടിഞ്ഞാണ്‍ ഏറ്റെടുത്തിരിക്കുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമ്പാണ് എം.ലിജുവിനെ കെ.സുധാകരന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തിയത്. അതോടെ 2000-ത്തിന് ശേഷം വന്ന യൂത്ത് കോണ്‍ഗ്രസ് നിരയിലേക്ക് പാര്‍ട്ടിയുടെ നേതൃത്വം എത്തിച്ചേരുകയാണ്. സി.പി.എം. എന്ന സുശക്തമായ സംഘടനാ സംവിധാനത്തോട് ഏറ്റുമുട്ടി നില്‍ക്കാന്‍ ശക്തമായ യുവനിര പിന്നിലുണ്ടാകുന്നത് യു.ഡി.എഫിനുണ്ടാക്കുന്ന പ്രതീക്ഷയും ആത്മവിശ്വാസവും ചെറുതല്ല.
സതീശന്‍ പതുക്കെ പതുക്കെ കോണ്‍ഗ്രസില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വളരുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും കെ. സുധാകരനും സംഘടനയെ ചലിപ്പിക്കുന്നു. സി.പി.എമ്മിലേക്ക് പോകാന്‍ നിന്ന സന്ദീപ് വാര്യരെ അടര്‍ത്തിയെടുത്ത ചാണക്യബുദ്ധിയില്‍ സതീശനും സുധാകരനും ബെന്നി ബെഹനനാനും അടങ്ങുന്ന ത്രിമൂര്‍ത്തികളുടെ മിന്നല്‍നീക്കവും അതിന് തിരഞ്ഞെടുത്ത മുഹൂര്‍ത്തവും കാണുമ്പോള്‍ ഉമ്മന്‍ ചാണ്ടി യുഗത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു എന്ന സൂചന കൂടിയാണ്.
മുന്നണി രാഷ്ട്രീയത്തില്‍ അടിയൊഴുക്കുകളും ഇനി എഴുതിത്തള്ളാനാവില്ല. സരിന്‍ പാര്‍ട്ടി മാറിയതുപോലെയാവണമെന്നില്ല; കക്ഷികള്‍ തന്നെ ചേരിമാറിയേക്കാം. സി.പി.എമ്മിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ കൈമുതല്‍ നാക്കുപിഴ വരാതെ സോഷ്യല്‍ മീഡിയ കാലത്ത് കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കാനുള്ള സംഘത്തിന്റെ റോളാണ്. നിയമസഭയില്‍ ഷാഫിയുടെ ഒഴിവിലേക്ക് രാഹുല്‍ വരുമ്പോള്‍ പ്രതിപക്ഷ നിരയുടെ മൂര്‍ച്ച കൂടും.
പാലക്കാട്ടെ വിജയം ഷാഫിയുടെ നേതൃശേഷിയെയും അരക്കിട്ടുറപ്പിക്കുന്നതാണ്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഷാഫി കളം നിറഞ്ഞു നിന്നിരുന്നു. തന്റെ വിശ്വസ്തനെ സ്ഥാനാര്‍ഥിയാക്കണമെന്ന ഷാഫിയുടെ ആവശ്യത്തിനു മുന്നില്‍ നേതൃത്വം വഴങ്ങിയതോടെയാണ് രാഹുലിനു പാലക്കാട്ടേക്ക് നറുക്കു വീണത്. പത്തനംതിട്ട ജില്ലക്കാരനായ രാഹുലിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തിയ എതിര്‍പ്പ് ചെറുതായിരുന്നില്ല. ഡിസിസി നായകനായി നിര്‍ദേശിച്ച കെ. മുരളീധരനെയും വെട്ടിയാണ് രാഹുലിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്.
സ്ഥാനാര്‍ഥി കുപ്പായം തുന്നിയ പലരും പാര്‍ട്ടിയുമായി ഇടഞ്ഞു. ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന സരിന്‍ തന്നെ നേതൃത്വത്തെ ഞെട്ടിച്ച് എതിര്‍പാളയത്തിലെത്തി സ്ഥാനാര്‍ഥിയായി. വോട്ടെടുപ്പിനു തൊട്ടുമുന്നെ വരെയും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടര്‍ന്നു. ഷാഫിയുടെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നു എന്നായിരുന്നു എല്ലാവരുടെയും കമന്റ്. വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ നേടിയ ആധികാരിക ജയം ഷാഫിയെ ജില്ലയിലെ മാത്രമല്ല, സംസ്ഥാന കോണ്‍ഗ്രസിലെ തന്നെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായാണ് ഉയര്‍ത്തുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം നാഥനില്ലാത്ത എ ഗ്രൂപ്പ് ഇനി ഷാഫിയിലേക്ക് കേന്ദ്രീകരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. വിഷ്ണുനാഥാണ് എ ഗ്രൂപ്പു രാഷ്ട്രീയത്തില്‍ ഇപ്പോഴത്തെ പ്രമുഖന്‍. ഒപ്പം ഷാഫിയും കൂടി ചേരുമ്പോള്‍ അതൊരു ടീമായി വളര്‍ന്നാല്‍ അത്ഭുതമില്ല. ട്രോളി ബാഗ് വിവാദം അടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യാവസാനം ഷാഫിക്കെതിരെ ആരോപണങ്ങള്‍ നെയ്യാനാണ് എതിര്‍പക്ഷം ശ്രദ്ധിച്ചിരുന്നത്. അതൊന്നും കൂസാതെ രാഹുലിനൊപ്പം ഓടി നടന്ന ഷാഫി വോട്ടെണ്ണലിനു കോണ്‍ഗ്രസിന്റെ ചീഫ് കൗണ്ടിങ് ഏജന്റുമായി.
ഷാഫിയുടെ ഒഴിവിലേക്ക് രാഹുല്‍ നിയമസഭയിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയുടെ കരുത്തു വര്‍ധിക്കും. പലപ്പോഴും സഭയില്‍ പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ടായിരുന്നു ഷാഫി. ഇനി ആ റോള്‍ രാഹുലായിരിക്കും വഹിക്കുക. സര്‍ക്കാരിനെതിരായ സമരത്തിനു പലതവണ ജയിലില്‍ അടയ്ക്കപ്പെട്ട രാഹുലിന്റെ മധുര പ്രതികാരമാണ് എംഎല്‍എ പദവി. വീട് വളഞ്ഞ് ഉറങ്ങികിടന്ന രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ട് അധിക കാലമായിരുന്നില്ല. മറ്റൊരു കേസില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തലേ ദിവസമാണ് രാഹുല്‍ ജയില്‍ മോചിതനായത്. സത്യപ്രതിജ്ഞക്കായി സഭയിലേക്ക് എത്തി രാഹുല്‍ മുഖ്യമന്ത്രിക്ക് കൈകൊടുക്കുന്നത് കോണ്‍ഗ്രസ് അണികളെ ആവേശം കൊള്ളിക്കുന്ന കൗതുക കാഴ്ചയാകും.
എംഎല്‍എമാരുടെ എണ്ണത്തില്‍ കുറവെങ്കിലും പി.സി. വിഷ്ണുനാഥും റോജി എം.ജോണും മാത്യു കുഴല്‍നാടനും സി.ആര്‍. മഹേഷുമൊക്കെയുള്ള പാര്‍ട്ടിയുടെ യുവനിര കൂടുതല്‍ ആവേശമാകും. ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായിരുന്നു എം.ലിജുവിനെ കെ.സുധാകരന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. കെപിസിസി പുനഃസംഘടനയും വൈകാതെ നടക്കുന്നതോടെ ലിജുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരു യുവനിര തന്നെ പാര്‍ട്ടിയിലുണ്ടാകും. ഇതോടെ നിയമസഭയ്ക്ക് അകത്തും പുറത്തും രണ്ടായിരത്തിനു ശേഷം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ആയവരുടെ നേതൃത്വത്തിലേക്ക് കോണ്‍ഗ്രസ് പതിയെ എത്തിച്ചേരുകയാണ്.
ചേലക്കര നഷ്ടപ്പെട്ടെങ്കിലും തദ്ദേശനിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് പാലക്കാട്ടെ വിജയം. ഒത്തൊരുമിച്ചാല്‍ മലയും പോരും എന്നാണ് വിജയം നല്‍കുന്ന സന്ദേശം. സതീശനും സുധാകരനും ഇരുവരുടെയും കസേര ഉറപ്പിക്കാം. ഒരാള്‍ക്ക് ഒരു പദവി വ്യവസ്ഥയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിയുമോ എന്നെല്ലാമാണ് കണ്ടറിയേണ്ടത്.