ജോസ് ബേബിയും എംഎല്‍എ മുഹ്‌സിനും തോന്നിയ പോലെ പ്രവര്‍ത്തിച്ചു; പിണറായിയ്ക്ക് ആവേശമുണ്ടാക്കാന്‍ കഴിഞ്ഞില്ല; ട്രോളി ബാഗ് വിവാദത്തിലേയും സന്ദീപ് വാര്യരെ കളിയാക്കിയ പത്ര പരസ്യത്തിലേയും അതിബുദ്ധി തോല്‍വിയ്ക്ക് കാരണമായി; പാലാക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ ഇടതില്‍ ഐക്യവും ഉണ്ടായിരുന്നില്ല; സിപിഐ കാരണം പറയുമ്പോള്‍
പാലക്കാട്: പാലക്കാട്ടെ തോല്‍വിക്ക് പിന്നിലെ കാരണം സിപിഐ കണ്ടെത്തി! ഇടതുപക്ഷത്തെ ഐക്യമില്ലായ്മയ്‌ക്കൊപ്പം സിപിഐയിലെ ചില നേതാക്കളുടെ പ്രവര്‍ത്തന കുറവും തോല്‍വിയില്‍ പ്രതിഫലിക്കുന്നുവെന്നാണ് നിരീക്ഷണം. സി.പി.എം. നേതാക്കളുടെ പരസ്പരവിരുദ്ധ നിലപാടുകളും അഭിപ്രായ അനൈക്യവും പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ബാധിച്ചതായി സി.പി.ഐ വിലയിരുത്തുന്നു. ശനിയാഴ്ചനടന്ന ജില്ലാ കൗണ്‍സില്‍യോഗത്തില്‍ സെക്രട്ടറി കെ.പി. സുരേഷ്രാജ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് കുറ്റപ്പെടുത്തലുള്ളത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനംമുതലുള്ള ആശയക്കുഴപ്പങ്ങള്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. തിരഞ്ഞെടുപ്പുസമയത്തെങ്കിലും നേതാക്കളുടെ വാക്കുകള്‍ നിയന്ത്രിക്കണമെന്നുള്‍പ്പെടെയുള്ള അഭിപ്രായങ്ങളുമുയര്‍ന്നു. സിപിഎം നേതാവ് കൃഷ്ണദാസിനെതിരെയാണ് ഈ നിലപാടുകള്‍. സി.പി.െഎ. പാലക്കാട് മണ്ഡലംകമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ് കമ്മറ്റിയുടെയും അവലോകനങ്ങള്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇത് വെള്ളിയാഴ്ചനടന്ന ജില്ലാ നിര്‍വാഹകസമിതി ചര്‍ച്ചചെയ്തശേഷമാണ് ജില്ലാകൗണ്‍സിലില്‍ അവതരിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ടില്‍ മുതിര്‍ന്ന നേതാവും ജില്ലാ നിര്‍വാഹകസമിതി അംഗവുമായ ജോസ് ബേബിക്കും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ.യ്ക്കുമെതിരേ പരാമര്‍ശം.
ചുമതലയേല്‍പ്പിച്ച മേഖലയില്‍ ഇരുവരും വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങള്‍ ഏകോപിപ്പിച്ചില്ലെന്നാണ് ആരോപണം. ഇരുവര്‍ക്കുമെതിരേ നടപടിവേണമെന്നും കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇരുവരും യോഗത്തിനെത്തിയിരുന്നില്ല. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ.ക്കെതിരേ തിരുവേഗപ്പുറയില്‍നിന്ന് ലോക്കല്‍ സെക്രട്ടറി നല്‍കിയ പരാതിയും ചര്‍ച്ചയായി. ഇത് സംസ്ഥാനകമ്മിറ്റിക്ക് കൈമാറും. എം.എല്‍.എ. കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യുന്നില്ലെന്നും പാര്‍ട്ടിയില്‍ ഇല്ലാത്തവരുമായാണ് ചേര്‍ന്നു പോകുന്നതെന്നും മണ്ഡലംസെക്രട്ടറി ഒ.കെ. സെയ്തലവി ആരോപിച്ചു. ഈ രീതിയിലാണെങ്കില്‍ മണ്ഡലം സെക്രട്ടറ ിസ്ഥാനം ഒഴിയുകയാണെന്നും സെയ്തലവി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ഇതിന് പുറമേയാണ് സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ള കുറ്റപ്പെടുത്തലുകള്‍.
എല്‍.ഡി.എഫില്‍ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ പരാജയമുണ്ടായെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മുകള്‍ത്തട്ടിലെ യോജിപ്പ് താഴെത്തട്ടിലെത്തിക്കാനായില്ല. ഇതിന് മണ്ഡലത്തിലെ സി.പി.എമ്മിന്റെ സംഘടനാ ദൗര്‍ബല്യവും കാരണമായി. ട്രോളി ബാഗും പാതിരാറെയ്ഡും നിശ്ശബ്ദപ്രചാരണദിവസം ചില പത്രങ്ങളില്‍വന്ന പരസ്യവും തിരിച്ചടിയായി. അതായസ് സിപിഎമ്മിന്റെ അതിബുദ്ധികള്‍ എല്ലാം പൊളിഞ്ഞുവെന്നാണ് സിപിഐ പറയുന്നത്.
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരേ മുഖ്യമന്ത്രിനടത്തിയ പരാമര്‍ശവും എല്‍.ഡി.എഫിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത്. മുഖ്യമന്ത്രി രണ്ടുദിവസം പാലക്കാട്ടെ യോഗങ്ങളില്‍ പങ്കെടുത്തെങ്കിലും കാര്യമായ ആവേശം ഉണ്ടാക്കാനായില്ല. ട്രോളി ബാഗ് വിവാദം യു.ഡി.എഫിന് ഒരുമിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുത്തു. ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഭാഗമെന്ന രീതിയില്‍വന്ന പ്രചാരണവും ദോഷം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുശേഷം എല്‍.ഡി.എഫ്.യോഗം ഒരുതവണ മാത്രമാണ് ചേര്‍ന്നത്. പല കാര്യങ്ങളും ഘടകകക്ഷികള്‍ അറിഞ്ഞത് നടന്നുകഴിഞ്ഞ് മാത്രമായിരുന്നു. വിവാദങ്ങള്‍ക്കിടയില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ ജനങ്ങളിലേക്കെത്തിക്കാനായില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ജില്ലാകൗണ്‍സിലും എക്സിക്യുട്ടീവും അംഗീകരിച്ച റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കും.