പി പി ദിവ്യ ഇനി പാര്‍ട്ടി അംഗം മാത്രം; എല്ലാ പദവികളില്‍ നിന്നും നീക്കാനുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത് അതിവേഗത്തില്‍; ദിവ്യയുടേത് ഗുരുതര വീഴ്ച എന്നുവിലയിരുത്തല്‍; തരംതാഴ്ത്തലിന് മുതിര്‍ന്നത് പാര്‍ട്ടി ഏരിയ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ
പി പി ദിവ്യ ഇനി പാര്‍ട്ടി അംഗം മാത്രം
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഒന്നാം പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം സ്വീകരിച്ച നടപടിക്ക് അതിവേഗം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. ദിവ്യയുടേത് ഗുരുതര വീഴ്ച എന്് വിലയിരുത്തിയാണ് നടപടി. ദിവ്യ ഇനി പാര്‍ട്ടി അംഗം മാത്രമാകും. നടപടി എടുക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് അനുമതി നല്‍കി. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.
ദിവ്യക്കെതിരെ നടപടിക്ക് മുതിര്‍ന്നത് പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ന്ന അതിരൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്നാണ്. എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഇതോടെ ദിവ്യയെ തരംതാഴ്ത്തി. സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ നിന്നും ദിവ്യയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ദിവ്യ ഇനി ബ്രാഞ്ച് അംഗം മാത്രമായി മാറും. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നവംബര്‍ എട്ടിന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെയാണ് നടപടി. ഒരാഴ്ച മുന്‍പ് ചേര്‍ന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നടപടി ഉണ്ടാകില്ലെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ നവംബര്‍ ഒന്നിന് നടന്ന പയ്യന്നൂര്‍ ഏരിയാ സമ്മേളനത്തിലും അതിനു ശേഷം നടന്ന തളിപറമ്പ് ഏരിയാ സമ്മേളനത്തിലും ദിവ്യയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഈ കാര്യത്തില്‍ നേതൃത്വം പുനര്‍വിചിന്തനം നടത്തിയത്.
നിലവില്‍ പള്ളിക്കുന്നിലെ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പി.പി ദിവ്യ. എ.ഡി എം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ കലക്ടറുടെ മൊഴി നിര്‍ണായകമാവുമെന്ന് സൂചന. തെറ്റുപറ്റി, അവരുടെ കൈയ്യില്‍ ചില തെളിവുകളുണ്ടെന്നാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ ബാബു കലക്ടറോട് പറഞ്ഞതെന്നാണ് മൊഴിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ ഈ കാര്യം പരിശോധിച്ചിരുന്നു. കലക്ടറുടെ മൊഴി വീണ്ടുമെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജി്ല്ലാ ഗവണ്‍മെന്റ് പ്‌ളീഡര്‍ കെ. അജിത്ത് കുമാര്‍, കണ്ണൂര്‍ എ.സി.പി ടി കെ രത്‌നകുമാര്‍, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഓഫീസര്‍ ശ്രീജിത്ത് കൊടെരി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കേസില്‍ എല്ലാ വശവും പരിശോധിച്ചു മുന്‍പോട്ടു പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടുമെടുക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ നാലു മുതല്‍ 15 വരെയുള്ള നവീന്‍ ബാബുവിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഒക്ടോബര്‍ നാലിന് നവീന്‍ബാബുവിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ആറിന് നവീന്‍ ബാബു വിവാദ പെട്രോള്‍ പമ്പ് ഉടമ ടി.വി പ്രശാന്തിനെ ഫോണില്‍ വിളിക്കുകയും പള്ളിക്കുന്നില്‍ നിന്നും ഇവര്‍ കാണുകയും ചെയ്തു. ഒന്‍പതിന് പ്രശാന്തിന് അനുകൂലമായി എ.ഡി.എം ഫയലില്‍ ഒപ്പിടുന്നു.
ഇരുവരും ബന്ധപ്പെട്ടതിന്റെ ഫോണ്‍ കോള്‍ രേഖകളും ഇരുവരും കണ്ടതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിച്ച പി.പി ദിവ്യ രണ്ടു ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ പുറത്ത് വിടുമെന്ന് പറഞ്ഞിരുന്നു. ഇവര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങളാണ് ഇതെന്നാണ് സൂചന.
നാലിന് സ്ഥലം മാറ്റ ഉത്തരവിറങ്ങി. എ.ഡി.എം ആറിന് പ്രശാന്തന് കണ്ടത് എന്തിനാണെന്ന ചോദ്യമാണ് പ്രതിഭാഗം ഉയര്‍ത്തുന്നത്. സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥന്‍ തിടുക്കപ്പെട്ട് ഒന്‍പതിന് വിവാദ പെട്രോള്‍ പമ്പിന് നിരാക്ഷേപപത്രം നല്‍കിയത് എന്തിന് ? വിവാദ പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്ന ചെങ്ങളായി വടുവന്‍ചാലിലേ സ്ഥലം എ.ഡി.എം സന്ദര്‍ശിച്ചിരുന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലിസ്. എന്തായാലും വരും ദിനങ്ങളില്‍ അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ കേസില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് സൂചന.
ഇതിനിടെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ തേടാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഔദ്യോഗിക തലത്തില്‍ അന്വേഷണം നടത്തിയ എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. എഡിഎമ്മിന്റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലന്‍സ് ഓഫീസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പി പി ദിവ്യയെ പ്രതിയാക്കിയ ആത്മഹത്യ പ്രേരണ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണുള്ളത്. ഇതുവരെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തിട്ടില്ല. കണ്ണൂര്‍ കലക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.
ഇതിനിടെയാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ പൊലീസ് തേടുന്നത്. കലക്ടര്‍ ഉള്‍പ്പെടെ സംഭവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്ത ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത, എഡിഎമ്മിന് വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. ഫോണ്‍ വിളി രേഖകളുള്‍പ്പെടെ തെളിവ് നിരത്തിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ മൊഴിയെടുക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 14ന് യാത്രയയപ്പ് യോഗത്തിന് മുമ്പ് തന്നെ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. വിജിലന്‍സ് ഓഫീസിലേക്ക് പ്രശാന്ത് പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും വാദിച്ചു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.40ന് വിജിലന്‍സ് ഓഫീസ് ഭാഗത്ത് നിന്ന് പ്രശാന്ത് പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.