പറവൂരില്‍ സീറ്റ് വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു; കെപിസിസിക്കും എഐസിസിക്കും നിവേദനം നല്‍കി; സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്ന് മുന്നറിയിപ്പും; 53 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവിന്റെ നീക്കം കോണ്‍ഗ്രസ് തലവേദനയാകും

പറവൂരില്‍ സീറ്റ് വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു

Update: 2026-03-07 15:01 GMT

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച പറവൂര്‍ സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു രംഗത്ത്. കെപിസിസിക്കും എഐസിസിക്കും നിവേദനം നല്‍കിയ രാജു സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്നും മുന്നറിയിപ്പും നല്‍കി.

53 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ പറവൂരിലെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് രാജുവിന്റെ ആവശ്യം. കെപിസിസിക്കും എഐസിസിക്കും നല്‍കിയ നിവേദനത്തില്‍ പറവൂരിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളും പിന്തുണച്ച് ഒപ്പ് വെച്ചിട്ടുണ്ട്.

8 വര്‍ഷം പറവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാജുവിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധവും പറവൂരിലെ പാര്‍ട്ടി വിഭാഗീയതയുമാണ് വിമത നീക്കത്തിന് പിന്നിലെന്നാണ് സൂചന. നാല് തവണ പറവൂര്‍ നഗരസഭാ കൗണ്‍സിലറായിരുന്ന രാജു ഇരുപത് വര്‍ഷം സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. പറവൂരില്‍ ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്നവരും രാജുവിന് പിന്തുണതുമായുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജു പുറത്തേക്കുള്ള വഴിതേടുകയാണ് എന്നാണ് സൂചന. അതേസമയം വി ഡി സതീശനെതിരെ മത്സരം കടുപ്പിക്കാന്‍ സിപിഐയില്‍ നിന്നും കരുത്തനായ സ്ഥാനാര്‍ഥി വരണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇടതു മുന്നണിയില്‍ ആശയക്കുഴപ്പം പ്രകടമാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ 5 ടേമായി തുടരുന്ന പടയോട്ടം തടയാന്‍ പലവഴി നോക്കിയിട്ടും പറ്റാതെ, ശക്തമായൊരു പ്രതിരോധമെങ്കിലും നല്‍കാന്‍ ഇക്കുറി കഴിയുമോ എന്ന അന്വേഷണത്തിലാണ് എല്‍ഡിഎഫ്. സിപിഎം ശക്തികേന്ദ്രമെന്നൊക്കെ പണ്ടു പറഞ്ഞിരുന്നെങ്കിലും ഇതുവരെ പറവൂര്‍ നിയമസഭാ സീറ്റില്‍ സിപിഎം മത്സരിച്ചിട്ടില്ല. സിപിഐ സ്ഥിരമായി തോല്‍ക്കുന്ന പറവൂരില്‍ ശക്തമായ വിഭാഗീയത പാര്‍ട്ടിയെ പിന്നെയും തളര്‍ത്തി.

ആരു മത്സരിച്ചാലും പാര്‍ട്ടി വോട്ടില്‍ ചോര്‍ച്ച ഉറപ്പ്. അതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു സിപിഐ. മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ പേര് ഉള്‍പ്പെടെ പറഞ്ഞു കേള്‍ക്കുന്നെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു തീരെ സാധ്യതയില്ലെന്നു സിപിഐ കേന്ദ്രങ്ങള്‍ തന്നെ പറയുന്നു.

1996ല്‍ പറവൂരില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ പി.രാജുവിനോടു പരാജയപ്പെട്ട വി.ഡി.സതീശന്‍ പിന്നീട് പറവൂര്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചത്. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചു. 2001ല്‍ പി.രാജുവിനെ 7,434 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി തുടങ്ങിയ വിജയ പരമ്പര തുടരുകയാണ്. 2006ല്‍ കെ.എം.ദിനകരനായിരുന്നു സിപിഐ സ്ഥാനാര്‍ഥി. 7,792 വോട്ടുകള്‍ക്കു സതീശന്‍ ജയിച്ചുകയറി. 2011ല്‍ സിപിഐ പന്ന്യന്‍ രവീന്ദ്രനെ രംഗത്തിറക്കിയെങ്കിലും 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സതീശന്‍ തന്നെ ജയിച്ചു. 2016ല്‍ മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകള്‍ ജില്ലാ പഞ്ചായത്തംഗം ശാരദ മോഹനെതിരെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2021ല്‍ 21,301 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് എം.ടി.നിക്‌സനെ പരാജയപ്പെടുത്തിയത്.

Tags:    

Similar News