നാട്ടികയില്‍ പേയ്‌മെന്റ് സീറ്റ്; മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ല; പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ല; ഗീതഗോപിയ്ക്ക് സീറ്റ് നല്‍കുന്നത് സാമ്പത്തിക സ്വാധീനം മൂലം; പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സരിക്കുമെന്നും സിസി മുകുന്ദന്‍ എംഎല്‍എ; തൃശ്ശൂരില്‍ സിപിഐയില്‍ പ്രതിസന്ധി; മുകുന്ദന് സീറ്റ് നിഷേധിച്ചത് വിഭാഗീയത മൂലം
നാട്ടികയില്‍ പേയ്‌മെന്റ് സീറ്റ്; മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ല
തൃശൂര്‍: സീറ്റ് നിര്‍ണായ ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ സിപിഐയില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂര്‍ നാട്ടിക മണ്ഡലത്തില്‍ സിപിഐയില്‍ പേയ്‌മെന്റ് സീറ്റ് വിവാദം ഉയര്‍ന്നിരിക്കയാണ്. ഗീത ഗോപിക്കും പാര്‍ട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സിറ്റിംഗ് എംഎല്‍എയായ സിസി മുകുന്ദന്‍ രംഗത്തുവന്നു. തനിക്ക് സീറ്റ് നിഷേധിക്കുന്നതിനെതിരെയാണ് മുകുന്ദന്‍ രംഗത്തുവന്നിരിക്കുന്നത്.
ഗീത ഗോപിയ്ക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്നും സിസി മുകുന്ദന്‍ എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിലെ എംഎല്‍എ സിസി മുകുന്ദനെ മാറ്റി മുന്‍ എംഎല്‍എ ആയിരുന്ന ഗീതാഗോപിയെ മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനം.
പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ല. ഗീതഗോപിയ്ക്ക് സീറ്റ് നല്‍കുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സരിക്കുമെന്നും സിസി മുകുന്ദന്‍ എംഎല്‍എ നിലപാട് വ്യക്തമാക്കി. പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്. സിപിഐയില്‍ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണ്. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിര്‍ദ്ദേശിക്കാത്തതിന് പിന്നില്‍ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎല്‍എമാര്‍ക്കും നല്‍കിയെന്നും തന്നെ മാത്രം പാര്‍ട്ടി ഒഴിവാക്കിയെന്നും എംഎല്‍എ പറഞ്ഞു.
മുകുന്ദന്റെ ആരോപണത്തോട് പാര്‍ട്ടി പ്രതികരിക്കുമെന്നാണ് ഗീതാ ഗോപി പറഞ്ഞത്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങള്‍ ചര്‍ച്ച ചെയ്താണ് സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണയിലെത്തിയത്. സിപിഐയുടെ നാല് മന്ത്രിമാരും മത്സര രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നത് ഉള്‍പ്പെടെ പരിഗണിച്ചാണ് സിപിഐ മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രം എന്ന വിശേഷിപ്പിക്കാവുന്ന ജില്ലയില്‍ സിറ്റിങ് എംഎല്‍എ തന്നെ കലാപക്കൊടി ഉയര്‍ത്തുന്നത്.
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിപിഐയുടെ സിറ്റിങ് സീറ്റായ പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്‍ തന്നെ സ്ഥാനാര്‍ഥിയാകും. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ ടി ടി ജിസ്മോനാകും മത്സരിക്കുക. ഒല്ലൂരില്‍ മന്ത്രി കെ രാജന്‍ വീണ്ടും മത്സരിക്കും. കൊടുങ്ങല്ലൂരില്‍ സിറ്റിങ് എംഎല്‍എ വി ആര്‍. സുനില്‍കുമാറിന് ഇളവ് നല്‍കും. കൈപ്പമംഗലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ വത്സരാജ് മത്സരിക്കും.
ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ ടി.ടി. ജിസ്മോനാകും മത്സരിക്കുക. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കയ്പമംഗലം എംഎല്‍എ ഇ.ടി. ടൈസനാണ് മത്സരിക്കുക. പുനലൂരില്‍ അജയപ്രസാദും ചാത്തന്നൂരില്‍ ആര്‍. രാജേന്ദ്രനും പോരാട്ടത്തിനിറങ്ങും. മൂവാറ്റുപുഴയില്‍ എന്‍.അരുണാകും സ്ഥാനാര്‍ഥി. സിപിഐയുടെ നാല് മന്ത്രിമാരും മത്സര രംഗത്തുണ്ടാകും.
സി സി മുകുന്ദന്‍ എംഎല്‍എയുമായി സിപിഐ നേതൃത്വം കുറച്ചുകാലമായി പ്രശ്‌നത്തിലാണ്. നേരത്തെ സിപിഐ ജില്ലാ കൗണ്‍സിലില്‍ നിന്നും മുകുന്ദനെ ഒഴിവാക്കിയിരുന്നു. നേരത്തെ മുന്‍ പേഴ്സണല്‍ സ്റ്റാഫുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും മുകുന്ദനുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുകുന്ദന്‍ വിമത സ്ഥാനാര്‍ഥിയായി രംഗത്തുവന്നാല്‍ അത് എല്‍ഡിഎഫ് വിജയസാധ്യതകളെ സാരമായി ബാധിക്കും.
പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിലാണു മുകുന്ദന്‍ എന്നറിയുന്നു. മുകുന്ദന്റെ പ്രതിഷേധവും മണ്ഡലത്തിലെ ജയസാധ്യതയും കണക്കിലെടുത്ത് കോണ്‍ഗ്രസ് നേതൃത്വം സമീപിച്ചുവെന്നും സൂചനയുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് ഫോണില്‍ ബന്ധപ്പെടുകയും അതുപ്രകാരം ജില്ലയിലെ നേതൃനിരയിലെ ചിലര്‍ നേരിട്ടെത്തി കാണുകയും ചെയ്തതായാണ് വിവരം. ഇത്തവണ സ്ഥാനാര്‍ഥിത്വം ഇല്ലെന്ന വിവരവും പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പും കിട്ടിയശേഷം തീരുമാനം അറിയിക്കാമെന്നാണ് മറുപടി നല്‍കിയത്.
കളങ്കരഹിതമായ ജീവിതം നയിക്കുന്ന മുകുന്ദന് മണ്ഡലത്തില്‍ നല്ല ജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. എം.എല്‍.എ. എന്ന നിലയില്‍ പാര്‍ട്ടി നിയോഗിച്ച സെക്രട്ടറി താന്‍ അറിയാതെ ലെറ്റര്‍ പാഡുകളും ഒപ്പും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയോടെയാണു മുകുന്ദന്‍ സിപിഐ ജില്ലാനേതൃത്വത്തിന് അനഭിമതനായിത്തീര്‍ന്നത്. സെക്രട്ടറിയെ മാറ്റുന്നതുവരെ മുകുന്ദന്‍ പാര്‍ട്ടിനേതൃത്വവുമായി അകന്നുനിന്നു. നേതൃത്വത്തോടുള്ള അതൃപ്തി പൊതുവിടങ്ങളിലും പരസ്യമായി പ്രകടിപ്പിക്കുകയും പറയുകയും ചെയ്തു.
അതോടെ, ജില്ലയിലെ ഒരു വിഭാഗം മുകുന്ദന് എതിരായി. ആ വിഭാഗമാണു മുകുന്ദന് രണ്ടാംതവണ സീറ്റ് നല്‍കുന്നതിന് എതിരുനിന്നത്. ജപ്തിയായ, ചോര്‍ന്നൊലിക്കുന്ന വീട്ടിലെ താമസവും ബാല്യകാലദുഃഖങ്ങള്‍ പങ്കുവെച്ചുള്ള ജീവിതകഥ പുസ്തകമായി പുറത്തിറങ്ങിയതും ജനങ്ങള്‍ക്കിടയില്‍ മുകുന്ദന്റെ മതിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വികസന സപ്ലിമെന്റ് ഈയിടെ പുറത്തിറക്കിയിരുന്നു. സ്വതന്ത്രനായി മത്സരിച്ചാലും വിജയസാധ്യതയുള്ളതാണെന്നു മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസ് തങ്ങളുടെ പക്ഷത്തേക്ക് വരാന്‍ സമീപിക്കുന്നത്.
