മുഖ്യമന്ത്രി നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജിക്കുന്നു; പത്തു വര്‍ഷത്തെ ഇടതുഭരണത്തിലൂടെ കേരളം നശിച്ചുനശിച്ച് നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് വീഴുകയാണെന്ന് കെ സുധാകരന്‍; കേരളം ഭരിച്ചു മുടിച്ചു; സര്‍ക്കാരിന്റെ പടിയിറക്കം കാത്തുനില്‍ക്കുകയാണ് കേരളത്തിലെ ജനതയെന്ന് കെ സി വേണുഗോപാല്‍; ആഞ്ഞടിച്ചു നേതാക്കള്‍
മുഖ്യമന്ത്രി നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജിക്കുന്നു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ തിരുവനന്തപുരത്തെ സമാപനവേദിയില്‍ ഇടതുഭരണത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍.
പത്തുവര്‍ഷത്തെ ഇടതുഭരണത്തിലൂടെ കേരളം നശിച്ചുനശിച്ച് നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് വീഴുകയാണെന്ന് കെ. സുധാകരന്‍ എം.പി. പറഞ്ഞു. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി തന്റെ നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജിക്കുന്നു. കഴിവും പ്രാപ്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി. അദ്ദേഹത്തിന് രാഷ്ട്രീയ കാഴ്ചപ്പാടില്ലെന്നും സുധാകരന്‍ ആരോപിച്ചു.
പത്തുവര്‍ഷത്തെ കേരളത്തിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നാട് മുടിച്ച ഭരണമാണ് കേരളത്തിലേത്. എത്ര പരസ്യംനല്‍കിയാലും മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങള്‍ക്ക് നിങ്ങളുടെ മുഖം നന്നാക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തുകൊല്ലം കേരളജനതയെ ഭരിച്ചുമുടിച്ച സര്‍ക്കാരിന്റെ പടിയിറക്കം കാത്തുനില്‍ക്കുകയാണ് കേരളത്തിലെ ജനതയൊന്നാകെയെന്ന് കെസി വേണുഗോപാല്‍ എം.പി. വിമര്‍ശിച്ചു.
കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് സതീശന്‍ പുതുയുഗയാത്രയ്ക്ക് തുടക്കം കുറിക്കുക മാത്രമായിരുന്നെന്നും യാത്ര നടത്തിയത് കേരളത്തിലെ മുഴുവനും ജനങ്ങളാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇതിനിടയ്ക്ക് വേറെ ചില യാത്രകളൊക്കെ കടന്നുപോയിട്ടുണ്ട്. ആ യാത്രകളൊക്കെ കണ്ടാല്‍ത്തന്നെ തോന്നും, ആ യാത്രകള്‍ക്കൊന്നും സ്വീകരണമല്ല ലഭിച്ചത് യാത്ര അയപ്പാണ് ലഭിച്ചതെന്ന്, അദ്ദേഹം പറഞ്ഞു.