'മാധ്യമപ്രവര്‍ത്തകര്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടികളെ പോലെ; നീല ട്രോളി ബാഗ് വിവാദം അനാവശ്യം': എന്‍ എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശങ്ങള്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; എം വി ഗോവിന്ദന്‍ പറഞ്ഞിട്ടും തിരുത്തിയില്ല; ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

എന്‍ എന്‍ കൃഷ്ണദാസിന് എതിരെ രൂക്ഷ വിമര്‍ശനം

Update: 2024-12-21 09:46 GMT

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ, മാധ്യമങ്ങളോട് തട്ടിക്കയറുകയും, നീല ട്രോളി ബാഗ് വിവാദം അനാവശ്യമെന്ന് തുറന്നടിക്കുകയും ചെയ്ത സംസ്ഥാന സമിതി അംഗം എന്‍ കൃഷ്ണദാസിന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. പരാമര്‍ശങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.

വാര്‍ത്തയ്ക്ക് പ്രതികരണം ചോദിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇറച്ചി കടക്ക് മുന്‍പില്‍ നില്‍ക്കുന്ന പട്ടികളെപ്പോലെയാണെന്നായിരുന്നു എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞത് വിവാദമായിരുന്നു. അതിനുപിന്നാലെ വലിയ പ്രതിഷേധം കൃഷ്ണദാസിന് നേരെ ഉയര്‍ന്നിരുന്നു. ഇതേ വിഷയത്തിലാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം ഉണ്ടായത്.

സിപിഎം ഉയര്‍ത്തിക്കൊണ്ടുവന്ന പെട്ടി വിവാദം അനാവശ്യമാണെന്ന് പറഞ്ഞതും പാര്‍ട്ടി ചൂണ്ടിക്കാട്ടി. പെട്ടി വിവാദത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം. ഇതും ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വിലയിരുത്തി. രണ്ടുദിവസം കഴിഞ്ഞാല്‍ പാലക്കാട് ഏരിയ സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കൃഷ്ണദാസിനെതിരെയുള്ള പാര്‍ട്ടി വിമര്‍ശനം.

ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെന്ന പരാമര്‍ശം മുഴുവന്‍ മാധ്യമങ്ങളെയും പാര്‍ട്ടിക്കെതിരാക്കിയെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പെട്ടി വിവാദത്തില്‍ കൃഷ്ണദാസ് നടത്തിയ പരാമര്‍ശത്തിനെതിരെയും വിമര്‍ശനമുണ്ടായി. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന നിലപാട് സിപിഎം നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടും കൃഷ്ണദാസ് തിരുത്താന്‍ തയാറായില്ലെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുണ്ടായി.

ഉപതിരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ എന്‍.എന്‍. കൃഷ്ണദാസിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമര്‍ശനം. സരിനെ സ്ഥാനാര്‍ഥിയാക്കിയത് കൃത്യമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്നും പ്രചാരണത്തില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും യോഗം വിലയിരുത്തി.

Tags:    

Similar News