'സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കയില്‍ പരിശീലനം നേടിയവര്‍ എത്തുന്നു; അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു പോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പ്രത്യേക പരിശീലനം; നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമം'; അമേരിക്കന്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി ഇ പി ജയരാജന്‍

സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കയില്‍ പരിശീലനം നേടിയവര്‍ എത്തുന്നു

Update: 2024-12-01 00:55 GMT

കണ്ണൂര്‍: കുറച്ചുകാലമായി വിവാദങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന നേതാവാണ് സിപിഎമ്മിലെ ഇ പി ജയരാജന്‍. തെരഞ്ഞെടുപ്പു ദിവസങ്ങളിലെ വിവാദങ്ങള്‍ കൊണ്ടാണ അദ്ദേഹം ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇത്തരത്തില്‍ വിവാദങ്ങളില്‍ നിറയുമ്പോഴെല്ലാം ഒരു ഗൂഢാലോചനാ സിദ്ധാന്തം ഇറക്കുക ഇപിയുടെ പതിവാണ്. ഇപ്പോഴിതാ സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കയില്‍ പരിശീലനം തേടിയവര്‍ എത്തുന്നു എന്നാണ് ജയരാജന്റെ പുതിയ വാദം.

സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു പോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പ്രത്യേക പരിശീലനം നല്‍കി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നതായാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ പറയുന്നത്. രാജ്യത്തിന്റെ പല മേഖലകളിലായി അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികള്‍ മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണമാണു നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്നു. ഇതു തിരിച്ചറിയാന്‍ നമ്മുടെ സഖാക്കള്‍ക്കു കഴിയാതെപോകുന്നു. ഇതേ രീതിയിലുള്ള ആക്രമണം നടത്തിയാണ് ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും തകര്‍ത്തത്.

മാധ്യമങ്ങളെ പണംകൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങളാകാം. പക്ഷേ, തെറ്റുകള്‍ ചൂണ്ടിക്കാണിക്കല്‍ എന്ന പേരില്‍ വാര്‍ത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സഖാക്കള്‍ തമ്മില്‍ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാലേ, ഈ പ്രതിസന്ധി കടക്കാനാകൂ കണ്ണപുരത്ത് സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജയരാജന്‍ പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ., മുസ്ലിം ലീഗ് എന്നിവര്‍ ഒന്നിച്ചതിന്റെയും ആര്‍.എസ്.എസ്. വോട്ട് വിലയ്ക്കുവാങ്ങിയതിന്റെയും ഫലമാണ് യു.ഡി.എഫിന്റെ വിജയമെന്നും ഇ പി മറ്റൊരു വേദിയില്‍ പറഞ്ഞു. ബി.ജെ.പി. ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം രൂപവത്കരിക്കാന്‍ ശ്രമിക്കുന്നതുപോലെ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ.യും ഇന്ത്യയില്‍ ഇസ്ലാമിക് രാഷ്ട്രം സ്ഥാപിക്കണമെന്ന് ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവരാണ്. ഇവരോടൊപ്പം ചേര്‍ന്ന കോണ്‍ഗ്രസിന് മതേതരത്വം പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് മടക്കി ഡി.ജി.പി. റിപ്പോര്‍ട്ട് അവ്യക്തമാണെന്നും വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോട്ടയം എസ്.പിക്ക് നിര്‍ദേശം നല്‍കി. ആത്മകഥ ചോര്‍ന്നതിലും ഇ.പി. ജയരാജന്റെയും രവി.ഡി.സിയുടേയും മൊഴിയിലും റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ട്.

ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഈ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചപ്പോഴാണ് അന്വേഷണത്തില്‍ വ്യക്തതയില്ലെന്ന് കണ്ടെത്തിയത്. പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നായിരുന്നു അറിയേണ്ടിയിരുന്നത്. അതറിഞ്ഞാല്‍ മാത്രമേ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയൂ.

പുസ്തകത്തിന്റെ പി.ഡി.എഫ് ചോര്‍ന്നത് ഡി.സി.ബുക്‌സില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എങ്ങനെ ചോര്‍ന്നു എന്നതിലും ആര് ചോര്‍ത്തി എന്നതിലും വ്യക്തതയില്ല. ഇതിനാലാണ് സംഭവം വീണ്ടും അന്വേഷിക്കാന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇ.പി.ജയരാജന്‍, രവി.ഡി.സി, പുസ്തകം തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്‍ എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും പുസ്തകം എങ്ങനെ ചോര്‍ന്നുവെന്ന് വ്യക്തതയില്ല.

കൂടാതെ ആരെയെങ്കിലും കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശം ഇവരാരുടേയും മൊഴിയിലുമില്ല. അതിനാല്‍ ഈ മൊഴികള്‍വെച്ച് അവ്യക്തമായ വിലയിരുത്തല്‍ മാത്രമാണ് എസ്.പി ഡി.ജി.പിക്ക് നല്‍കിയത്. ഏതെങ്കിലും തരത്തിലുള്ള പുനരന്വേഷണത്തിലേക്കോ തുടര്‍നടപടികളിലേക്കോ ഉള്ള ശുപാര്‍ശകളും റിപ്പോര്‍ട്ടിലില്ല. അതുകൊണ്ടാണ് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന വിലയിരുത്തല്‍ പോലീസ് തലപ്പത്തുണ്ടായിരിക്കുന്നത്.

Tags:    

Similar News