മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്; ഏറെ കാലമായി ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നു; കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ശ്രീലേഖ; അല്‍പസമയത്തിനകം അംഗത്വം സ്വീകരിക്കും

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്

Update: 2024-10-09 10:05 GMT

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേരുന്നു. നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ അംഗത്വം നല്‍കും. ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അവരുമായി ചര്‍ച്ച നടത്തിയിരുന്നു.

കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ഏറെ കാലമായി ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നുവെന്ന് ആര്‍ ശ്രീലേഖ പ്രതികരിച്ചു. കേന്ദ്ര - സംസ്ഥാന നേതാക്കള്‍ സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു അംഗത്വം എടുക്കല്‍ മാത്രമാണെന്നും കൂടുതല്‍ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.

എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് വിവാദമായ പശ്ചാത്തലത്തില്‍ മുന്‍ ഡിജിപിയുടെ ബിജെപി പ്രവേശനവും സജീവ ചര്‍ച്ചയാകും.

അതിനിടെ, മഹാബലിയെ വ്യത്യസ്തമായ രീതിയില്‍ വ്യാഖ്യാനിക്കുന്ന നോവലുമായി ആര്‍. ശ്രീലേഖ രംഗത്തെത്തുകയാണ്. ഏഴുവര്‍ഷം കൊണ്ടാണ് നോവല്‍ പൂര്‍ത്തിയാക്കിയതെന്നും, വിവാദങ്ങളെ ഭയപ്പെടുന്നില്ലെന്നും ആര്‍. ശ്രീലേഖ പ്രതികരിച്ചു.

'എന്റെ കഥകള്‍ എല്ലാം ഞാന്‍ യൂട്യൂബില്‍ പറയുന്നുണ്ട്, ഇത് മഹാബലിയെ വ്യത്യസ്തമായ രീതിയില്‍ വ്യാഖ്യാനിക്കുന്ന നോവലാണ്, ഏഴുവര്‍ഷം കൊണ്ടാണ് നോവല്‍ പൂര്‍ത്തിയാക്കിയത്' ഓണത്തെപ്പറ്റിയും മഹാബലിയെപ്പറ്റിയുമുള്ള എന്റെ സംശയങ്ങളാണ് ഈ നോവലില്‍ കലാശിച്ചത്. മഹാബലിയുടെ യഥാര്‍ത്ഥ കഥ എന്താണെന്നാണ് ഞാന്‍ പറയുന്നത്. ഇത് വിവാദമാവുകയാണെങ്കില്‍ ആവട്ടെ, കുഴപ്പമില്ല. ആര് കല്ലെറിഞ്ഞാലും എനിക്ക് കൊള്ളില്ല' ആര്‍ ശ്രീലേഖ പറഞ്ഞു.


Tags:    

Similar News