വഖഫ് ഭേദഗതി ബില്ലില്‍ ഫ്രാന്‍സിസ് ജോര്‍ജിനെതിരെ മുസ്ലിംലീഗ്; കേരളാ കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ഹാരിസ് ബീരാന്‍; മുനമ്പം വിഷയവുമായി വഖഫ് ഭേദഗതിക്ക് യാതൊരു ബന്ധവുമില്ല; രണ്ടും വ്യത്യസ്ത വിഷയങ്ങളെന്ന് മുസ്ലിംലീഗ് എംപി
വഖഫ് ഭേദഗതി ബില്ലില്‍ ഫ്രാന്‍സിസ് ജോര്‍ജിനെതിരെ മുസ്ലിംലീഗ്
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണക്കുമെന്ന യു.ഡി.എഫ് എം.പിയും കേരള കോണ്‍ഗ്രസ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ മുസ്ലിംലീഗ് രംഗത്ത്. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പ്രതികരണം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്ന് മുസ് ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു.. കാര്യങ്ങള്‍ മനസിലാക്കാതെയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണമെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു.
ഏത് വിധത്തിലാണ് വഖഫ് ഭേദഗതി ഉപകാരപ്രദമാണെന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ തോന്നല്‍ മനസിലാകുന്നില്ല. മുനമ്പം വിഷയവുമായി വഖഫ് ഭേദഗതിക്ക് യാതൊരു ബന്ധവുമില്ല. മുനമ്പം ഭൂമി പ്രശ്‌നവും വഖഫ് ഭേദഗതിയും രണ്ടാണെന്നും ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വഖഫ് നിയമ ഭേദഗതി തിരക്കിട്ട് പാസാക്കാനാണ് നീക്കമെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു. ജെ.പി.സിയുടെ നടപടിയോട് സഹകരിക്കില്ല. രാഷ്ട്രീയ ഗൂഢലക്ഷ്യം വച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി കൊണ്ടുവന്നത്. ധ്രുവീകരണമുണ്ടാക്കാനും അത് തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാനുമുള്ള ടൂള്‍ ആണിതെന്നും ഹാരിസ് ബീരാന്‍ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുമ്പോള്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കിയത്. നീതിക്കും ന്യായത്തിനുംവേണ്ടി ആരോടും സഹകരിക്കാന്‍ താനും തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തയാറാണെന്നും 'ഇന്‍ഡ്യ' സഖ്യത്തിന്റെ ഭാഗമായ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. മുനമ്പം ഭൂസമരത്തിന്റെ 101-ാമത് ദിനത്തില്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കവെയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണം.
നിലവിലുള്ള വഖഫ് നിയമത്തിലെ നിര്‍ദയമായ വകുപ്പുകളോട് മനഃസാക്ഷിയുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ബില്‍ അവതരണത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. അതേസമയം വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നിലപാടിനെ പിന്തുണച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റേത് ഉറച്ച നിലപാടാണെങ്കില്‍ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മുനമ്പം ഭൂസമരത്തിന്റെ 100-ാം ദിനത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്റ്റ്‌സി(അസംബ്ളി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ്) ന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാപകല്‍ സമരത്തിന്റെ സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്. മുനമ്പം വിഷയം പരിഹരിക്കാതെ പോകുന്നതിലെ അമര്‍ഷമാണ് കേന്ദ്രബില്ലിന് അനുകൂല നിലപാടിലേക്ക്് ക്രൈസ്തവ സംഘടനകള്‍ പോകാനും കാരണം. ഈ വിഷയത്തില്‍ കേന്ദ്രനിലപാടിന് അനുകൂലമാണ് കേരളാ കോണ്‍്ഗ്രസും.
അതേസമയം, വഖഫ് നിയമം ഭേദഗതി ചെയ്തു ഭരണഘടനയും ഇന്ത്യന്‍ മതേതരത്വവും സംരക്ഷിക്കണമെന്നു ഭൂസംരക്ഷണ സമിതി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരളത്തില്‍നിന്നുള്ള എല്ലാ എം.പിമാര്‍ക്കും ഭൂസംരക്ഷണ സമിതി കത്തയയ്ക്കും. നിലവിലുള്ള വഖഫ് നിയമത്തിലെ 3, 36, 40, 52, 83, 84, 107, 108 എന്നീ സെക്ഷനുകളില്‍ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും നിരക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ വരുത്തണം എന്നതായിരിക്കും കത്തിലെ ഉള്ളടക്കം.
മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്നതിനുള്ള തെളിവുകള്‍ അനവധിയാണെന്നു കത്തിലുണ്ടാകും. മുഖ്യതെളിവ് സിദ്ദിഖ് സേട്ടു 1950ല്‍ എഴുതിയ ആധാരംതന്നെയാണ്. വഖഫ് എന്ന് എഴുതിയതുകൊണ്ടുമാത്രം ഒരു ആധാരം വഖഫ് ആധാരമാകില്ല എന്ന് കേരള ഹൈക്കോടതിയില്‍ മറ്റൊരു കേസ് പരിഗണിക്കവേ പരാമര്‍ശിച്ചിട്ടുണ്ട്. വഖഫ് എന്ന ആശയത്തിനുതന്നെ നിരക്കാത്ത രണ്ടു വ്യവസ്ഥകള്‍ ആ രേഖയിലുള്ളതു വഖഫ് ബോര്‍ഡ് കണ്ടില്ലെന്നു നടിച്ചു.
വസ്തു വില്‍പനയെ അനുകൂലിക്കുന്ന വാചകവും ചില പ്രത്യേക സാഹചര്യമുണ്ടായാല്‍ വസ്തു തന്റെ കുടുംബത്തിലേക്കു തിരികെയെത്തണമെന്ന വ്യവസ്ഥയും ആ രേഖ വഖഫല്ല എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. പറവൂര്‍ സബ് കോടതി 1971 സെപ്റ്റംബര്‍ 12 നു പുറപ്പെടുവിച്ച വിധിയില്‍ വസ്തുക്കളെ വഖഫായി പ്രഖ്യാപിച്ചു എന്ന തെറ്റായ വാദമുന്നയിച്ചാണ് വഖഫ് ബോര്‍ഡ് വസ്തുക്കള്‍ ഏറ്റെടുത്തുകൊണ്ടുള്ള 2019 ലെ ഉത്തരവ് പുറപ്പെടുവിച്ചത്. വെറും ഒരു ഇഞ്ചങ്ഷന്‍ സ്യൂട്ട് മാത്രമായ ആ കേസിനെ വഖഫ് ഭൂമി വിധിയായി വ്യാഖ്യാനിക്കുകയാണെന്നും സമരസമിതി പറഞ്ഞു.