ഗാന്ധി സ്വതന്ത്രമാക്കിയ ഇന്ത്യയെ സംഘപരിവാര്‍ അടിമത്തത്തിലേക്ക് കൊണ്ടുപോയി കൊടുത്തത് ഗാന്ധിത്തൊപ്പി വച്ച ഈ കള്ളക്കിളവന്റെ നേതൃത്വത്തിലാണ്; ഇപ്പോള്‍ ഇയാളുടെ കാതില്‍ ചാണകം നിറഞ്ഞിട്ടുണ്ടാകാം: അണ്ണാ ഹസാരെയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രൂക്ഷ വിമര്‍ശനം
അണ്ണാ ഹസാരെയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രൂക്ഷ വിമര്‍ശനം
കോഴിക്കോട്: പ്രമുഖ സാമൂഹികപ്രവര്‍ത്തകനും ഗാന്ധിയന്‍ നേതാവുമായ അണ്ണാ ഹസാരെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. ജിന്റോ ജോണ്‍ രംഗത്ത്. ഗാന്ധി സ്വതന്ത്രമാക്കിയ ഇന്ത്യയെ സംഘ്പരിവാര്‍ അടിമത്തത്തിലേക്ക് തള്ളിവിട്ടതില്‍ അണ്ണാ ഹസാരെയ്ക്ക് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിന്റോ ജോണ്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.
'ആട്ടിന്‍തോലിട്ട അണ്ണാ ഹസാരെയെ പോലുള്ള സംഘ്പരിവാര്‍ ചെന്നായ്ക്കളാണ് ഇന്ത്യയെ മോദിയുടെ കൊള്ളസംഘത്തിന്റെ കയ്യിലേല്‍പ്പിച്ചത്,' ജിന്റോ ജോണ്‍ കുറിച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയിലെ രാജ്യത്തെ അനവധി ജനകീയ പ്രശ്‌നങ്ങളെ അവഗണിച്ച് ഒളിവിലിരുന്ന് പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ഇത് മുന്‍പ് ആര്‍.എസ്.എസ് ചെയ്തതിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഗാന്ധി സ്വതന്ത്രമാക്കിയ ഇന്ത്യയെ സംഘപരിവാര്‍ അടിമത്തത്തിലേക്ക് കൊണ്ടുപോയി കൊടുത്തത് ഗാന്ധിത്തൊപ്പി വച്ച ഈ കള്ളക്കിളവന്റെ നേതൃത്വത്തിലാണ്. ഖദര്‍ അണിയുന്ന, ഗാന്ധിത്തൊപ്പി ധരിക്കുന്ന എല്ലാവരും ഗാന്ധിയന്‍മാരാകില്ല. ഇതുപോലുള്ള കള്ളനാണയങ്ങളും ധാരാളം ഉണ്ടാകും. ആട്ടിന്‍തോലിട്ട അണ്ണാ ഹസാരെയെ പോലുള്ള സംഘപരിവാര്‍ ചെന്നായ്ക്കള്‍ ആണ് ഇന്ത്യയെ മോദിയുടെ കൊള്ളസംഘത്തിന്റെ കയ്യിലേല്‍പ്പിച്ചു കൊടുത്തത്.
കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങള്‍ക്കിടയിലെ എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്‌നങ്ങള്‍ കാണാതെ ഒളിവിലിരുന്ന് ഇയാള്‍ ചെയ്യുന്നതും പണ്ട് ആര്‍എസ്എസ് ചെയ്തത് തന്നെ. രാജ്യത്തെ കൊള്ളക്കാര്‍ക്ക് ഒറ്റുകൊടുക്കുക. നോട്ട് നിരോധനം, ജിഎസ്ടി, പെട്രോളിയം നികുതി ഭീകരത, വിലക്കയറ്റം, തൊഴിലില്ലായ്മ, ആള്‍ക്കൂട്ട അക്രമങ്ങള്‍, ദളിത് -ആദിവാസി -സ്ത്രീ പീഡനങ്ങള്‍, ന്യൂനപക്ഷ വേട്ടകള്‍ തുടങ്ങിയ ഒന്നും കാണാത്ത സംഘപരിവാര്‍ അന്ധതയാണ് ഇയാളെ ബാധിച്ചത്. റഫാല്‍, കല്‍ക്കരി, അംബാനി, അദാനി, ഇലക്ടറല്‍ ബോണ്ട്, പി എം കെയര്‍ ഫണ്ട്, രാമക്ഷേത്ര നിര്‍മ്മാണ അഴിമതി തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത അഴിമതി വാര്‍ത്തകള്‍ കേള്‍ക്കാത്ത ഇയാളുടെ കാതില്‍ ആര്‍എസ്എസ് ഗോശാലയിലെ ചാണകം നിറഞ്ഞിരിട്ടുണ്ടാകാം.
വോട്ട് മോഷണം, വോട്ടിംഗ് മെഷീന്‍ കൃത്രിമം, കുതിരക്കച്ചവടം തുടങ്ങി മോഷ്ടിച്ചെടുത്ത വിജയവുമായി മോദിയും ബിജെപിയും രാജ്യത്തെ കോടതികളും ഇലക്ഷന്‍ കമ്മീഷനും അടക്കമുള്ള സകല ഭരണഘടന സ്ഥാപനങ്ങളേയും സംഘപരിവാര്‍വത്ക്കരിച്ചത് ഇയാളറിഞ്ഞില്ല. എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികളും ബിജെപിയുടെ പോഷക സംഘടനയായി മാറിയതും ഇയാള്‍ കണ്ടില്ല പോലും. ഇന്ത്യന്‍ ഭരണഘടന പോലും അസ്ഥിരപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുമ്പോള്‍ ഏതോ ശാഖയിലെ ചാണക തിണ്ണയില്‍ മോദി സ്തുതികളുടെ മൗനരാഗം മീട്ടുകയാണ് ഈ സമര കാപട്യം.