ഇഡി നോട്ടീസ് പേടിപ്പിക്കാന്‍; ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടി; ഇന്ത്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കുള്ള ഇഡിയുടെ ഭീഷണി കേരളത്തില്‍ ഏതായാലും ഇല്ല; മുഖ്യമന്ത്രിക്ക് ഇടയ്ക്ക് ഇഡി ഒരു നോട്ടീസ് അയക്കും, ഇടയ്ക്ക് ഒന്ന്പേടിപ്പിക്കും, അത് അങ്ങനെ തന്നെ കെട്ടുപോകും: കെ മുരളീധരന്‍
ഇഡി നോട്ടീസ് പേടിപ്പിക്കാന്‍; ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടി
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി വിജയന് ഇടയ്ക്ക് ഇടയ്ക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കാറുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. അത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയാണെന്നും ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'ഇന്ത്യാസഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കുള്ള ഇഡിയുടെ ഭീഷണി കേരളത്തില്‍ ഏതായാലും ഇല്ല. മുഖ്യമന്ത്രിക്ക് ഇടയ്ക്ക് ഇഡി ഒരു നോട്ടീസ് അയക്കും. ഇടയ്ക്ക് ഒന്ന്പേടിപ്പിക്കും. അത് അങ്ങനെ തന്നെ കെട്ടുപോകും. ഇതൊക്കെ മറച്ചുവയ്ക്കാനാണ് പലരും മാങ്കൂട്ടത്തിലുമായി ഇറങ്ങിയിരിക്കുന്നത്'- മുരളീധരന്‍ പറഞ്ഞു.
വികസന രേഖ പ്രധാനമന്ത്രി അവതരിപ്പിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ പോലെയുള്ള മുതിര്‍ന്ന നേതാവിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തി. 'തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭൂരിപക്ഷം കിട്ടിയാല്‍ വികസനരേഖ പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഏത് പാര്‍ട്ടി ആയാലും ഒരു കോര്‍പ്പറേഷന്റെ വികസന രേഖ അവതരിപ്പിക്കേണ്ടത് മേയറാണ്. നരേന്ദ്രമോദിക്ക് ഒരുപാട് ജോലിയില്ലേ?. ഇവിടെ വികസന രേഖ പ്രഖ്യാപിക്കലാണോ അദ്ദേത്തിന്റെ ജോലി. രാജീവ് ചന്ദ്രശേഖരനെ പോലുള്ളവര്‍ ഇങ്ങനെ പറയുന്നത് കഷ്ടമാണ്. ഇത്തരം വിഡ്ഢിത്തരങ്ങള്‍ ദയവായി പറയാതിരിക്കുക.
ഇത്തവണ തിരുവനന്തപുരത്ത് അവര്‍ മുഖ്യപ്രതിപക്ഷം പോലും ആവില്ല. പിന്നെ അങ്ങനെ ഒരു പ്രശ്നം ഉദിക്കുന്നില്ല. അന്താരാഷ്ട്ര സ്റ്റേഡിയങ്ങള്‍ ഇവിടെ മുന്‍പും ഉണ്ടായിട്ടുണ്ട്. കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്ത്. അവരൊക്കെ ദീര്‍ഘ വീക്ഷണത്തോടെ കാര്യങ്ങള്‍ കണ്ടവരാണ്. ഒളിംപിക്സ് ഒക്കെ ഇവിടെ നടത്തുകയാണെങ്കില്‍ നടത്താന്‍ ഒരുബുദ്ധിമുട്ടും ഇല്ല. അതിനുതക്കവണ്ണം ശക്തിയുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടായിക്കൊള്ളും. ബിജെപി എന്തായാലും ബുദ്ധിമുട്ടേണ്ട' - മുരളീധരന്‍ പറഞ്ഞു.
രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ശരിയായ നടപടിയാണെന്നും എന്തുവിളിച്ചുപറയാമെന്ന് കരുതുന്നവര്‍ സമൂഹത്തിന്റെ ശാപമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.