ഉടുക്കാന്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞ് വലിച്ചു കീറരുത്; കേരളത്തില്‍ ഇടതുപക്ഷ പശ്ചാത്തലുള്ളവരും കോണ്‍ഗ്രസ്സ്, സോഷ്യലിസ്റ്റ് പശ്ചാത്തലങ്ങളുള്ളവരും ഹൈക്കോടതി ജഡ്ജിമാരായിട്ടുണ്ട്; കൃഷ്ണയ്യര്‍ മുതല്‍ രാഷ്ട്രീയ പശ്ചാത്തലമുള്ള ജഡ്ജിമാരുടെ പട്ടികയുമായി കെ എസ് രാധാകൃഷ്ണന്‍

ഉടുക്കാന്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞ് വലിച്ചു കീറരുത്

Update: 2025-08-07 07:38 GMT

കൊച്ചി: രാഷ്ട്രീയ പശ്ചാത്തലുള്ളവര്‍ ജഡ്ജിമാരാകുന്നത് ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷമാണെന്ന വിധത്തിലുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതെന്ന് ഡോ. കെ എസ് രാധാകൃഷ്ണന്‍. ബിജെപി മുന്‍ വക്താവായ അഭിഭാഷക ആരതി സതേയെ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചതിനെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ്; നേരത്തെ രാഷ്ട്രീയ പശ്ചാത്തലമുള്ള ജഡ്ജിമാരയവരുടെ പട്ടിക കെഎസ് രാധാകൃഷ്ണന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ജഡ്ജി സ്ഥാനത്ത് എത്തിയവരില്‍ അധികം പേരും രാഷ്ട്രീയ പശ്ചാത്തലമുള്ളവരായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ആദ്യം കോണ്‍ഗ്രസ്സാക്കുകയും അതിന് ശേഷം ഹൈക്കോടതി ജഡ്ജിയാക്കുകയും ചെയ്തത് ജവഹരിലാല്‍ നെഹ്രു ആയിരുന്നു. അക്കാലത്ത് ജഡ്ജിമാരായവരില്‍ ഭൂരിപക്ഷം പേരും കോണ്‍ഗ്രസ് പശ്ചാത്തലം ഉള്ളവരായിരുന്നു. കേരളത്തില്‍ ഇടതുപക്ഷ പശ്ചാത്തലുള്ളവരും കോണ്‍ഗ്രസ്സ്, സോഷ്യലിസ്റ്റ് പശ്ചാത്തലങ്ങളുള്ളവരും ഹൈക്കോടതി ജഡ്ജിമാരായിട്ടുണ്ട്.

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് പോറ്റി, ജസ്റ്റിസ് എംപി മേനോന്‍, ജസ്റ്റിസ് കെടി തോമസ് എന്നിവരെല്ലാം വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലുള്ളവരായിരുന്നു. സമീപകാലത്താണെങ്കില്‍ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വി കെ മോഹന്‍ അറിയപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ അറിയ പ്പെടുന്ന സിപിഐ നേതാക്കള്‍ ആയിരുന്നു. ഈ പേര് പറഞ്ഞവരാരും വിധിന്യായത്തില്‍ അവരുടെ രാഷ്ട്രീയം കാണിച്ചതായി തെളിവില്ല. മാത്രമല്ല, രാഷ്ട്രീയ പശ്ചാത്തലമുള്ള ജഡ്ജിമാരില്‍ പലരും ഉള്‍ക്കാഴ്ചയുള്ള വിധിന്യായം എഴുതി പേരെടുത്തവരുമാണ്' കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ജഡ്ജി സ്ഥാനത്ത് എത്തിയവരില്‍ അധികം പേരും രാഷ്ട്രീയ പശ്ചാത്തലമുള്ളവരായിരുന്നു. ഉടുക്കാന്‍ കിട്ടിയില്ലെന്ന് കരുതി വലിച്ച് കീറല്ലേ സര്‍. ആരതി സഥേയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജയം ശുപാര്‍ശ ചെയ്തു. അതും വിവാദമാക്കാനാണ് ഇന്‍ഡി സംഘം ശ്രമിക്കുന്നത്. ആരതി സാഥേ ബി ജെ പി വക്താവായിരുന്നു. അവര്‍ ജഡ്ജിയാകാന്‍ പാടില്ല. കാരണം അവര്‍ക്ക് ബി ജെ പി രാഷ്ട്രീയ പശ്ചാത്തലമുണ്ട്. രാഷ്ട്രീയ പശ്ചാത്തലമുളളവര്‍ ജഡ്ജിമാരായാല്‍ അത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കും. അതുകൊണ്ട് കൊളീജിയം ആ തീരുമാനം പിന്‍വലിക്കണം എന്നാണ് ഇന്‍ഡി സംഘം ആവശ്യപ്പെടുന്നത്.

രാഷ്ട്രീയ പശ്ചാത്തലുള്ളവര്‍ ജഡ്ജിമാരാകുന്നത് ബി ജെ പി അധികാരത്തിലെത്തിയതിന് ശേഷമാണെന്ന തരത്തിലുള്ള പ്രചാരണം വസ്തുതകള്‍ക്ക് തിരക്കുന്നതല്ല എന്നു കാണിക്കുന്നതിന് വേണ്ടിയാണ് ഇവരുടെ പേര് എടുത്തു പറഞ്ഞത്. ബി ജെ പി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളുടെ പശ്ചാത്തലമുള്ളവര്‍ ജഡ്ജിമാരായാല്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ ബി ജെ പി പശ്ചാത്തലമുള്ള ആര് ജഡ്ജിയാകുന്നതും കുഴപ്പമാകും എന്നു കരുതുന്നത് യുക്തിശൂന്യമായ നിലപാടാണ്. ഇന്‍ഡി സംഘത്തിന് ഇന്ത്യ ഭരിക്കാന്‍ കഴിയാത്തതു കൊണ്ട് ഇന്ത്യന്‍ സംവിധാനത്തെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരായി അവര്‍ തരംതാഴുന്നു. ഉടുക്കാന്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞ് വലിച്ചു കീറരുത്.

Tags:    

Similar News