ഡല്‍ഹിയിലേക്കില്ലെന്ന് സുധാകരന്‍; അനുനയ നീക്കം പൊളിഞ്ഞു; രാഹുല്‍ കൊടുത്ത വാക്ക് പാലിക്കണം; ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ ആരുമില്ല! കണ്ണൂരില്‍ സുധാകരന്‍ ഉടക്കിട്ടതോടെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയില്‍; ഹൃദയരക്തമെന്ന് ഫേസ്ബുക്കില്‍ വൈകാരിക കുറിപ്പ്; സതീശന്റെ തട്ടകത്തില്‍ സുധാകരനായി പോസ്റ്റര്‍ യുദ്ധം; കോണ്‍ഗ്രസിനെ വെട്ടിലാക്കി കണ്ണൂര്‍ കനല്‍
കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കെ. സുധാകരന്റെ 'കണ്ണൂര്‍ കളി' മുറുകുന്നു. തന്നെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടും പോകേണ്ടെന്ന തീരുമാനത്തിലാണ് സുധാകരന്‍. അവിടെ നടക്കുന്നത് വെറും പുകമറയാണെന്നും മത്സരിക്കാന്‍ അനുമതി കിട്ടില്ലെന്നും സുധാകരന് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ തന്റെ തട്ടകമായ കണ്ണൂരില്‍ ഇത്തവണ താന്‍ തന്നെ അങ്കത്തിനിറങ്ങുമെന്ന വാശിയില്‍ സുധാകരന്‍ ഉറച്ചുനില്‍ക്കുകയാണ്.
സുധാകരനെ വെട്ടാന്‍ നോക്കുന്നവര്‍ക്ക് എറണാകുളത്ത് അണികള്‍ മറുപടി കൊടുത്തു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫീസിന് മുന്നിലും പറവൂരിലും ഇടപ്പള്ളിയിലുമെല്ലാം സുധാകരന് വേണ്ടി പോസ്റ്ററുകള്‍ നിറഞ്ഞു. 'സേവ് കോണ്‍ഗ്രസ് ഫോറം' എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇതിനു പിന്നില്‍ സുധാകരന്റെ ഉറച്ച അണികളാണെന്ന് വ്യക്തം. രാഹുല്‍ ഗാന്ധി സുധാകരന് നല്‍കിയ വാക്ക് പാലിക്കണമെന്നാണ് അണികളുടെ മുദ്രാവാക്യം. ഗ്രൂപ്പ് വൈരത്തിനപ്പുറം സുധാകരന്‍ ഫാക്ടര്‍ ഇത്തവണ കൈവിട്ടാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ കപ്പല്‍ മുങ്ങുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്.
'കണ്ണൂര്‍ എന്റെ ഹൃദയരക്തമാണ്' എന്ന് തുടങ്ങുന്ന സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബോംബിനും കത്തിക്കും മുന്നില്‍ അണികളെ ചിറകിനടിയില്‍ സംരക്ഷിച്ച തള്ളക്കോഴിയെപ്പോലെയാണ് താനെന്ന് സുധാകരന്‍ സ്വയം വിശേഷിപ്പിച്ചത് നേതൃത്വത്തിനുള്ള കൃത്യമായ താക്കീതാണ്. തന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍ നിന്ന് തന്നെ മാറ്റാന്‍ ആര് വന്നാലും അനുവദിക്കില്ലെന്ന കടുത്ത നിലപാടിലൂടെ ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയാണ് അദ്ദേഹം.
ഇനി പന്ത് രാഹുല്‍ ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും കോര്‍ട്ടിലാണ്. സുധാകരനെ പിണക്കി കണ്ണൂര്‍ പിടിക്കാമെന്ന് വിചാരിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വലിയ അബദ്ധമാകുമെന്ന് സുധാകരന്‍ അനുകൂലികള്‍ ഉറപ്പിച്ചു പറയുന്നു. കണ്ണൂരിലെ ഈ കനല്‍ കെട്ടടങ്ങണമെങ്കില്‍ സുധാകരന്‍ തന്നെ അങ്കത്തട്ടിലിറങ്ങേണ്ടി വരും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മുഖത്തടിച്ച മറുപടിയുമായി കെ. സുധാകരന്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസിലെ പോര് തെരുവിലേക്ക്. സുധാകരന് ഫെയ്സ്ബുക്ക് എന്താണെന്നുപോലും അറിയില്ലെന്നും അദ്ദേഹം സീറ്റിന്റെ കാര്യത്തില്‍ ഹാപ്പിയാണെന്നും തട്ടിവിട്ട സതീശന്റെ വാദങ്ങളെ സുധാകരന്‍ പച്ചയ്ക്ക് പൊളിച്ചടുക്കി.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ വന്ന വൈകാരിക കുറിപ്പ് തന്റേത് തന്നെയാണെന്നും തന്നെ സതീശന്‍ വിളിച്ചിട്ടുപോലുമില്ലെന്നും സുധാകരന്‍ തുറന്നടിച്ചതോടെ സതീശന്‍ അക്ഷരാര്‍ത്ഥത്തില്‍ നാണംകെട്ടിരിക്കുകയാണ്. സുധാകരനുമായി സംസാരിച്ചു എന്നും അദ്ദേഹത്തിന് പരാതിയില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തട്ടിവിട്ട സതീശന്റെ കള്ളമാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്. 'മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അവസരം നല്‍കണം, സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ താന്‍ മത്സരരംഗത്തുണ്ടാകും' എന്ന് സുധാകരന്‍ കടുപ്പിച്ചു പറഞ്ഞതോടെ സതീശനും കൂട്ടരും കെട്ടിയുയര്‍ത്താന്‍ നോക്കിയ അനുനയ നാടകം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
ഫെയ്സ്ബുക്കിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് പരിഹസിച്ചവര്‍ക്ക്, തന്റെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തമാക്കി സുധാകരന്‍ മറുപടി നല്‍കി കഴിഞ്ഞു. യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയ സുധാകരന്‍ കണ്ണൂരിലെ വീട്ടില്‍ തമ്പടിച്ച് ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കുകയാണ്. പൊതുപരിപാടികള്‍ ബഹിഷ്‌കരിച്ചും നേതാക്കളെ കാണാന്‍ വിസമ്മതിച്ചും അദ്ദേഹം സമ്മര്‍ദ്ദ തന്ത്രം തുടരുന്നു.
