കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ ഒരു ചര്‍ച്ചയുമില്ല; പാര്‍ട്ടി പറഞ്ഞാല്‍ മാറും; ഇപ്പോഴത്തേത് മാധ്യമ സൃഷ്ടിയെന്ന് കെ സുധാകരന്‍; ഇപ്പോഴത്തേത് 20 വര്‍ഷത്തിനിടെയുള്ള കോണ്‍ഗ്രസിന്റെ നല്ലകാലം; നേതൃമാറ്റ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വി ഡി സതീശനും; കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ ഒരു ചര്‍ച്ചയുമില്ല; പാര്‍ട്ടി പറഞ്ഞാല്‍ മാറും
ന്യൂഡല്‍ഹി: കെപിസിസി അദ്ധ്യക്ഷ സ്ഥനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നു എന്ന വിധത്തില്‍ പുറത്തുവന്ന മാധ്യമവാര്‍ത്തകള്‍ക്ക് താല്‍ക്കാലിക വിരാമം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ ഒരു ചര്‍ച്ചയുമില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. ചര്‍ച്ചയുണ്ടാക്കുന്നത് മാധ്യമങ്ങള്‍ മാത്രമാണ്. പാര്‍ട്ടി പറഞ്ഞാല്‍ മാറും, എന്നാല്‍ ഒരു ചര്‍ച്ചയും ഇപ്പോഴില്ലെന്നും കെ സുധാകരന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.
അതേസമയം നേതൃമാറ്റ ചര്‍ച്ചകള്‍ തന്റെ അറിവില്‍ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി. കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നതായി തനിക്ക് അറിയില്ല. മാധ്യമങ്ങള്‍ വെറുതെ വാര്‍ത്തകള്‍ കൊടുക്കുകയാണ് പാര്‍ട്ടി കാര്യങ്ങള്‍ മാധ്യമങ്ങളോടല്ല പറയേണ്ടത്. അത് തന്റെ നാവില്‍ നിന്ന് പുറത്തുവരില്ലെന്നും തന്റെ അഭിപ്രായം പാര്‍ട്ടി വേദിയില്‍ പറയുമെന്നും സതീശന്‍ പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം കോണ്‍ഗ്രസിലുണ്ട്. ജനാധിപത്യപാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. അത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കണ്ടെതാണ്. ഇപ്പോഴത്തേത് 20 വര്‍ഷത്തിനിടെയുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും നല്ലകാലമാണ്. അതിനിടയില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ കാര്യങ്ങളില്‍ എല്ലാവര്‍ക്കും മറുപടി നല്‍കേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു.
നേരത്തെ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിജയമുണ്ടാക്കിയ ആവേശമടങ്ങും മുന്‍പ് നേതൃമാറ്റം സംബന്ധിച്ച് വാര്‍ത്തയും പ്രതികരണങ്ങളുമുണ്ടായതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായരിന്നു. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതിനുള്ള ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നു ദേശീയനേതൃത്വവും വ്യക്തമാക്കി. സ്ഥാനമൊഴിയാന്‍ സുധാകരനോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി നിഷേധിച്ചു. ജയിച്ചുകിട്ടിയാലുടന്‍ തല്ലുതുടങ്ങുന്ന ശീലം വേണ്ടെന്നാണു ഹൈക്കമാന്‍ഡ് നിലപാട്.
സുധാകരനെ മാറ്റേണ്ടതില്ലെന്നു വാദിക്കുന്നവര്‍ പരസ്യമായി അതു വ്യക്തമാക്കുന്നു. മാറ്റണമെന്നുള്ളവര്‍ രഹസ്യമായി ചില നീക്കങ്ങള്‍ നടത്തുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പുതിയ ടീം കെപിസിസിയില്‍ വേണമെന്നാണു ചിലരുടെ വാദം. ഇക്കാര്യം പക്ഷേ, പാര്‍ട്ടിക്കുള്ളില്‍ തുറന്ന് ചര്‍ച്ച ചെയ്യാന്‍ ആരും തയാറായിട്ടില്ല. ദേശീയ നേതൃത്വത്തിന്റെ ഏത് ഇടപെടലും തന്റെ നിര്‍ദേശപ്രകാരമാണെന്ന വ്യാഖ്യാനം വരുമെന്നതിനാല്‍ ആരെയും ചൊടിപ്പിക്കാതിരിക്കാനുള്ള കരുതലിലാണ് കെ.സി.വേണുഗോപാല്‍.
സുധാകരനെ മാറ്റാന്‍ തീരുമാനമോ ചര്‍ച്ചയോ നേതൃതലത്തില്‍ ഇല്ലെങ്കിലും പകരക്കാരെന്ന മട്ടില്‍ പല പേരുകളും വാര്‍ത്തകളില്‍ വന്നു. പാര്‍ട്ടിക്ക് ഊര്‍ജം പകരുന്ന, ഗ്രൂപ്പില്ലാത്ത യുവതലമുറയെ കെപിസിസിയുടെ നേതൃനിരയിലേക്കു കൊണ്ടുവരണമെന്ന ആലോചനയുമുണ്ട്. യുവാക്കള്‍ക്ക് ആവേശം പകരാന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെപ്പോലെതന്നെ കഴിയുന്നയാളാണ് കെ.സുധാകരനെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കെ.പി.സി.സി അധ്യക്ഷനെ മാറ്റാന്‍ നീക്കം ശക്തമായിരിക്കെ കെ. സുധാകരന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്തും വന്നിരുന്നു., കെ. സുധാകരന് പാര്‍ട്ടി നയിക്കാനുള്ള ആരോഗ്യമുണ്ടെന്നും കെ.പി.സി.സി അധ്യക്ഷനെ മാറ്റേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചതാണ്. അതിനാല്‍ മാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ച് യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റുകളിലും ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകള്‍ വലിയ ഭൂരിപക്ഷത്തിലും യു.ഡി.എഫ് നിലനിര്‍ത്തി. ചേലക്കര മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞു. അതിനാല്‍ ലീഡര്‍ഷിപ്പ് മാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറേണ്ടതുണ്ടെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് നേരത്തെ ശശി തരൂരും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ശശി തരൂര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കെ സുധാകരനുമായി കെ സി വേണുഗോപാല്‍ ചര്‍ച്ച നടത്തിയത് ഈ അടിസ്ഥാനത്തില്‍ കൂടി ആയിരുന്നെന്നാണ് വിവരം. കൂടുതല്‍ ചെറുപ്പക്കാര്‍ കൂടി വരുന്ന നിലയില്‍ പുനഃസംഘടന വേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.