കരുനാഗപ്പള്ളിയിലെ വിഭാഗീയതയെ സിപിഎം അടിച്ചമര്‍ത്തും; സൂസന്‍ കോടിക്കും പിആര്‍ വസന്തനുമെതിരെ തരംതാഴ്ത്തല്‍ നടപടിക്ക് സാധ്യത; ഇരുവരുടെയും ചേരിപ്പോര് പാര്‍ട്ടിയെ തകര്‍ക്കുന്നെന്ന് ആക്ഷേപം; പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചവരും നടപടി നേരിടേണ്ടി വരും

കരുനാഗപ്പള്ളിയിലെ വിഭാഗീയതയെ സിപിഎം അടിച്ചമര്‍ത്തും

Update: 2024-12-01 01:39 GMT

കൊല്ലം: കരുനാഗപ്പള്ളിയില്‍ സിപിഎമ്മിനുള്ളിലെ വിഭാഗീയതയില്‍ അടിച്ചമര്‍ത്തല്‍ നടപടികളിലേക്ക് കടക്കാന്‍ നേതൃത്വം. വിഭാഗീയതയെ തുടര്‍ന്ന് സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ട കൊല്ലം കരുനാഗപ്പള്ളിയില്‍ കൂടുതല്‍ നടപടികളിലേക്കാണ് സംസ്ഥാന നേതൃത്വം കടക്കുന്നത്. കലാപക്കൊടി ഉയര്‍ത്തിയ നേതാക്കള്‍ക്കെതിരെയാണ് നടപടി വരിക. പാര്‍ട്ടി ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും കരുനാഗപ്പള്ളിയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചില്ലെന്നാണ് വിമര്‍ശനം.

സൂസന്‍ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആര്‍.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് പാര്‍ട്ടിയെ പ്രദേശികമായി തകര്‍ക്കുന്നുവെന്നാണ് ആക്ഷേപം. സൂസന്‍കോടി, പി.ആര്‍.വസന്തന്‍ തുടങ്ങി കരുനാഗപ്പള്ളിയില്‍ നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളെ ഈ സമ്മേളന കാലത്ത് തരംതാഴ്ത്താനാണ് സാധ്യത. പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തിയ വിമതര്‍ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും.

കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടക്കാന്‍ പോകുന്നത്. സംസ്ഥാന സമ്മേളനത്തിലും കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യം ഉണ്ടാകില്ല. അതേസമയം ഏരിയ കമ്മിറ്റിക്ക് പകരമുള്ള ഏഴംഗ അംഗ അഡ്‌ഹോക്ക് കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും.

ഇന്നലെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് നിലനിലെ കമ്മറ്റി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി നിയമിച്ചത്. കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനമായി. കരുനാഗപ്പള്ളി കുലശേഖരപുരത്തെ തമ്മില്‍തല്ല് പാര്‍ട്ടിയ്ക്ക് നാണക്കേടായി എന്നാണ് വിലയിരുത്തല്‍. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് തെരുവിലെത്തിയത്. സമ്മേളനത്തില്‍ പുതിയതായി അവതരിപ്പിച്ച പാനലിനെതിരെയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടത് സംഘര്‍ഷത്തിന് കാരണമായിരുന്നു.

ഇതിന് പിന്നാലെ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി 'സേവ് സിപിഐഎം' എന്ന പേരില്‍ പോസ്റ്ററുകളും പതിച്ചിരുന്നു. ഇത് വിവാദമായതോടെ സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഒരു വിഭാഗം പ്രതിഷേധ പ്രകടനവുമായി രംഗത്തിറങ്ങി. 'സേവ് സിപിഐഎം' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് പ്രതിഷേധ പ്രകടനം നടന്നത്. ഇതേ തുടര്‍ന്ന് ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നില്‍ വലിയ പൊലീസ് സന്നാഹം ഒരുക്കിയിയിരുന്നു.

പ്രതിഷേധം സംഘടിപ്പിച്ചവരില്‍ കൂടുതലും വനിതകളായിരുന്നു. വിഷയത്തില്‍ വളരെ വൈകാരികമായാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ചതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എതിര്‍ത്തവരുടെ നിലപാട്. മറ്റുചിലരെകൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

Tags:    

Similar News