പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാലും വര്‍ഗീയവത്കരണം ഉണ്ടാകില്ല; നിലവിലുണ്ടായിട്ടുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് സിപിഐയുടെയും സിപിഎമ്മിന്റെയും കേരള നേതൃത്വം സംസാരിച്ച് തീരുമാനമെടുക്കും; പിഎം ശ്രീയില്‍ ഒപ്പിട്ടതിനെ ന്യായീകരിച്ച് എം എ ബേബി

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാലും വര്‍ഗീയവത്കരണം ഉണ്ടാകില്ല

Update: 2025-10-25 10:51 GMT

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതിനെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. സിപിഐ പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിക്കുമ്പോഴാണ് നേതൃത്വം വിഷയത്തില്‍ ഇടപെടാന്‍ തയ്യാറല്ലെന്ന നിലപാട് എടുക്കുന്നത്. പിഎം ശ്രീയില്‍ ഒപ്പിട്ടാലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയവത്കരണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് ബേബി പ്രതികരിച്ചു. പിഎം ശ്രീയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ആശങ്കകളറിയിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം.

അതേസമയം നിലവിലുണ്ടായിട്ടുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് സിപിഐയുടെയും സിപിഐഎമ്മിന്റെയും കേരള നേതൃത്വം സംസാരിച്ച് തീരുമാനമെടുക്കുമെന്നും ബേബി പറഞ്ഞു. നിലവിലെ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്താന്‍ കേരളത്തിലെ ഇരു പാര്‍ട്ടികളുടെയും നേതൃത്വത്തെ സഹായിക്കുമെന്നും, ഇത് എങ്ങനെ പരിഹരിക്കണം എന്നത് അവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി

'വര്‍ഗീയവല്‍ക്കരണം, വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം, കച്ചവടവല്‍ക്കരണം, വിദ്യാഭ്യാസ രംഗത്തെ മൂന്ന് പ്രധാന വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഈ മൂന്ന് കാര്യങ്ങളും അനുവദിച്ചുകൂടാ എന്നുള്ളതാണ് ഇരു പാര്‍ട്ടികളുടെയും നിലപാട്. ഈ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് രാജയുമായുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ഗീയവല്‍ക്കരണത്തിനും കച്ചവടവല്‍ക്കരണത്തിനും എതിരായിട്ടുള്ള ഉറച്ച നിലപാട് സ്വീകരിക്കാനും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഘടനക്കുള്ളില്‍ നിന്നുകൊണ്ട് ഇത് നടപ്പാക്കാനും ഇരു പാര്‍ട്ടികളും ശ്രമിക്കും' സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

സമഗ്ര ശിക്ഷ കേരള ഉള്‍പ്പെടെയുള്ള മറ്റു വിദ്യാഭ്യാസ പദ്ധതികള്‍ക്കുമുള്ള സാമ്പത്തിക സഹായം കേന്ദ്രം കണ്ണില്‍ ചോരയില്ലാതെ നിഷേധിക്കുകയാണ്. ഇതിനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ല. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മനസ്സിലാക്കുന്നത്, ഇത് മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നും ബേബി പറഞ്ഞു.

പിഎം ശ്രീ പോലുള്ള കരാറുകളില്‍ ഒപ്പിട്ടാലും അത് നടപ്പാക്കുമ്പോള്‍ കേരളത്തിന് അതിന്റെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ടെന്ന് പറഞ്ഞ ബേബി പിഎം ഉഷ പദ്ധതി ഉദാഹാരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ഒപ്പിടുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വര്‍ഗീയതയുടെ പിടിയില്‍ പെടാതെ തടുത്തു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയും. പാഠപുസ്തകങ്ങളിലൂടെ വര്‍ഗീയവല്‍ക്കരണം കടന്നുകൂടിയിട്ടില്ല എന്ന അനുഭവ സമ്പത്ത് സിപിഎമ്മിനുണ്ടെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

Tags:    

Similar News