തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളിലെ ഭരണം പിടിക്കുക ലക്ഷ്യം; സംസ്ഥാനത്തെ റവന്യുജില്ലകളെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി; വിഭജിച്ചത് പത്തനംതിട്ട, വയനാട്, കാസര്‍കോട് എന്നിവ ഒഴികെയുള്ള ജില്ലകളെ

വന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബി.ജെ.പി വിഭജിച്ചു.

Update: 2024-12-22 12:56 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ശക്തമാക്കാന്‍, സംസ്ഥാനത്തെ റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബി.ജെ.പി വിഭജിച്ചു. പത്തനംതിട്ട, വയനാട്, കാസര്‍കോട് എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളെയാണ് വിഭജിച്ചത്. ഇതില്‍, തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളെ മൂന്നാക്കിയാണ് വിഭജിച്ചിരിക്കുന്നത്. മറ്റ് ജില്ലകളെ രണ്ടായി വിഭജിച്ചു.

നേരത്തെ, നിയമസഭാ മണ്ഡലങ്ങളെ ബി.ജെ.പി. രണ്ടായി വിഭജിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നീക്കം. സംസ്ഥാനത്തെ പത്ത് ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ജില്ലയായി പരിഗണിച്ച് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോ?ഗത്തില്‍ തീരുമാനിച്ചിരുന്നു. അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാകുമെന്നായിരുന്നു വിവരം. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനാണ് ബി.ജെ.പി. ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പത്തനംതിട്ട, വയനാട്, കാസര്‍കോട് ജില്ലകള്‍ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായും ബാക്കിയുള്ള ജില്ലകളെ രണ്ട് സംഘടനാ ജില്ലകളുമായാണ് വിഭജിച്ചിരിക്കുന്നത്.

ഓരോ നിയമസഭാ മണ്ഡലങ്ങളെയും രണ്ട് സംഘടനാ മണ്ഡലങ്ങളായും വിഭജിച്ചിട്ടുണ്ട്. ഇതോടെ 140 നിയമസഭാ മണ്ഡലങ്ങള്‍ക്ക് കീഴില്‍ 280 സംഘടനാ മണ്ഡലങ്ങളും ഇനി ബിജെപിക്ക് കേരളത്തില്‍ ഉണ്ടാകും. അതേസമയം നിലവിലുള്ള ബിജെപിയുടെ ജില്ലാ സെക്രട്ടറിമാരും ജില്ലാ കമ്മറ്റികളും തുടര്‍ന്നും ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല.

കേരളത്തിലെ 30 സംഘടനാ ജില്ലകളായി വിഭജിച്ചത് ഇങ്ങനെ

*തിരുവനന്തപുരം തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം സിറ്റി

കൊല്ലം - കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്

പത്തനംതിട്ട - പത്തനംതിട്ട

ആലപ്പുഴ - ആലപ്പുഴ നോര്‍ത്ത്, ആലപ്പുഴ സൗത്ത്

കോട്ടയം - കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്

ഇടുക്കി - ഇടുക്കി നോര്‍ത്ത്, ഇടുക്കി സൗത്ത്

എറണാകുളം - എറണാകുളം സിറ്റി, എറണാകുളം നോര്‍ത്ത്, എറണാകുളം ഈസ്റ്റ്

തൃശൂര്‍ - തൃശൂര്‍ സിറ്റി, തൃശൂര്‍ നോര്‍ത്ത്, തൃശൂര്‍ സൗത്ത്

പാലക്കാട് - പാലക്കാട് ഈസ്റ്റ്, പാലക്കാട് വെസ്റ്റ്

മലപ്പുറം - മലപ്പുറം സെന്‍ട്രല്‍, മലപ്പുറം വെസ്റ്റ്, മലപ്പുറം ഈസ്റ്റ്

കോാഴിക്കോട് - കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി

വയനാട് - വയനാട്

കണ്ണൂര്‍ - കണ്ണൂര്‍ നോര്‍ത്ത്, കണ്ണൂര്‍ സൗത്ത്

കാസര്‍കോട് - കാസര്‍കോട്

12.53 ലക്ഷം വോട്ടര്‍മാരുള്ള മലപ്പുറം വെസ്റ്റ് ആണ് ഏറ്റവും അധികം വോട്ടര്‍മാരുള്ള സംഘടനാ ജില്ല. 3.58 ലക്ഷം വോട്ടര്‍മാരുള്ള ഇടുക്കി നോര്‍ത്ത് ആണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള സംഘടനാ ജില്ല.

Similar News