'കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ; മാധ്യമ വിചാരണയും വലതുപക്ഷ ഗൂഢാലോചനയും സത്യത്തിന്റെ കണ്ണ് മൂടിക്കെട്ടിയാല്‍ എന്തു ചെയ്യും; തോല്‍പ്പിക്കാനാവില്ല'; സിബിഐക്കെതിരെ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ. മണികണ്ഠന്‍

സിബിഐക്കെതിരെ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ. മണികണ്ഠന്‍

Update: 2025-01-03 12:02 GMT

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ ശിക്ഷാവിധിക്ക് പിന്നാലെ സിബിഐയ്‌ക്കെതിരെ വിമര്‍ശനവുമായി കേസിലെ പ്രതിയായ കെ. മണികണ്ഠന്‍. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂവെന്ന് മണികണ്ഠന്‍ പറഞ്ഞു. കള്ള സാക്ഷികളും വ്യാജ മൊഴികളും കൊണ്ട് താല്‍ക്കാലികമായി നിങ്ങള്‍ക്ക് സത്യത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കും, ഞങ്ങളെ തുറങ്കിലടക്കാനും. പക്ഷേ തോല്‍പ്പിക്കാനാവില്ലന്നും ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ മണികണ്ഠന്‍ പറയുന്നു.

മാധ്യമ വിചാരണയും വലതുപക്ഷ ഗൂഢാലോചനയും സത്യത്തിന്റെ കണ്ണ് മൂടിക്കെട്ടിയാല്‍ എന്തു ചെയ്യും. ആത്യന്തികമായി സത്യം ജയിക്കും നീതി ലഭിക്കുകയും ചെയ്യും.-മണികണ്ഠന്‍ പറയുന്നു.

പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്‌ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.

ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, ഉദുമ സി പി എം മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റക്കാരില്‍ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ്. കേസില്‍ 10 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്.

പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പ്രതികള്‍ക്കെതിരെ പൊലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്. പരമാവധി രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍ പ്രാരാബ്ദങ്ങള്‍ പറഞ്ഞു. ബിരുദം പൂര്‍ത്തിയാക്കണമെന്നും പട്ടാളക്കാരന്‍ ആകാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമുള്ള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നുമുള്ള മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്റെ അഭ്യര്‍ത്ഥനയും കോടതി കേട്ടു.

2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ച കേസിലാണ് സിബിഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ സിബിഐ അന്വേഷണം തടയാന്‍ ശ്രമിച്ചത് ഇവരെ സംരക്ഷിക്കാനായിരുന്നു എന്ന ആരോപണം ബലപ്പെടുകയാണ്. ശക്ഷിക്കപ്പെട്ട പലരും നിരപരാധികളാണെന്നാണ് സിപിഎം വാദം.

Tags:    

Similar News