'പിണറായി സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍; ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങള്‍; ത്യാഗപൂര്‍ണമായ ജീവിതം': മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോകള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവച്ച് കെ കെ രാഗേഷ്
പിണറായി സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍'
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത കാലത്തെ ഓര്‍മകള്‍ പങ്കുവച്ച് കെ കെ രാഗേഷ്. മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോകളുള്‍പ്പെടെ ഫേസ്ബുക്കിലാണ് കെ കെ രാഗേഷ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനു പിന്നാലെ കെകെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.
'1996ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്ഛക്തി-സഹകരണ വകുപ്പ് മന്ത്രിയായി. ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങള്‍. ത്യാഗപൂര്‍ണ്ണമാണ് ആ ജീവിതം. സഹജീവികള്‍ക്ക് വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യന്‍.'- എന്നാണ് കെ കെ രാഗേഷ് പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ചിരിക്കുന്നത്.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ കീഴില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കുറച്ചുകാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അനുഭവസമ്പന്നമായ ഒരു കാലഘട്ടമാണെന്നും അദ്ദേഹം കുറിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവിടെ എത്തുന്നതെങ്കിലും മുഖ്യമന്ത്രി എന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പാര്‍ട്ടി അനുഭാവികളുടെയും മാത്രമല്ല, എല്ലാവരുടേതുമാണെന്നായിരുന്നു ഓഫീസ് പ്രവര്‍ത്തനത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹം തന്നോട് പറഞ്ഞതെന്നും അദ്ദേഹം കുറിപ്പില്‍ ഓര്‍ത്തെടുക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
സിഎം ഓഫീസിലെ ഔദ്യോഗിക ചുമതല വെടിഞ്ഞു കണ്ണൂരിലേക്ക് വരുമ്പോള്‍ സഹപ്രവര്‍ത്തകര്‍ പങ്കുവെച്ച ചില അഭിപ്രായങ്ങള്‍ ചിലര്‍ ദുഷ്ടലാക്കോടെ വിവാദമാക്കുകയുണ്ടായല്ലോ. ഹ്രസ്വമായ ഒരു പ്രതികരണം ആ വിഷയത്തില്‍ നേരത്തെ നടത്തിയിട്ടുണ്ട്. എന്നാല്‍ നാലുവര്‍ഷത്തെ ആ ഓഫീസിലെ പ്രവര്‍ത്തനത്തെപ്പറ്റി കുറച്ചധികം പറയാനുണ്ട് താനും. നേരവും കാലവും നോക്കാതെ, ഊണും ഉറക്കവും വെടിഞ്ഞ്, ഒരു നാടിന്റെ ഹൃദയം സ്പന്ദിക്കുന്ന ആ ഓഫീസില്‍ ജോലിചെയ്ത കാലയളവ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നു.
1970 ഒക്ടോബറില്‍ പിണറായി വിജയന്‍ നിയമസഭാംഗമായി തിരുവനന്തപുരത്തെത്തുമ്പോള്‍ ഞാന്‍ ജനിച്ചിരുന്നില്ല. കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എ ആയ വിജയേട്ടന് അന്ന് 26 വയസ്സ്. പിന്നീട് 1977ലും 1991ലും 1996ലും 2016ലും എംഎല്‍എയായി. 1996ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്ഛക്തി-സഹകരണ വകുപ്പ് മന്ത്രിയായി. ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങള്‍. ത്യാഗപൂര്‍ണ്ണമാണ് ആ ജീവിതം. സഹജീവികള്‍ക്ക് വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യന്‍.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ കീഴില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കുറച്ചുകാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അനുഭവസമ്പന്നമായ ഒരു കാലഘട്ടമായി ഞാന്‍ കാണുന്നു. ഓഫീസ് പ്രവര്‍ത്തനത്തിന്റെ ആദ്യനാളുകളില്‍ തന്നെ എന്നോട് അദ്ദേഹം നിര്‍ദ്ദേശിച്ച ഒരു പ്രധാന കാര്യമുണ്ട്; രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവിടെ എത്തുന്നതെങ്കിലും മുഖ്യമന്ത്രി എന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പാര്‍ട്ടി അനുഭാവികളുടെയും മാത്രമല്ല, എല്ലാവരുടേതുമാണ്. അത് മനസ്സില്‍ വെച്ചുവേണം കാര്യങ്ങള്‍ ചെയ്യാന്‍. കുറച്ചുദിവസങ്ങള്‍ കൊണ്ട് തന്നെ എനിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരികയായിരുന്നു.
ട്രാന്‍സ്ഫര്‍ മുതലായ വിഷയങ്ങള്‍ സര്‍വ്വീസ് സംഘടനകള്‍ വഴിയായിരുന്നു മുന്‍കാലങ്ങളില്‍ നിയന്ത്രണം. ഭരണപക്ഷത്തുള്ള സര്‍വീസ് സംഘടനകള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണമുള്ള ഒരു സംവിധാനം ആയിരുന്നു അതു. എന്നാല്‍ ഈ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പിലാക്കിയതോടുകൂടി അര്‍ഹതയുള്ളവര്‍ക്കെല്ലാം അത് പ്രാപ്യമായി. ഒരു ഭരണകര്‍ത്താവിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെയാണ് ഒരു സമൂഹത്തെ മാറ്റിമറിക്കുന്നതെന്ന് അപ്പോള്‍ ഞാന്‍ കാണാന്‍ തുടങ്ങിയിരുന്നു.
ആദ്യമായി എനിക്ക് ഫയല്‍ കൈമാറിയത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപനായിരുന്നു. ഏറ്റവും ലളിതമായി, കണ്ണടച്ച് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഡെപ്യൂട്ടേഷന്‍ ഫയലുകള്‍. ഫയല്‍ നോക്കുന്നതിനിടയില്‍ ആരുടേതാണ് ഡെപ്യൂട്ടേഷന്‍ എന്നൊക്കെ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ ശൈലിയില്‍ പരിശോധിക്കാനല്ല തുനിഞ്ഞത്. രാഷ്ട്രീയമല്ല, മറിച്ച് മെറിട്ടും മാനദണ്ഡവുമാണ് നോക്കേണ്ടത് എന്ന സിഎംന്റെ നിര്‍ദ്ദേശം അന്ന് മുതലേ മനസ്സിലുറപ്പിച്ച് തുടങ്ങിയിരുന്നു. ശമ്പളസ്‌കെയിലും വര്‍ഷവും മാത്രമേ അത്തരം ഫയലുകളില്‍ തിരയേണ്ടതുള്ളൂ എന്ന നിര്‍ദ്ദേശം പിണറായി വിജയന്‍ എന്ന ഭരണാധികാരിയിലെ നിറഞ്ഞ നീതിബോധം വരച്ച് കാട്ടുന്ന അനുഭവമായി.
ചില അപവാദങ്ങള്‍ അങ്ങിങ്ങ് ഉണ്ടായപ്പോള്‍, മന്ത്രിമാരെ തന്നെ നേരിട്ട് വിളിച്ച് ഇതല്ല സര്‍ക്കാരിന്റെ നയമെന്ന് തിരുത്തിക്കുമായിരുന്നു അദ്ദേഹം. വലതുപക്ഷസര്‍ക്കാരുകള്‍ കേരളം ഭരിച്ച സമയത്തൊക്കെ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ജീവനക്കാര്‍ക്ക് വലിയരീതിയില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള ചരിത്രമൊക്കെ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഒന്നാം എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആ സമീപനം മാറിയിട്ടുണ്ട്. രണ്ടാം സര്‍ക്കാര്‍ വരുമ്പോഴേയ്ക്കും ഒരു തരത്തിലും വിവേചനം അനുഭവിക്കാത്ത ഒരു വിഭാഗമായി, നട്ടെല്ലുയര്‍ത്തി ജോലിചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ സര്‍ക്കാരുദ്യോഗസ്ഥരെ മാറ്റിയെന്നതാണ് നമ്മുടെ നേട്ടമെന്ന് സിഎം വിശദീകരിക്കുമായിരുന്നു.
നൂറുകണക്കിന് നിവേദനങ്ങളാണ് ഓരോ ദിവസവും ഓണ്‍ലൈന്‍ വഴിയും അല്ലാതെയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നത്. ഞങ്ങളാരും ഓരോ നിവേദനവും പദാനുപദം വായിച്ചിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി അങ്ങനെയായിരുന്നില്ല. തനിക്ക് ലഭിക്കുന്ന നിവേദനങ്ങള്‍ ഒറ്റവരിപോലും വിട്ടുപോകാതെ വായിക്കും, അതില്‍ എന്തുനടപടിയെടുക്കണം എന്ന വിശദമായ കുറിപ്പെഴുതി ഞങ്ങള്‍ക്കു തരും! തന്നോട് സംസാരിക്കാനെത്തുന്ന ഓരോ ആളുടെയും വാക്കുകള്‍ സസൂക്ഷ്മം കേള്‍ക്കുകയും അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് കുറിപ്പെഴുതി നടപടിയെടുക്കാന്‍ ഞങ്ങളെ ഏല്‍പിക്കുകയും ചെയ്യും. എന്നെ സംബന്ധിച്ച് ഇതെല്ലാം ആദ്യകാലത്തെ അത്ഭുതങ്ങളായിരുന്നു.
വികസന കാര്യങ്ങളിലേക്ക് വന്നാല്‍, ഒരു പ്രൊഫഷണല്‍ എങ്ങനെയാണ് കാര്യങ്ങള്‍ പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് ഞാനവിടെ കണ്ടത്. മുപ്പത്തിയേഴോളം വന്‍കിട പദ്ധതികള്‍ കേരളത്തിലുണ്ട്. അവയെല്ലാം മാസത്തില്‍ ഒരു തവണ വെച്ച് മുഖ്യമന്ത്രി റിവ്യൂ ചെയ്യുന്നുണ്ട്. അധികമാര്‍ക്കും അറിയാത്ത കാര്യമാണത്. ഓരോ റിവ്യൂമീറ്റിങ്ങിലും ടാര്‍ഗറ്റ് എത്തിയോ എന്ന് പരിശോധിക്കുകയും വീഴ്ചകള്‍ വിശകലനം ചെയ്യുകയും ചെയ്യുന്നു. താരതമ്യേന ചെറുപ്പമായ ഞങ്ങളെപ്പോലുള്ളവരൊക്കെ ആ സ്പീഡിനൊപ്പം ഓടിയെത്താനാവാതെ കിതച്ചിട്ടുണ്ട് എന്നത് പറയാതിരിക്കാനാവില്ല. നവകേരളം എന്നത് എങ്ങനെയൊക്കെയാണ് സാധ്യമായിക്കൊണ്ടിരിക്കുന്നത് എന്നതിന് ഇതില്‍പരം മികച്ച മറ്റൊരു പ്രചോദനം ഞങ്ങളുടെയൊക്കെ ടീമിന് ഇല്ലായിരുന്നു.
ഉദ്യോഗസ്ഥതലത്തിലുള്ള യോഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ സൂക്ഷ്മതയോടെ കേട്ട് അവധാനതയോടെ അവ വിലയിരുത്തിക്കൊണ്ട് അന്തിമതീരുമാനത്തിലേക്കെത്തുന്ന ഒരു ശൈലിയാണ് അദ്ദേഹത്തിന്റേത്. അവയിലൊക്കെ ദീര്‍ഘകാലത്തെ അനുഭവങ്ങളിലൂടെ ആര്‍ജ്ജിച്ച വെളിച്ചവും തെളിച്ചവുമുണ്ടായിരുന്നു. വര്‍ഗതാല്പര്യമുണ്ടായിരുന്നു. ഓരോ പദ്ധതികളിലും ആ സവിശേഷമായ കൈയ്യൊപ്പുണ്ടായിരുന്നു.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു എന്നും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ മുന്‍ഗണന കൊടുത്തത്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെക്കിഞെരുക്കി ട്രഷറിപൂട്ടിക്കുമെന്ന നിലയിലെത്തിച്ചപ്പോഴും മറ്റു പദ്ധതികള്‍ക്കുള്ള ചെലവ് മാറ്റിവെച്ചുപോലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിന്നുപോവാതെ, കാശിന്റെ മുടക്കം അനുഭവിപ്പിക്കാതെ സാധാരണക്കാരുടെ കണ്ണീരൊപ്പിയ ഒരു ഭരണാധികാരിയാണ് അദ്ദേഹം.
ഇടതുപക്ഷേതര സര്‍ക്കാരുകളുടെ അതിദരിദ്രരോടും അരിക് വല്‍ക്കരിക്കപ്പെട്ടവരോടുമുള്ള നയം എന്തായിരുന്നു എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ, മന്ത്രിമാരെ വിളിച്ച് ആ മുന്‍ഗണന എപ്പോഴും ഓര്‍മിപ്പിക്കുന്നതിന് സാക്ഷികളായിരുന്നു ഞങ്ങളെല്ലാവരും.
പ്രതിസന്ധികളില്‍ തളര്‍ന്നില്ല. കോവിഡും രണ്ടുതവണ പ്രളയവുമെല്ലാം കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ അതിനെ അതിജീവിച്ചു. ഏറ്റവുമൊടുവില്‍ വയനാട് ദുരന്തമുണ്ടായപ്പോള്‍ ആ നേതൃത്വശേഷി നേരിട്ട് കണ്ടറിഞ്ഞു. വകുപ്പുകളെയെല്ലാം ഏകോപിപ്പിക്കുകയും അതിജീവനത്തിലേക്ക് ജനങ്ങളെ എത്തിക്കുകയും ചെയ്തതിന് ശേഷം മാത്രമേ വിശ്രമിക്കാവൂ എന്ന് തീരുമാനിച്ച അപൂര്‍വ്വം ഭരണാധികാരികളിലൊരാളാണ് അദ്ദേഹം. ജനങ്ങളില്‍ ആത്മവിശ്വാസമുയര്‍ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഓരോ പത്രസമ്മേളനങ്ങളും പ്രതിസന്ധികളില്‍ അവര്‍ക്ക് ആശ്രയമായി. ദുരന്തഭൂമികളില്‍ ഫോട്ടോഷൂട്ട് നടത്തുന്ന ഭരണാധികാരികള്‍ക്ക് കണ്ട് പഠിക്കാം, ആ ഇച്ഛാശക്തിയും നേതൃപാടവവും.
ഒരു ഭരണാധികാരിയുടെ കീഴില്‍ കേരളം വിപ്ലവാത്മകമായി മാറിയെങ്കില്‍ അതിനുള്ള കാരണം ഇതൊക്കെ തന്നെയാണ്. ആ പാഠപുസ്തകം മറിച്ചുനോക്കാന്‍ കഴിഞ്ഞതില്‍ എനിക്കും അല്‍പമല്ലാത്ത അഭിമാനമുണ്ട്. ഈ കുറിപ്പെഴുതുമ്പോള്‍ സിഎം ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നാളുകളില്‍ പിന്തുണയായി കൂടെനിന്ന മുഖങ്ങള്‍ മനസ്സിലേക്ക് ഒഴുകി എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍, എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.