ചെയ്യാവുന്ന കാര്യങ്ങളേ പറയാറുള്ളൂ; പറ്റാത്ത കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസം ധനവകുപ്പിനുമുണ്ട്; ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ല; മദ്യത്തിന്റെയും പെട്രോളിന്റെയും ടാക്സ് കൂട്ടി എന്തായാലും ഇത്രയും പണം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി

പറ്റാത്ത കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസം ധനവകുപ്പിനുമുണ്ട്

Update: 2025-10-30 05:29 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷനുകള്‍ അടക്കമുള്ള ക്ഷേമപദ്ധതികളുടെ തുക കൂട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ചു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്ത്. പ്രഖ്യാപനങ്ങള്‍ നന്നായി നടപ്പാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ആത്മവിശ്വാസം ഇല്ലെങ്കില്‍ താന്‍ ഒന്നും പറയാറില്ല. പറ്റാത്ത കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഈ ആത്മവിശ്വാസം ധനവകുപ്പിനുമുണ്ട്. മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഇതിലും വലിയ പ്രഖ്യാപനങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയിട്ട്, അതു നടപ്പിലാക്കേണ്ട ഏറ്റവും വലിയ ബാധ്യത ധനവകുപ്പിനായിരുന്നു. കോവിഡിന്റെ സമയവും കേന്ദ്രത്തിന്റെ വലിയ തോതിലുള്ള കടുംവെട്ടും നടന്ന സമയമായിരുന്നു അത്. എന്നാലും നല്ല നിലയില്‍ അതു നടപ്പിലാക്കാന്‍ സാധിച്ചു. ഇപ്പോഴും സര്‍ക്കാരിന് നല്ല ആത്മവിശ്വാസമുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നവരാണ്. ചെയ്യാവുന്ന കാര്യങ്ങളേ പറയാറുള്ളൂ. ധാരാളം പ്രഖ്യാപനങ്ങളോ പ്രസ്താവനകളോ നടത്താറില്ല. ഇതു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ തന്നെയാണ്. അതിനുള്ള കാര്യങ്ങള്‍ കണ്ടിട്ടുതന്നെയാണ് ചെയ്യുന്നത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു.

ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ല. മദ്യത്തിന്റെയും പെട്രോളിന്റെയും ടാക്സ് കൂട്ടി എന്തായാലും ഇത്രയും പണം ഉണ്ടാക്കാന്‍ കഴിയില്ല. കിട്ടാനുള്ള പണം ഫലപ്രദമായി കളക്ട് ചെയ്യുക എന്നതാണ് പ്രധാനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിലും ഉത്തരവാദിത്തപൂര്‍ണമായ നിലപാടു തന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.

രണ്ടു ഡിഎ ആണ് റൂള്‍ 300 ല്‍ പറഞ്ഞത്. എന്നാല്‍ മൂന്നു ഡിഎ ഇപ്പോള്‍ പ്രഖ്യാപിച്ചു. പാചകതൊഴിലാളിക്ക് 600 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തും 1000 നും 1300 നും അടുത്തു മാത്രമാണ് ആശ വര്‍ക്കേഴ്സിന് ലഭിക്കുന്നത്. അവരുടെ ആഗ്രഹത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷെ രാഷ്ട്രീയമായി അവരെ ഉപയോഗിക്കരുതെന്നാണ് പറയുന്നതെന്നും ധനമന്ത്രി ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News