വള്ളിക്കുന്നില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം വലവിരിച്ചു; 'എവിടെയും പോകുന്നില്ല, ലീഗില്‍ തന്നെ' എന്ന് ഷാഫി ചാലിയം; മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ല; മലപ്പുറത്തെ ഇടതുപടയൊരുക്കം പാളുന്നു
'എവിടെയും പോകുന്നില്ല, ലീഗില്‍ തന്നെ' എന്ന് ഷാഫി ചാലിയം
കോഴിക്കോട്: ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാനുള്ള വാഗ്ദാനം മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയം നിരസിച്ചു. താന്‍ ലീഗില്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐഎന്‍എല്‍ നേതാക്കളടക്കം പലരും തന്നെ ബന്ധപ്പെട്ടിരുന്നതായും എന്നാല്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ഷാഫി ചാലിയം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ലീഗിന്റെ ശക്തനായ പ്രചാരകനായി പ്രവര്‍ത്തിക്കുന്ന ഷാഫി ചാലിയം എല്‍ഡിഎഫിന് മുതല്‍ക്കൂട്ടാകുമെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടിയിരുന്നത്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനും സിപിഎം തീരുമാനിച്ചിരുന്നു.
മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണിയുടെ പ്രതിഷേധം ആയുധമാക്കാനുള്ള സിപിഎം നീക്കങ്ങള്‍ക്കിടെയാണ് ഷാഫി ചാലിയത്തിന്റെ ഈ നിലപാട്. മലപ്പുറം ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്താന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന് പിന്നാലെ കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ മുന്നണിയിലേക്ക് എത്തുന്നുവെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു.
അതേസമയം, പട്ടാമ്പിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവും ഉടന്‍ സിപിഎമ്മിലെത്തുമെന്നാണ് സൂചനകള്‍. ഇതിനിടെ, അബ്ദുറഹ്‌മാന്‍ രണ്ടത്താണിക്ക് മത്സരിക്കാന്‍ തിരൂരങ്ങാടി മണ്ഡലം വിട്ടുനല്‍കാന്‍ സിപിഐ തയ്യാറായിട്ടുണ്ട്. പകരം മറ്റൊരു മണ്ഡലം വേണമെന്ന ആവശ്യമാണ് സിപിഐ ഇതിനായി ഉന്നയിച്ചിരിക്കുന്നത്.