എറണാകുളത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ പോസ്റ്റര്‍ യുദ്ധം; ദീപ്തിയും ഷിയാസും നേര്‍ക്കുനേര്‍; സതീശന്റെ വിശ്വസ്തനായി പോസ്റ്റര്‍; 'സര്‍വ്വം ദീപ്തം' എന്ന് ദീപ്തി; ആര് വീഴും? ആര് വാഴും?

സീറ്റിനായി കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം

Update: 2026-03-18 12:44 GMT

കൊച്ചി: കൊച്ചി നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, സീറ്റിനായി കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം രൂക്ഷമായി. ദീപ്തി മേരി വര്‍ഗീസിന്റെയും മുഹമ്മദ് ഷിയാസിന്റെയും പേരുകളിലാണ് മണ്ഡലത്തില്‍ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വരുംമുമ്പേ തുടങ്ങിയ ഈ പോസ്റ്റര്‍ പോര് കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയിലുള്ള വടംവലിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കണമെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മണ്ഡലം ഭാരവാഹികളും ചേര്‍ന്നാണ് ഷിയാസിനായുള്ള പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാലുടന്‍ ഇവ പൊതുയിടങ്ങളില്‍ പതിപ്പിക്കാനാണ് പ്രവര്‍ത്തകരുടെ നീക്കം.

നേരത്തെ, 'ഇനി കൊച്ചിയില്‍ സര്‍വ്വം ദീപ്തം'എന്ന തലക്കെട്ടില്‍ ദീപ്തി മേരി വര്‍ഗീസിന് വേണ്ടിയും പോസ്റ്ററുകള്‍ മണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു. കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് രേഖപ്പെടുത്തിയ ഈ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

എറണാകുളം ജില്ലയിലെ കൊച്ചി, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, വൈപ്പിന്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിനുള്ളില്‍ കടുത്ത തര്‍ക്കങ്ങളില്‍ തുടരുന്നതിനിടെയാണ് ദീപ്തിയുടെ ഈ നീക്കം.

അതേസമയം, മുഹമ്മദ് ഷിയാസ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതകള്‍ സജീവമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷിയാസിന് സീറ്റ് നല്‍കുന്നതില്‍ ഉറച്ച നിലപാടിലാണ്. ഷിയാസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ റോഡ് ഷോ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News