ഇനിയെങ്കിലും നാട് മാറണം; ആ ഒരു വ്യക്തി കാരണമാണ് ഞാൻ ബിജെപിയിലേക്ക് വന്നത്; എല്ലാം ജനങ്ങൾ തീരുമാനിക്കട്ടെ; ഒടുവിൽ രഹസ്യം പരസ്യമാക്കി റോബിൻ രാധാകൃഷ്‍ണൻ
വടകര: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ, മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രസ്താവനകൾ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തനിക്ക് ബിജെപിയിൽ ചേരാൻ പ്രചോദനമായതെന്നും കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വടകരയിൽ ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കവെ ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോബിൻ.
"മോദിജിയാണ് എന്റെ പ്രചോദനം. മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിലേക്ക് വന്നത്," റോബിൻ പറഞ്ഞു. "കഴിഞ്ഞ ദിവസം ഞാൻ അദ്ദേഹത്തെ കാണാനിടയായി. നിരവധി വികസനപദ്ധതികളാണ് അദ്ദേഹം കേരളത്തിനുവേണ്ടി നൽകിയിരിക്കുന്നത്. ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾക്കായി നമ്മുടെ നാട് കാത്തിരിക്കുന്നുണ്ട്. ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. മാറ്റങ്ങൾ ആവശ്യമാണ്. മാറണം, മാറിയിരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ റോബിൻ രാധാകൃഷ്ണൻ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്ന സൂചനകൾ അന്നുണ്ടായിരുന്നെങ്കിലും, ഇതുവരെ പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ പേരില്ല. എന്നാൽ, പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ റോബിൻ സജീവമായി പങ്കെടുക്കുന്നുണ്ട്. സെലിബ്രിറ്റികളുടെ രാഷ്ട്രീയപ്രവേശനം തിരഞ്ഞെടുപ്പ് കാലത്ത് സജീവ ചർച്ചയാകുന്ന സാഹചര്യത്തിലാണ് റോബിന്റെ ഈ പ്രതികരണങ്ങൾ.
മുൻപും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് റോബിൻ രാധാകൃഷ്ണൻ രംഗത്തുവന്നിട്ടുണ്ട്. താനൊരു 'സംഘി'യാണെന്ന് അഭിമാനത്തോടെ പറയുന്നതായും ബിജെപി കേരളം ഭരിക്കുന്ന ദിവസം വരുമെന്നും അദ്ദേഹം മുമ്പ് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഡോക്ടർ എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലുമാണ് തിരുവനന്തപുരം സ്വദേശിയായ റോബിൻ പ്രശസ്തനായത്. റോബിന്റെ ഭാര്യ ആരതി പൊടിയും സമൂഹമാധ്യമങ്ങളിൽ പരിചിതമായ മുഖമാണ്.