ഗീബല്‍സിനെ പോലും കടത്തിവെട്ടുന്ന രീതിയിലാണ് രാഷ്ട്രീയ എതിരാളികള്‍ നുണകള്‍ പടച്ചുവിടുന്നത്; വീടുകള്‍ തോറും കയറി ഈ നുണകള്‍ പൊളിച്ചടുക്കണം; നേരായ രീതിയില്‍ എല്‍ഡിഎഫിനെ നേരിടാന്‍ അവര്‍ക്ക് ധൈര്യമില്ലെന്നും ധര്‍മ്മടത്ത് പിണറായി വിജയന്‍

ഗീബല്‍സിനെ പോലും കടത്തിവെട്ടുന്ന രീതിയിലാണ് രാഷ്ട്രീയ എതിരാളികള്‍ നുണകള്‍ പടച്ചുവിടുന്നത്: പിണറായി വിജയന്‍

Update: 2026-03-18 15:46 GMT

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവെ, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അതിശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്പറത്ത് നടന്ന ധര്‍മ്മടം മണ്ഡലം എല്‍ഡിഎഫ് കണ്‍വെന്‍ഷനിലാണ് നുണപ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പോര്‍വിളി നടത്തിയത്. എതിരാളികള്‍ നേരും നെറിയുമില്ലാത്ത കളിയിലേക്കാണ് നീങ്ങുന്നതെന്നും നേരായ രീതിയില്‍ എല്‍ഡിഎഫിനെ നേരിടാന്‍ അവര്‍ക്ക് ധൈര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഗീബല്‍സിനെ തോല്‍പ്പിക്കുന്ന നുണകള്‍

ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രി ഗീബല്‍സിനെ പോലും കടത്തിവെട്ടുന്ന രീതിയിലാണ് രാഷ്ട്രീയ എതിരാളികള്‍ കേരളത്തില്‍ നുണകള്‍ പടച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വീടുകള്‍ തോറും കയറി വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അര്‍ഹമായ മറുപടി നല്‍കണം. ഓരോ വീട്ടിലും ചെന്ന് ഈ നുണകള്‍ പൊളിച്ചടുക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരളത്തിന്റെ നേറ്റിവിറ്റി കാര്‍ഡ്

സംഘപരിവാറിനെ ലക്ഷ്യം വെച്ചും മുഖ്യമന്ത്രി കടുത്ത വിമര്‍ശനം ഉന്നയിച്ചു. 'ഞാന്‍ കേരളത്തിന്റെ സന്തതിയാണ്' എന്ന നേറ്റിവിറ്റി കാര്‍ഡ് പോലും അംഗീകരിക്കാന്‍ സംഘപരിവാര്‍ തയ്യാറല്ല. എന്നാല്‍ കേരളം നല്‍കുന്ന ആ അംഗീകാരത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിയുടെ പരിമിതികള്‍

സംസ്ഥാനമൊട്ടാകെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ സ്വന്തം മണ്ഡലത്തിലെ ഓരോ വീടുകളിലും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നേരിട്ടെത്താന്‍ പ്രയാസമുണ്ടെന്ന് മുഖ്യമന്ത്രി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ഈ പരിമിതി മനസ്സിലാക്കി മണ്ഡലത്തിലെ പ്രചാരണം പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു.

സ്‌നേഹമായി ഗാന്ധിഭവന്റെ കരുതല്‍

കണ്‍വെന്‍ഷനിലെ വൈകാരികമായ നിമിഷമായിരുന്നു പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളുടെ സ്‌നേഹസമ്മാനം. മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ കെട്ടിവെക്കാനുള്ള തുക ഗാന്ധിഭവനിലെ അന്തേവാസികള്‍ ചേര്‍ന്ന് അദ്ദേഹത്തിന് കൈമാറി.

Tags:    

Similar News