പിഎം ശ്രീയില്‍ ബേബിയുടെ നിസ്സഹായമായ മൗനം വിഷമിപ്പിച്ചെന്ന പരാമര്‍ശം: ബേബിക്കെതിരായ പരാമര്‍ശത്തില്‍ നേരിട്ട് ഖേദം അറിയിച്ച് പ്രകാശ് ബാബു; ബേബി നടത്തിയ ഇടപെടലില്‍ പ്രത്യേകം നന്ദി അറിയിച്ചും രംഗത്ത്
ബേബിക്കെതിരായ പരാമര്‍ശത്തില്‍ നേരിട്ട് ഖേദം അറിയിച്ച് പ്രകാശ് ബാബു
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തില്‍ എം.എ ബേബിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം അറിയിച്ച് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പ്രകാശ് ബാബു. ബേബിയോട് നേരിട്ട് ഖേദപ്രകടനം നടത്തിയതായും പ്രശ്‌നപരിഹാരത്തിന് ബേബി നടത്തിയ ഇടപെടലില്‍ പ്രത്യേകം നന്ദി അറിയിച്ചതായും പ്രകാശ് ബാബു പറഞ്ഞു.
ഡി.രാജ ഭക്ഷണം പോലും കഴിക്കാന്‍ കാത്തുനില്‍ക്കാതെയാണ് എം.എ ബേബിയെ കണ്ടതെന്ന് പ്രകാശ് ബാബു പറഞ്ഞിരുന്നു . എന്നാല്‍, ഉന്നയിച്ച വിഷയങ്ങളെല്ലാം കേട്ടിട്ടും ബേബി ഒന്നും പറഞ്ഞില്ലെന്നും ബേബിയുടെ നിസ്സഹായമായ മൗനം വിഷമിപ്പിച്ചെന്നുമായിരുന്നു പ്രകാശ് ബാബു നടത്തിയ പരാമര്‍ശം.
ഇന്നത്തെ ജനയുഗം ലേഖനത്തിലും ബേബിയുടെ ഇടപെടലിനെ പ്രകാശ് ബാബു പ്രശംസിച്ചിട്ടുണ്ട്. പിഎം ശ്രീ ഒത്തുതീര്‍പ്പില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയെ പ്രശംസിച്ചു ജനയുഗത്തില്‍ ലേഖനമെഴുതി. ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫ് മുന്നോട്ട് പോകുമെന്ന് സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനായെന്നും ലേഖനത്തില്‍ പറയുന്നു.
ഇടതുപക്ഷ പാര്‍ട്ടികളുടെ സംസ്ഥാനദേശീയ നേതൃത്വം സജീവമായി ഈ വിഷയത്തില്‍ ഇടപെടുകയും ബഹു. കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുകയും ചെയ്തു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി കേരളത്തില്‍ ക്യാമ്പു ചെയ്തുകൊണ്ട് സിപിഐ സിപിഐ(എം) സംസ്ഥാന സെക്രട്ടറിമാരുമായും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെയും ബന്ധപ്പെട്ട് ഉചിതമായ പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു.
നിര്‍ണായകമായ ആ ഇടപെടലുകള്‍ ഫലം കണ്ടു. കേരള മുഖ്യമന്ത്രി എല്ലാ ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി. ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്‍ഡിഎഫ് മുന്നോട്ട് പോകുമെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനും ഇതില്‍ക്കൂടി ഇടതു നേതൃത്വത്തിനു കഴിഞ്ഞുവെന്നും ലേഖനത്തില്‍ പറയുന്നു.