'ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആശമാരുടെ പ്രശ്‌നങ്ങള്‍ക്ക് ആദ്യ മന്ത്രിസഭയില്‍ പരിഹാരം കാണും; ഇപ്പോഴുണ്ടായത് സ്ത്രീ ശക്തിയുടെ വിജയം'; യുഡിഎഫ് കൂടെയുണ്ടാകുമെന്ന് ഉറപ്പുനല്‍കി വിഡി സതീശന്‍
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭയില്‍ ആശമാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഇപ്പോഴുണ്ടായത് സ്ത്രീ ശക്തിയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആശമാരുടെ രാപ്പകല്‍ സമരത്തിന്റെ വിജയപ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
'ആര്‍ക്കും മായ്ച്ചുകളയാന്‍ സാധിക്കാത്ത ഒരു അടയാളപ്പെടുത്തല്‍ നടത്തിയിട്ടാണ് ആശമാര്‍ രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നത്. ഇന്ന് സമരം അവസാനിപ്പിക്കുമെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ചിലര്‍ പറഞ്ഞത് 33 രൂപ നക്കാപ്പിച്ച വാങ്ങിയിട്ടാണെന്നാണ്. പക്ഷെ ഈ സമരത്തിന്റെ രൂക്ഷത എനിക്കറിയാം. ഈ സമരം ആരംഭിച്ച് നാലാം ദിവസം മുതല്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ ഇതുവരെ കാണാത്ത ഒരു സമരരീതിയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇനിയും സമരം വ്യാപിക്കും.
ഇവിടെ നടന്ന സമരത്തേക്കാള്‍ രൂക്ഷമായിരിക്കും ഇനി ജില്ലകളിലും പഞ്ചായത്തിലും നടക്കാന്‍ പോകുന്നത്. ഇത്രമാത്രം ജനപിന്തുണ ലഭിച്ച ഒരു സമരം കേരളത്തില്‍ ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല. ഇത് സ്ത്രീശക്തിയുടെ മഹത്തായ വിജയമാണ്. യുഡിഎഫ് വന്നാല്‍ ആദ്യ മന്ത്രിസഭയില്‍ ആശമാരുടെ ആവശ്യത്തിന് തീരുമാനമുണ്ടാകും. സര്‍ക്കാരിന് എന്തൊരു പരാഹാസമായിരുന്നു. നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് കിട്ടിയത്. പക്ഷെ നിങ്ങള്‍ ആവശ്യപ്പെട്ട മിനിമം വേതനം ഇനിയും നേടാനുണ്ട്. ഞാന്‍ തരുന്ന വാക്കാണ്. ഞങ്ങള്‍ കൂടെയുണ്ടാകും. നിങ്ങള്‍ കേരളത്തില്‍ എവിടെ സമരം നടത്തിയാലും യുഡിഎഫ് കൂടെയുണ്ടാകും'- വിഡി സതീശന്‍ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നില്‍ 266 ദിവസം നീണ്ടുനിന്ന ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരത്തിനാണ് ഇതോടെ സമാപനമായത്. സമരം ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാര്‍ അറിയിച്ചിരുന്നു. ആശാ വര്‍ക്കര്‍മാരുടെ സമര പന്തലിലേക്ക് രാഹുല്‍ മാങ്കൂട്ടത്തിലും എത്തിയിരുന്നു.
ഓണറേറിയം 21000 രുപയായി വര്‍ദ്ധിപ്പിക്കുകയും വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളില്‍ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വര്‍ഷം തികയുന്ന 2026 ഫെബ്രുവരി 10ന് തിരുവനന്തുപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചത് നേട്ടമാണെന്ന് വിലയിരുത്തിയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ചത്.