യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളില്‍ സമ്മര്‍ദ്ദമുയര്‍ത്തി സി.എം.പി; തിരുവനന്തപുരവും കുന്ദമംഗലവും വേണമെന്ന് സിപി ജോണ്‍; തിരുവനന്തപുരത്ത് സിപിയും കുന്ദമംഗലത്ത് വിജയകൃഷ്ണനും മത്സരിക്കാന്‍ റെഡ്ഡി; 'തിരുവമ്പാടി' ഫോര്‍മുലയുമായി ലീഗ് എത്തിയേക്കും; സിപിയും കൂട്ടരും തേടുന്ന ജയസാധ്യതാ സീറ്റുകള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ശക്തമായ അവകാശവാദവുമായി സി.എം.പി. തിരുവനന്തപുരവും കുന്ദമംഗലവും ഉള്‍പ്പെടെ രണ്ട് സീറ്റുകള്‍ വേണമെന്നാണ് സി.എം.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ആവശ്യപ്പെടുന്നത്. നിലവില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളല്ലാത്ത ഈ മണ്ഡലങ്ങള്‍ സി.എം.പിക്ക് വിട്ടുനല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
തിരുവനന്തപുരത്ത് സി.പി. ജോണും കുന്ദമംഗലത്ത് സി.എന്‍. വിജയകൃഷ്ണനും സ്ഥാനാര്‍ത്ഥികളാകണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ധാരണയെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് തിരുവമ്പാടി സീറ്റ് സി.എം.പിക്ക് നല്‍കുമെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. തിരുവമ്പാടി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും സീറ്റുകളുടെ കാര്യത്തില്‍ യു.ഡി.എഫ്. സ്വീകരിക്കുന്ന തീരുമാനം നിര്‍ണ്ണായകമാകുമെന്നും സി.പി. ജോണ്‍ പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രലില്‍ കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. വിഎസ് ശിവകുമാര്‍ അടക്കം നിരവധി പേര്‍ സീറ്റിനായി രംഗത്തുണ്ട്. കുന്ദമംഗലം മുസ്ലീം ലീഗിന്റെ കൈയ്യിലാണ്. കഴിഞ്ഞ തവണ സ്വതന്ത്രനാണ് മത്സരിച്ചത്. ഈ സാഹചര്യത്തില്‍ ഈ സീറ്റ് സിഎംപിയ്ക്ക് നല്‍കിയേക്കും. കോഴിക്കോട്ടെ പ്രധാന സഹകാരിയായ വിജയകൃഷ്ണന്‍ അവിടെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനാണ്. ലീഗ് നിലപാടാകും ഇനി നിര്‍ണ്ണായകം. ജോണിന് തിരുവമ്പാടി നല്‍കാന്‍ ലീഗ് തയ്യാറാകുമെന്നും സൂചനയുണ്ട്.
സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് സി.പി. ജോണ്‍ ഉയര്‍ത്തുന്നത്. എം.വി. രാഘവന് ശേഷം സി.എം.പി. ക്ഷയിച്ചെന്ന ആരോപണങ്ങള്‍ക്ക്, ഇ.എം.എസിനും ജ്യോതിബസുവിനും ശേഷം സി.പി.എം എവിടെയെത്തിയെന്ന് പരിശോധിച്ചാല്‍ മറുപടി ലഭിക്കുമെന്ന് അദ്ദേഹം തിരിച്ചടിച്ചു. സി.പി.എം സി.പി.ഐയിലേക്ക് മടങ്ങുന്ന കാലത്ത് മാത്രമേ ഇടതുപക്ഷത്തേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം പരിഹസിച്ചു.
ജനങ്ങളെ ഇത്രയേറെ വെറുപ്പിച്ച മറ്റൊരു സര്‍ക്കാരില്ലെന്നും വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഈഴവ വിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ പരിഗണന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
