സുരേഷ് ഗോപിയുടെ അപ്രതീക്ഷിത എന്‍ട്രിയില്‍ കഴിഞ്ഞ തവണ 946 വോട്ടുകള്‍ക്ക് വീണു; ഇത്തവണ സുരേഷ് ഗോപിയുടെ 'ചങ്ക്' സ്ഥാനാര്‍ത്ഥി; തൃശൂര്‍ പിടിക്കാന്‍ പത്മജ? പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സന്തോഷത്തോടെ മത്സരിക്കുമെന്ന് ലീഡറുടെ മകള്‍; നേമത്ത് സ്വയം ചുവരെഴുതി കളം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ ഇത്തവണ അങ്കം മുറുകും!

തൃശൂര്‍ പിടിക്കാന്‍ പത്മജ?

Update: 2026-02-23 07:18 GMT

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങും മുന്‍പേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിലും ബഹുദൂരം മുന്നിലെത്താനുള്ള നീക്കത്തിലാണ് ബിജെപി. തൃശൂര്‍ മണ്ഡലത്തില്‍ പത്മജ വേണുഗോപാലിനെ ഇറക്കാനാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. പത്മജയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകളെങ്കിലും, തൃശൂരില്‍ ശക്തയായ ഒരു വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ദേശീയ നേതൃത്വത്തിന്റെയും താല്‍പ്പര്യമാണ് അവരെ വീണ്ടും മത്സരരംഗത്തേക്ക് എത്തിക്കുന്നത്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സന്തോഷത്തോടെ മത്സരിക്കാന്‍ തയ്യാറാണെന്നും ഇതുവരെ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ വ്യക്തമാക്കി. കഴിഞ്ഞ തവണ സുരേഷ് ഗോപി പിടിച്ച വോട്ടുകളാണ് (946) പത്മജയുടെ തോല്‍വിക്ക് കാരണമായതെങ്കില്‍, ഇത്തവണ സുരേഷ് ഗോപിയുടെ തന്നെ പിന്തുണയോടെ 'സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥി' എന്ന ലേബലില്‍ അവര്‍ മത്സരത്തിനിറങ്ങുന്നു എന്നതാണ് രാഷ്ട്രീയ കൗതുകം.

അതേസമയം, ബിജെപിയുടെ 'ഗുജറാത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നേമം മണ്ഡലം തിരിച്ചുപിടിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരിട്ടിറങ്ങിക്കഴിഞ്ഞു. മണ്ഡലത്തിലെ ചുവരുകളില്‍ 'നമുക്ക് വേണം വികസിത നേമം' എന്ന് സ്വയം എഴുതിക്കൊണ്ടാണ് അദ്ദേഹം പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിട്ടത്. നേമത്തെ നിലവിലെ എല്‍.ഡി.എഫ് എം.എല്‍.എ തികഞ്ഞ പരാജയമാണെന്നും മണ്ഡലത്തില്‍ വികസനം മുരടിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചാല്‍ നേമത്ത് തന്നെ മത്സരിക്കാനാണ് തന്റെ ആഗ്രഹമെന്നും പൈലറ്റ് എന്ന നിലയില്‍ മണ്ഡലത്തില്‍ മാറ്റം കൊണ്ടുവരാന്‍ തനിക്ക് സാധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.


Full View

ബിജെപിയുടെ 30 സീറ്റുകളിലേക്കുള്ള ആദ്യഘട്ട സാധ്യത പട്ടികയില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖറിന് പുറമെ, കഴക്കൂട്ടത്ത് വി. മുരളീധരന്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പാലക്കാട് അല്ലെങ്കില്‍ കായംകുളം, വട്ടിയൂര്‍ക്കാവ് സീറ്റുകളില്‍ ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെയും കൃഷ്ണകുമാറിന്റെയും പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു. ഇതിനുപുറമെ മലമ്പുഴയില്‍ സി. കൃഷ്ണകുമാറും, പാലായില്‍ ഷോണ്‍ ജോര്‍ജും, തിരുവല്ലയില്‍ അനൂപ് ആന്റണിയും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. വട്ടിയൂര്‍ക്കാവില്‍ പത്മജയുടെ പേരും നേരത്തെ കേട്ടിരുന്നെങ്കിലും, സഹോദരന്‍ കെ. മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അവിടെ എത്തുകയാണെങ്കില്‍ രാഷ്ട്രീയ സാഹചര്യം മാറാന്‍ സാധ്യതയുണ്ട്.

ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നാലുടന്‍ ഈ പട്ടികയില്‍ അന്തിമ തീരുമാനമാകും. നിലവില്‍ തൃശൂരിലും നേമത്തും ശ്രദ്ധ കേന്ദ്രീകരിച്ച് വന്‍ പ്രചാരണ പരിപാടികള്‍ക്കാണ് പാര്‍ട്ടി രൂപം നല്‍കിയിരിക്കുന്നത്. കരുണാകരന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടി തൃശൂര്‍ പിടിക്കാന്‍ പത്മജയെ ഇറക്കുന്നതിലൂടെ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

Tags:    

Similar News