നെഞ്ചോട് ചേര്‍ത്ത ആ കൈ വിട്ടു! കൊട്ടാരക്കരയിലെ 'യുഡിഎഫ് മുഖം' ആര്‍ രശ്മി ഇനി ബിജെപിയില്‍; നേതാക്കള്‍ മോശം പരാമര്‍ശം നടത്തി അപമാനിച്ചു; പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പ്രതികരണം; സതീശനും കൊടിക്കുന്നിലും വിളിച്ചിട്ടും വഴങ്ങാതെ പടിയിറക്കം; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമോ?

Update: 2026-02-21 09:45 GMT

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ആര്‍.രശ്മി പാര്‍ട്ടി വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചു. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. സിപിഎം വിട്ട് കോണ്‍ഗ്രസിനൊപ്പം എത്തിയ ആയിഷ പോറ്റിയെ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതില്‍ വിയോജിച്ചാണ് രശ്മി പാര്‍ട്ടി വിട്ടതെന്നാണു സൂചന. 2021ല്‍ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള രശ്മി ഇക്കുറിയും സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് അയിഷ പോറ്റി കോണ്‍ഗ്രസിലെത്തിയത്.

ഇതോടെ രശ്മി രണ്ട് നിബന്ധനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ വച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി തീര്‍ക്കണമെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ഏതെങ്കിലുമൊന്ന് നല്‍കണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതോടെയാണ് രശ്മി പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

നെഞ്ചോട് ചേര്‍ത്ത് പിടിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ കാരണമെന്നും രശ്മി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തന്റെ അനുഭവങ്ങള്‍ പൊതുസമൂഹത്തോട് തുറന്നു പറയും. ഐഷാ പോറ്റിയുടെ കടന്നുവരവല്ല തന്റെ തീരുമാനത്തിന് പിന്നിലെന്നും രശ്മി വ്യക്തമാക്കി. ഒരു വിഭാഗം മനപ്പൂര്‍വ്വം അകറ്റിനിര്‍ത്തി. കോണ്‍ഗ്രസിലെ ഒരാള്‍ തന്നെക്കുറിച്ച് മോശം വാക്കുകള്‍ പറഞ്ഞു. നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പാര്‍ട്ടി വിടുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് സംസാരിച്ചു. കൊടിക്കുന്നില്‍ സുരേഷും വി ഡി സതീശനും മാത്രമാണ് തന്നോട് സംസാരിച്ചത്. സാമ്പത്തിക വിഷയമല്ല പാര്‍ട്ടി വിടാന്‍ കാരണമെന്നും രശ്മി പറഞ്ഞു. കൊട്ടാരക്കര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനമെന്നും ഏതു മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കുമെന്നും രശ്മി പറഞ്ഞു.

Similar News