'പ്രതികാരം അപ്പയുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നു; എങ്കിലും അപ്പയെ വേട്ടയാടിയവര്‍ക്ക് ജനങ്ങള്‍ മാപ്പുനല്‍കില്ല'; പത്തനാപുരത്ത് ഇത്തവണ ഭരണവിരുദ്ധ തരംഗമുണ്ടെന്നും കാറ്റ് മാറിവീശുമെന്നും മറിയാ ഉമ്മന്‍; മകളുടെ വിതുമ്പല്‍ വോട്ടാകുമോ? ഉമ്മന്‍ചാണ്ടിയെ ക്രൂശിച്ചവര്‍ക്ക് പത്തനാപുരം മാപ്പുനല്‍കില്ലെന്ന് മറിയ; ഗണേഷ് കുമാറിനെ വീഴ്ത്താന്‍ 'ചാമക്കാല സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

Update: 2026-03-21 02:59 GMT

പത്തനാപുരം: രാഷ്ട്രീയപ്പോരാട്ടത്തിന്റെ ചൂടേറിയ കളം എന്നതിലുപരി, പത്തനാപുരം സാക്ഷ്യം വഹിക്കുന്നത് നോവുന്ന ഒരോര്‍മ്മ പുതുക്കലിന്. ഉമ്മന്‍ചാണ്ടി എന്ന ജനനായകന്റെ സ്മരണകള്‍ പത്തനാപുരത്തെ വോട്ടര്‍മാരുടെ ഉള്ളുലയ്ക്കുമ്പോള്‍, വികാരഭരിതയായാണ് മകള്‍ മറിയ ഉമ്മന്‍ യു.ഡി.എഫ് പ്രചാരണവേദിയിലെത്തിയത്. ആര് മാപ്പ് നല്‍കിയാലും ഗണേഷ്‌കുമാറിന് പത്തനാപുരത്തെ ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്ന് മറിയ ഉമ്മന്‍ തുറന്നടിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രചാരണാര്‍ത്ഥം തലവൂരില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പത്തനാപുരത്തുനിന്നുതന്നെ തുടക്കം കുറിച്ചത് അപ്പയോടുള്ള കടപ്പാട് കൊണ്ടാണെന്ന് മറിയ പറഞ്ഞു. 'അപ്പയുടെ ആത്മാവിന് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന ഒന്നായിരിക്കും ഇത്. ഒരാളെ പോലും ബുദ്ധിമുട്ടിക്കാത്ത അപ്പയെ ചിലര്‍ വേട്ടയാടി. മറുനാട്ടില്‍ നിന്നുള്ളവരല്ല, സ്വന്തം നാട്ടുകാര്‍ തന്നെയായിരുന്നു ആ ദുരാരോപണങ്ങള്‍ക്ക് പിന്നില്‍. അത് അപ്പയെ വല്ലാതെ വേദനിപ്പിച്ചിരുന്നു,' മറിയ വിതുമ്പലോടെ ഓര്‍മ്മിച്ചു.

പത്തനാപുരത്തെ വികസനം നാട്ടുകാര്‍ക്കല്ല, മറിച്ച് മറ്റാര്‍ക്കോ വേണ്ടിയാണെന്നും അവര്‍ പരിഹസിച്ചു. ജീവിതത്തിന്റെ അവസാന മാസങ്ങളില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട വേട്ടയാടലുകള്‍ ഉമ്മന്‍ചാണ്ടിയെ തളര്‍ത്തിയിരുന്നു. സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പോലും താന്‍ കുറ്റവിമുക്തനായ വാര്‍ത്ത സന്തോഷത്തോടെയാണ് അപ്പ തന്നെ കാണിച്ചുതന്നതെന്ന് മറിയ പറഞ്ഞു. 'സി.ബി.ഐ റിപ്പോര്‍ട്ട് വന്നപ്പോള്‍ അപ്പയ്ക്ക് സംസാരിക്കാന്‍ കഴിയില്ലായിരുന്നു. എങ്കിലും ആ കണ്ണുകളിലെ തിളക്കം ഒരു മകളെന്ന നിലയില്‍ തനിക്ക് മനസ്സിലായി. മൂന്ന് നാല് മാസത്തോളം അപ്പ ആ വേദന ഉള്ളിലൊതുക്കിയിരുന്നു,' മറിയ പറഞ്ഞു.

പത്തനാപുരത്തെ ഓരോ വോട്ടര്‍ക്കും സത്യമെന്താണെന്ന് അറിയാം. അപ്പയെ ക്രൂശിച്ചവര്‍ക്ക് ഇവിടുത്തെ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും. ജ്യോതികുമാര്‍ ചാമക്കാല വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഉമ്മന്‍ചാണ്ടി വികാരം മണ്ഡലത്തില്‍ അലയടിക്കുമെന്നും മറിയ ഉമ്മന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സോളാര്‍ കേസിലെ വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടി എന്ന ജനനായകനെ ജീവിച്ചിരുന്നപ്പോള്‍ വേട്ടയാടിയവര്‍ക്കും കുരിശിലേറ്റിയവര്‍ക്കും വിധി കുറിക്കാന്‍ പത്തനാപുരത്തിന്റെ മണ്ണില്‍ മറിയ ഉമ്മന്‍ എത്തിക്കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനെത്തിയ മറിയ ഉമ്മന്റെ വാക്കുകള്‍ ഓരോന്നും കേരളം ചര്‍ച്ച ചെയ്ത സോളാര്‍ ഗൂഢാലോചനയുടെ മുറിവുകള്‍ ഉണര്‍ത്തുന്നതായിരുന്നു.

സോളാര്‍ ഗൂഢാലോചനയില്‍ ഗണേഷ് കുമാറിന്റെ പങ്ക് നേരത്തെ തന്നെ ചര്‍ച്ചയായതാണ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ തന്നെ നേരിട്ട് കളത്തിലിറങ്ങി ഗണേഷിനെതിരെ വിരല്‍ ചൂണ്ടുമ്പോള്‍ അത് പത്തനാപുരത്ത് വലിയ ചലനമുണ്ടാക്കുമെന്നുറപ്പ്. പത്തനാപുരത്തുകാര്‍ എല്ലാം കാണുന്നുണ്ടെന്നും ജ്യോതികുമാര്‍ ചാമക്കാല വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മറിയ ഉമ്മന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരും ദിവസങ്ങളില്‍ മറിയ ഉമ്മന്റെ സാന്നിധ്യം പത്തനാപുരത്തെ തിരഞ്ഞെടുപ്പ് ചൂട് ഇരട്ടിയാക്കും.

സോളാര്‍ കേസിലെ പ്രതിയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്ത് ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗണേഷ് കുമാറിനെതിരെ വിചാരണ തുടരാന്‍ കോടതി ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് വിചാരണ സ്റ്റേ ചെയ്യണമെന്ന ഗണേഷിന്റെ ആവശ്യം കോടതി തള്ളിയത് ഗണേഷിന് വലിയ തിരിച്ചടിയായി. ഇതിനൊപ്പമാണ് പ്രചരണത്തിലും ഈ വിഷയം കോണ്‍ഗ്രസ് നിറയ്ക്കുന്നതും. ഗണേഷ് കുമാറിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയും മണ്ഡലത്തിലെ വികസന മുരടിപ്പ് ഉയര്‍ത്തിക്കാട്ടിയുമാണ് ജ്യോതികുമാര്‍ ചാമക്കാല പ്രചാരണം നയിക്കുന്നത്.

അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും യുഡിഎഫ് വിജയിച്ചത് തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

Similar News