ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവര്‍; തായ്‌ലണ്ടില്‍ നിന്നും കഞ്ചാവ് വാങ്ങി ബാങ്കോക്ക് വഴി സിങ്കപ്പൂരിലെത്തി; ജൂനിയറായ ലിബന്‍ദാസിനെ കൂടെ നിര്‍ത്തി തിരുവനന്തപുരം വഴി കടത്തിയത് 1.86 കോടി വിലമതിക്കുന്ന മുന്തിയ ഇനം ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ കുടുങ്ങിയത് വെറുമൊരു സംശയത്തില്‍; ബോസിനെ കണ്ടെത്തുമോ കസ്റ്റംസ്?

Update: 2026-03-21 02:33 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന വന്‍ ലഹരിമരുന്ന് വേട്ടയില്‍ രണ്ട് യുവാക്കളെ കസ്റ്റംസ് വിഭാഗം പിടികൂടുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വിദേശത്തുനിന്ന് വിമാനമാര്‍ഗ്ഗം കടത്താന്‍ ശ്രമിച്ച 1.86 കോടി രൂപ വിലമതിക്കുന്ന മുന്തിയ ഇനം ഹൈബ്രിഡ് കഞ്ചാവാണ് അധികൃതര്‍ പിടിച്ചെടുത്തത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് ഈ വന്‍ സ്രാവുകളെ വലയിലാക്കിയത്. കൊല്ലം സ്വദേശിയായ അനന്ദ് ജയപ്രകാശ് (34), കണ്ണൂര്‍ സ്വദേശിയായ ലിബിന്‍ദാസ് (27) എന്നിവരാണ് പിടിയിലായത്. രണ്ടു പേരും ഡോക്ടര്‍മാരാണ്.

ബാങ്കോക്കില്‍ നിന്നുമാണ് ഇവര്‍ ലഹരിമരുന്നുമായി എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജുകള്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. വസ്ത്രങ്ങള്‍ക്കിടയിലും മറ്റും രഹസ്യ അറകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വിപണിയില്‍ ഏകദേശം 1.86 കോടി രൂപയോളം വിലമതിക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള 'ഹൈബ്രിഡ് കഞ്ചാവ്' ഇനമാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരളത്തിലെയും വിദേശത്തെയും വലിയ ലഹരിമരുന്ന് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പിടിച്ചെടുത്ത ലഹരിമരുന്ന് ആര്‍ക്കുവേണ്ടിയാണ് എത്തിച്ചത് എന്നതിനെക്കുറിച്ച് കസ്റ്റംസും പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു..

ലിബിന്റെ പക്കലുണ്ടായിരുന്ന ലഗേജില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ ഹൈബ്രിട്ട് കഞ്ചാവാണ് കണ്ടെടുത്തത്. സിങ്കപ്പൂരില്‍നിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയെത്തിയ സ്‌കൂട്ട് എയര്‍ലൈന്‍സിലെ യാത്രക്കാരായിരുന്നു ഇവരെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് ഒരു കോടിയലധികം രൂപ വില വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവരാണ് ഇരുവരും.

ഒരാഴ്ച മുമ്പ് തായ്‌ലന്‍ഡിലെത്തിയ ആനന്ദ് അവിടെ നിന്നും കഞ്ചാവ് വാങ്ങി ബാങ്കോക്ക് വഴി സിങ്കപ്പൂരിലെത്തി. അവിടെ വെച്ച് തന്റെ ജൂനിയറായി പഠിച്ച ലിബിന്‍ദാസിനെ കാണുകയും തന്റെ ബാഗില്‍ കഞ്ചാവുണ്ടെന്നും തനിക്ക് വേണ്ടി ഇത് തിരുവനന്തപുരത്ത് എത്തിക്കണമെന്നും ആവശ്യപ്പെടുമയുമായിരുന്നു. തിരുവനന്തപുരത്ത് എത്തിയ ശേഷം ലിബിന്റെ ബാഗുമായി ആനന്ദ് കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്ത് വരുകയും അനന്ദിന്റെ ബാഗ് ലിബിന്‍ കൈവശം വച്ചത് കണ്ട് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തശേഷം കസ്റ്റംസ് അറസ്റ്റു ചെയ്തു.

കഞ്ചാവ് കടത്തുകയും വിമാനത്താവളത്തില്‍നിന്ന് കടന്നുകളഞ്ഞ ആനന്ദിനെ കസ്റ്റംസ് അന്വേഷണ സംഘം പിടികൂടി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്താരാഷ്ട്ര മാഫിയാ സംഘത്തിന്റെ ഭാഗമാണ് ഇവരെന്നാണ് നിഗമനം. സാധാരണ നിലയില്‍ ആര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടു വന്നത് എന്നതിലേക്ക് അന്വേഷണം നീളാറില്ല. ഇതാണ് മാഫിയയ്ക്ക് കരുത്താകുന്നതും.

Similar News