കാസര്‍ഗോഡ് ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഷാനവാസ് പാദൂര്‍! യുഡിഎഫ് വോട്ടുകളില്‍ കണ്ണുവെച്ച് എല്‍ഡിഎഫിന്റെ 'സ്വതന്ത്ര' തന്ത്രം; യുവത്വത്തിന്റെ കരുത്തുമായി ഷാനവാസ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി; ബിജെപിയിലെ പുകച്ചിലും യുഡിഎഫിലെ ഭിന്നതയും മുതലെടുക്കാന്‍ നീക്കം; വടക്കന്‍ പോര് മുറുകുന്നു!

കാസര്‍ഗോഡ് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി

Update: 2026-03-20 15:42 GMT

കാസര്‍ഗോഡ് : കാസര്‍ഗോഡ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട്, എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഷാനവാസ് പാദൂര്‍ രംഗത്തെത്തുന്നു. പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങള്‍ക്കിടയില്‍ ഒരു വ്യത്യസ്ത ശബ്ദമായി ഉയര്‍ന്നുവരുന്ന ഷാനവാസ് പാദൂര്‍, മണ്ഡലത്തിലെ യുവജനങ്ങള്‍ക്കും മാറ്റം ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ക്കും ഒരു പുതിയ പ്രതീക്ഷയായി മാറുന്നുവെന്ന വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് മത്സരരംഗത്തേക്ക് എത്തുന്നത്.

കാസര്‍ഗോഡ് മണ്ഡലം ചരിത്രപരമായി ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ ഇടമാണ്. യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള പോരാട്ടത്തില്‍, വ്യക്തിപരമായ സ്വീകാര്യതയും താഴേതട്ടിലെ ബന്ധവും നിര്‍ണായക ഘടകങ്ങളായി മാറാറുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫിന്റെ ആശയപരമായ പിന്തുണയോടെ ഷാനവാസ് പാദൂര്‍ മത്സരരംഗത്ത് എത്തുന്നത് ശ്രദ്ധേയമാകുന്നത്.

മുന്‍ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പ്രാദേശിക തലത്തില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഷാനവാസ് പാദൂര്‍. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ശൈലി, യുവാക്കളുമായുള്ള ബന്ധം, പൊതുവിഷയങ്ങളിലെ വ്യക്തമായ നിലപാട് എന്നിവ അദ്ദേഹത്തിന് ഒരു ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ട്. പ്രത്യേകിച്ച് തൊഴില്‍, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ രംഗം എന്നിവയില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണ് എന്ന പൊതുഭാവം അദ്ദേഹത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലുണ്ട്.

വിജയസാധ്യതയുടെ കാര്യത്തില്‍ നോക്കുമ്പോള്‍, എല്‍ഡിഎഫ് വോട്ടുകള്‍ ഏകോപിപ്പിക്കപ്പെടുകയും, യുഡിഎഫ് വോട്ടുകളില്‍ ചിതറല്‍ ഉണ്ടാകുകയും ചെയ്യുമെന്ന് വിലയിരുത്തലാണ് ഷാനവാസ്. യുഡിഎഫിലെ ചില മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും പ്രാദേശിക തലത്തിലുള്ള പിന്തുണയും ഷാനവാസ് ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. ബിജെപിയിലുള്ള അസാരസ്യം മുതലെടുക്കുക കൂടി ചെയ്താല്‍ ചരിത്രവിജയം തന്നെയാണ് ഷാനവാസ് പ്രതീക്ഷിക്കുന്നത്. സാഹചര്യം അനുകൂലമായതിനാല്‍ ഷാനവാസ് പാദൂര്‍ ശക്തമായ മത്സരാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ട്. കൂടാതെ, വ്യക്തിപരമായ ഇമേജും ''സ്വതന്ത്ര'' സ്ഥാനാര്‍ത്ഥിയെന്ന നിലയിലും ലഭിക്കുന്ന വോട്ടുകളും നിര്‍ണായകമാകും.

Tags:    

Similar News