'പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ചു പറയാന്‍ എന്റെ കയ്യില്‍ കാര്യങ്ങളില്ല': പാര്‍ട്ടിക്ക് വിധേയനെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യ വെടി പൊട്ടിച്ച് കെ.സുധാകരന്‍; മത്സരിക്കാന്‍ അര്‍ഹത ഉണ്ടായിട്ടും തനിക്ക് അവസരം ലഭിച്ചില്ല; താന്‍ നിര്‍ദ്ദേശിച്ചവരെ സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല; ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ സന്നദ്ധനായി; കെ.എസ് അടങ്ങിയിട്ടില്ല!

പിണറായി 3.0: തുടര്‍ഭരണ സാധ്യത തള്ളാതെ സുധാകരന്‍;

Update: 2026-03-20 15:10 GMT

കണ്ണൂര്‍: കണ്ണൂര്‍ സീറ്റിനായി മൂന്നുദിവസത്തോളം വാശി പിടിക്കുകയും പിന്നീട് വഴങ്ങുകയും ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പിണക്കം മാറിയില്ലേ? ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവേ ഉള്ള പരാമര്‍ശമാണ് ഈ സൂചന നല്‍കുന്നത്. വിവാദങ്ങള്‍ക്കും ഡല്‍ഹി യാത്രകള്‍ക്കും ശേഷമുള്ള ആദ്യ പ്രതികരണത്തില്‍, പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിനാണ് മറുപടി.

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും ഉറപ്പിക്കാനുള്ള കാര്യങ്ങള്‍ തന്റെ കൈയിലില്ലെന്നും അദ്ദേഹം പറഞ്ഞു. 'പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ചു പറയാന്‍ എന്റെ കയ്യില്‍ കാര്യങ്ങളില്ല' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍, തിരഞ്ഞെടുപ്പ് ഗോദയില്‍ യുഡിഎഫിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമോ എന്ന ഭയത്തിലാണ് നേതാക്കള്‍. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് പാര്‍ട്ടി അവകാശപ്പെടുമ്പോഴാണ് സുധാകരന്റെ ഈ വിവാദ പ്രയോഗം.

അര്‍ഹതയുണ്ടായിട്ടും വെട്ടി; പരിഭവമൊഴിയാതെ സുധാകരന്‍!

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ അവഗണിച്ചതിലുള്ള കടുത്ത അമര്‍ഷം സുധാകരന്‍ മറച്ചുവെച്ചില്ല. മത്സരിക്കാന്‍ എല്ലാ അര്‍ഹതയും ഉണ്ടായിട്ടും തനിക്ക് അവസരം നല്‍കിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ താന്‍ നിര്‍ദ്ദേശിച്ചവരെ സംസ്ഥാന നേതൃത്വം പരിഗണിച്ചില്ലെന്നും തന്റെ ആഗ്രഹത്തിനൊപ്പം പാര്‍ട്ടി നിന്നില്ലെന്നും സുധാകരന്‍ പരിഭവിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് എല്ലാവിധ അര്‍ഹതയും ഉണ്ടായിരുന്നിട്ടും പാര്‍ട്ടി അവസരം നല്‍കിയില്ലെന്ന് കെ. സുധാകരന്‍ തുറന്നടിച്ചു. സിറ്റിംഗ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തെത്തുടര്‍ന്നാണ് താന്‍ പിന്മാറിയതെന്നും, ഇക്കാര്യം രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും നേരിട്ട് കണ്ട് സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ എങ്ങനെ പ്രചരിച്ചുവെന്ന് അറിയില്ലെന്നും, രാഷ്ട്രീയത്തില്‍ പ്രതീക്ഷിച്ചതെല്ലാം എപ്പോഴും സംഭവിക്കില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് നേരിട്ട് പോരാടാന്‍ താന്‍ സന്നദ്ധനായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ തന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ആ നീക്കത്തെ പിന്തുണയ്ക്കാതിരുന്നതിനാലാണ് മത്സരരംഗത്ത് നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് താന്‍ ഒരിക്കലും പാര്‍ട്ടി വിടാനോ സ്വതന്ത്രനാകാനോ ആലോചിച്ചിട്ടില്ലെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി. അമിത ആവേശം കാട്ടി കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി തനിക്ക് ഉപദേശം നല്‍കിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. താന്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി മുള്‍മുനയില്‍ നിര്‍ത്തി എന്ന ആരോപണങ്ങള്‍ സുധാകരന്‍ പാടേ നിഷേധിച്ചു. തന്റെ ഡല്‍ഹി യാത്ര തികച്ചും വ്യക്തിപരമായ ഒന്നായിരുന്നുവെന്നും, അവിടെ എത്തിയപ്പോള്‍ ദേശീയ നേതാക്കളെ കാണാന്‍ അവസരം ലഭിച്ചാല്‍ കാണാം എന്ന് കരുതി മാത്രമാണ് ചര്‍ച്ചകള്‍ നടത്തിയത് എന്നുമാണ് സുധാകരന്‍ നല്‍കുന്ന വിശദീകരണം.

ഖര്‍ഗെയുടെ ഉറപ്പ്; പിന്മാറ്റം താല്‍ക്കാലികം?

എ.കെ. ആന്റണിയുടെ ഉപദേശവും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഉറപ്പുമാണ് തന്നെ ശാന്തനാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഉചിതമായ ഭാരവാഹിത്വം ഖര്‍ഗെ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിനാലാണ് ഇപ്പോള്‍ പിന്മാറുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.

Tags:    

Similar News