'നിരസിക്കപ്പെട്ടു, കോണ്‍ഗ്രസ് പട്ടികയില്‍ ആകെ പരിഗണിച്ചത് ഒന്‍പത് വനിതകളെ; സ്ത്രീ കഴിവുള്ളവളാണെങ്കില്‍, സ്ഥിതി വളരെ മോശമാണ്! വളരെ വളരെ സങ്കടകരമാണ്; കേരളത്തിലെ കോണ്‍ഗ്രസ് സ്ത്രീകളെ സഹായിക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിക്കുന്നു'; സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ്

സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ്

Update: 2026-03-20 11:15 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി എഐസിസി വക്താവ് ഷമാ മുഹമ്മദ്. 92 സീറ്റുകളില്‍ സ്ത്രീകളെ പരിഗണിച്ചത് ഒന്‍പത് സീറ്റില്‍ മാത്രമാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീ കഴിവുള്ളവളെങ്കില്‍ സ്ഥിതി വളരെ മോശമാണ്, വളരെ വളരെ സങ്കടകരമാണ്. കേരളത്തിലെ സ്ത്രീകളെ സഹായിക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിക്കുന്നുവെന്നും ഷമാ മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെടില്ല. ഞാന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എന്റെ നേതാവ് @rahulgandhi ജിയോട് കേരളത്തിലെ കോണ്‍ഗ്രസ് സ്ത്രീകളെ സഹായിക്കാന്‍ ഞാന്‍ ബഹുമാനപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. 92 ടിക്കറ്റുകളില്‍ 9 ടിക്കറ്റുകള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. 24 ലോക്സഭകളില്‍, വിതരണം ചെയ്ത 16 ടിക്കറ്റുകളില്‍ 1 സ്ത്രീക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ. സ്ത്രീ കഴിവുള്ളവളാണെങ്കില്‍, സ്ഥിതി വളരെ മോശമാണ്! വളരെ വളരെ സങ്കടകരമാണ്.

കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണ സ്ഥാനാര്‍ഥിയായി ഷമയെ പരിഗണിക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ടതിന് പിന്നാലെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇവിടെ ടി ഒ മോഹനനാണ് സ്ഥാനാര്‍ത്ഥിയായത്. അതിനിടെ കണ്ണൂരില്‍ കെ സുധാകരന്‍ വഴങ്ങിയെങ്കിലും മറ്റിടങ്ങളില്‍ അസ്വസ്ഥത തുടരുകയാണ്.

തളിപ്പറമ്പില്‍ സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദനെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാനൊരുങ്ങി കെപിസിസി അംഗവും കളത്തിലുണ്ട്. ഡിസിസി സെക്രട്ടറി കൂടിയായ കൊയ്യം ജനാര്‍ദ്ദനനാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. മണ്ഡലത്തില്‍ സിപിഎം വിമതന് പിന്തുണ നല്‍കിയത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫ് സിപിഎം വിമതരെയാണ് പിന്തുണയ്ക്കുന്നത്.

ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ജനാര്‍ദ്ദനന്‍ പ്രതികരിച്ചു. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കൊയ്യം ജനാര്‍ദ്ദനല്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. വിമതര്‍ക്ക് പിന്തുണ നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തോട് നിസഹകരണവുമായി കോണ്‍ഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വവും അണികളും രംഗത്തെത്തിയിട്ടുണ്ട്. സിപിഎം വിട്ട് ഇറങ്ങിയ നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വവും പിന്തുണയും നല്‍കാനുള്ള നേതൃത്വത്തിന്റെ തീരുമാനം താഴെതട്ടില്‍ നിരാശ സൃഷ്ടിക്കുന്നുവെന്നാണ് ഇവരില്‍ പലരും പറയുന്നത്.

സിപിഎമ്മില്‍ നിന്ന് വിട്ടു വന്ന വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് പയ്യന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സമ്മേളനം ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. കുഞ്ഞിക്കൃഷ്ണനെയും ടികെ ഗോവിന്ദനെയും പിന്തുണക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

ഇന്നലെ വരെ പാര്‍ട്ടിക്ക് നേരെ ആക്രമണം നടത്തിയവരെ ഇന്ന് ചുമലിലേറ്റുമ്പോള്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചവരുടെ കണ്ണീര്‍ കാണാതെ പോകരുതെന്നായിരുന്നു ഇതിന്റെ കാതല്‍. പുതുതായി ചുവടുമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന ഉറ്റ അണികളുടെ അവകാശത്തിലേക്കുള്ള കടന്നുകയറ്റമാകരുതെന്നും കുറിപ്പിലുണ്ട്. യൂത്ത് ലീഗില്‍ നിന്നും സമാനമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ടി.കെ.ഗോവിന്ദനെയും വി.കുഞ്ഞികൃഷ്ണനെയും പിന്തുണച്ച് എതിരാളികളുടെ കോട്ടകളിലേക്ക് കടന്നുകയറാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം.

Tags:    

Similar News