ജില്ലാ പഞ്ചായത്തിലെ തോല്‍വിക്ക് ശേഷവും പരിഗണിക്കാതെ പാര്‍ട്ടി; ലോക്കല്‍ സെക്രട്ടറി സ്ഥാനവും തിരിച്ചു നല്‍കിയില്ല; സി പി എം വിടാന്‍ എസ്.വി സുബിന്‍; ബി ജെ.പി ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് സൂചന; നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും അഭ്യൂഹം; തിരുവല്ലയിലെ എല്‍ഡിഎഫില്‍ കല്ലുകടി

Update: 2026-03-21 03:06 GMT

മല്ലപ്പള്ളി: മുന്‍ ജില്ലാ പഞ്ചായത്തംഗവും നിലവില്‍ സി.പിഎം മല്ലപ്പള്ളി ഏരിയ കമ്മറ്റിയംഗവുമായ എസ്.വി സുബിന്‍ സി. പി എം വിടാന്‍ ഒരുങ്ങുന്നുവെന്ന് സൂചനകള്‍. ബി.ജെ.പി പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ ചിലരുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചനകള്‍ പുറത്ത് വരുന്നത്. പാര്‍ട്ടിയിലെ പടലപിണക്കവും തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും നേതൃസ്ഥാനം തിരികെ നല്‍കാത്തതുമാണ് സുബിനെ ചൊടിപ്പിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സുബിനെ തിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം സി.പി.എമ്മിനുള്ളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതും സുബിന്റെ പ്രതിച്ഛായയ്ക്ക് ഇടിവുണ്ടാക്കിയിട്ടുണ്ട്.

തദ്ദേശത്തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് കുന്നന്താനം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പദവി സുബിന്‍ രാജിവെച്ചിരുന്നു. എന്നാല്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനില്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടി തനിക്ക് ലോക്കല്‍ സെക്രട്ടറി പദവി തിരികെ നല്‍കാന്‍ തയ്യാറായില്ലെന്ന പരാതിയാണ് ഉയര്‍ത്തുന്നത്. തെരെഞ്ഞെടു പ്പ് പരാജയത്തിന് ശേഷം കുന്നന്താനം സൗത്ത് ലോക്കല്‍ സെക്രട്ടറിയെയും നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയംഗത്തെയും പരസ്യമായി അസഭ്യം വിളിച്ചത് സംബന്ധിച്ച് മല്ലപ്പള്ളി ഏരിയ കമ്മറ്റിക്ക് പരാതി ലഭിച്ചിരുന്നു. ഇതില്‍ സുബിനോട് പാര്‍ട്ടി ഔദ്യോഗികമായി വിശദീകരണം ചോദിച്ചിരിക്കുകയാണ്.

ഇതിനിടെയാണ് സുബിന്റെ സുഹൃത്തും സന്തത സഹചാരിയും കുന്നന്താനത്തെ പ്രമുഖ ബി.ജെ.പി നേതാവുമായ വ്യക്തിയുടെ സഹായത്തോടെ ബി.ജെ.പി പത്തനംതിട്ട ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന സൂചനകള്‍ പുറത്ത് വരുന്നത്. തിരുവല്ല നിയമസഭാ സീറ്റില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ സുബിന്‍ ഒരുങ്ങുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്. നിലവിലെ എം.എല്‍ എ യായ മാത്യു ടി തോമസിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സുബിന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റും ചര്‍ച്ചയായിരുന്നു.

'ഇടത് തോലിട്ടാല്‍ ഇടതുപക്ഷമാവില്ല. ഇടതുപക്ഷം തോല്‍ക്കാതിരിക്കാന്‍ തിരുവല്ല സീറ്റ് സി.പിഎം ഏറ്റെടുക്കണം' എന്നതായിരുന്നു ഫേസ് ബുക്കിലിട്ട കുറിപ്പ്. സി.പി.എം മല്ലപ്പള്ളി ഏരിയ നേതൃത്വം പോസ്റ്റ് പിന്‍വലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് സുബിന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റി യോഗത്തിനും എത്തിയില്ല. തുടര്‍ന്ന് സുബിനെക്കണ്ട് അനുനയിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍ സനല്‍കുമാര്‍ ആവശ്യപ്പെട്ടെങ്കിലും ഏരിയാ തലത്തിലുള്ള നേതാക്കള്‍ ഒന്നിച്ച് എതിര്‍പ്പറിയിച്ചു.

പാര്‍ട്ടിക്ക് അതീതനാണെന്ന സുബിന്റെ ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ലെന്ന വാദമാണ് നേതാക്കള്‍ യോഗത്തില്‍ അറിയിച്ചത്. മുമ്പും മാത്യു ടി തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് സുബിന്‍ പോസ്റ്റിട്ടിരുന്നു. 'കര്‍ണ്ണാടകയില്‍ ബിജെപിയോടൊപ്പം തിവല്ലയിലും മല്ലപ്പള്ളിയിലും എല്‍.ഡി.എഫിനൊപ്പം. ഇരട്ടത്താപ്പ് അവസാനിപ്പിക്കണം' എന്നതായിരുന്നു കുറിപ്പ്. ഇത് ഇപ്പോഴും സുബിന്റെ ഫേസ്ബുക്ക് പേജിലുണ്ട്.

നിരന്തരമായി എം.എല്‍എയെ വിമര്‍ശിക്കുകയും സി.പി.എമ്മിനെ വിഷമവൃത്തത്തിലാക്കുകയും ചെയ്യുന്ന സുബിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേതാക്കളിലും താഴേത്തട്ടിലുള്ള പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.

Similar News