ലൈസന്‍സ് റദ്ദായാല്‍ ആസ്തി കേന്ദ്രം ഏറ്റെടുക്കും; തീവ്രവാദ ഫണ്ടിങ് തടയാന്‍ കേന്ദ്രത്തിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; വിദേശ സഹായം സ്വീകരിക്കുന്നവര്‍ക്ക് കുരുക്ക് മുറുകുന്നു; വിദേശ പണം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ; കേന്ദ്രം നിയമം പരിഷ്‌കരിക്കുന്നു; രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ലൈസന്‍സ് പോയാല്‍ ആസ്തിയും പോകും; വിദേശ സംഭാവന നിയമത്തില്‍ വിപ്ലവകരമായ മാറ്റം
ന്യൂഡല്‍ഹി: വിദേശ സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടുതല്‍ നിയന്ത്രണം വരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ ഭേദഗതി കൊണ്ടുവരാനാണ് നീക്കം. എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. കള്ളപ്പണം വിദേശത്തിലൂടെ കൈമാറുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ വലിയൊരു ഭേദഗതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
വിദേശ സംഭാവന സ്വീകരിക്കുന്ന ഒരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷനോ ലൈസന്‍സോ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയാല്‍, ആ നിമിഷം മുതല്‍ അവരുടെ ആസ്തികള്‍ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയിലേക്ക് മാറും. നിയമലംഘനങ്ങള്‍ക്ക് നിലവിലുള്ള ശിക്ഷാ നടപടികളിലെ അവ്യക്തതകള്‍ നീക്കി, അവ ഏകീകരിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ ഭേദഗതിയിലുണ്ടാകും. ചട്ടലംഘനം നടത്തുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇത് കേന്ദ്രത്തിന് കരുത്തുപകരും. വിദേശ സംഭാവനകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുള്ള കരടു ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ ഇത് അവതരിപ്പിക്കാനാണ് തീരുമാനം. 2010ലാണ് വിദേശ സംഭാവന നിയന്ത്രണ നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. ഇന്ത്യയിലെ വ്യക്തികളോ, അസോസിയേഷനുകളോ, കമ്പനികളോ വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനും അത് ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ഈ നിയമം. അഞ്ച് വര്‍ഷത്തേക്കാണ് എഫ്.സി.ആര്‍.എ ലൈസന്‍സ് നല്‍കുന്നത്. ഇത് കൃത്യമായ ഇടവേളകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കേണ്ടതുണ്ട്. ഈ ലൈസന്‍സ് പലരും ദുരുപയോഗം ചെയ്യുന്നുവെന്ന് കേന്ദ്രം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് നീക്കം.
വിദേശത്തുനിന്ന് എത്തുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ രാജ്യവിരുദ്ധ നീക്കങ്ങള്‍ക്കോ ഉപയോഗിക്കുന്നത് തടയുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. വിദേശ സഹായം സ്വീകരിക്കുന്ന പല സംഘടനകളും അത് ദുരുപയോഗം ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം 'സെന്‍സിറ്റീവ്' ആയ ഫണ്ടുകളെ കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ ഭേദഗതി കേന്ദ്രത്തിന് കൂടുതല്‍ അധികാരം നല്‍കും. എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കപ്പെടുന്ന നിമിഷം മുതല്‍ ആ സ്ഥാപനത്തിന്റെ സ്വത്തുക്കളും ഫണ്ടുകളും സര്‍ക്കാരിന്റെ അധീനതയിലാകും. ലൈസന്‍സ് ദുരുപയോഗം ചെയ്യുന്നവര്‍ക്കും വിദേശപ്പണം വഴിമാറ്റി ചിലവഴിക്കുന്നവര്‍ക്കും എതിരെ പിഴയ്ക്ക് പുറമെ വലിയ തടവുശിക്ഷ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ഇനി വരും.
വിദേശ സഹായം സ്വീകരിക്കുന്ന സംഘടനകളുടെ വരവുചിലവ് കണക്കുകള്‍ കൃത്യമായ ഇടവേളകളില്‍ കേന്ദ്രം നേരിട്ട് പരിശോധിക്കും. വിദേശ ഫണ്ടുകള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കരുതെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വിദേശ ഏജന്‍സികള്‍ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിലോ സുരക്ഷാ കാര്യങ്ങളിലോ ഇടപെടുന്നത് തടയാന്‍ ഈ ഭേദഗതികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഈ ഭേദഗതി ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ രാജ്യത്തെ ആയിരക്കണക്കിന് എന്‍ജിഒകളും സന്നദ്ധ സംഘടനകളും പുതിയ നിയമത്തിന്റെ കര്‍ശന നിരീക്ഷണത്തിലാകും.
