'സ്വര്‍ണക്കൊള്ളയിലെ യഥാര്‍ഥ പ്രതി കടകംപള്ളി സുരേന്ദ്രന്‍ ഇവിടെ വിലസുന്നു; വി എന്‍ വാസവന്‍ അന്യന്‍ കളിക്കുന്നു; പി. രാജീവിന് സ്ഥലകാല വിഭ്രാന്തി'; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ അവിശ്വാസം പാസാക്കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കൊള്ളയിലെ യഥാര്‍ഥ പ്രതി കടകംപള്ളി സുരേന്ദ്രന്‍ ഇവിടെ വിലസുന്നു. സഭയില്‍ കണ്ടത് സര്‍ക്കാരിന്റെ മര്‍ക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങള്‍ തിരസ്‌കരിക്കപ്പെട്ട സര്‍ക്കാരാണിതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഞങ്ങള്‍ അവിശ്വാസം കൊണ്ട് വന്നാല്‍ മുഖ്യമന്ത്രി എഴുതി കൊണ്ടുവന്ന രണ്ടുമണിക്കൂര്‍ പ്രസംഗിക്കും. അത് കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പി. രാജീവിന് ഈയിടെയായി സ്ഥലകാല വിഭ്രാന്തിയാണെന്നും അദേഹം കുറ്റപ്പെടുത്തി.
എസ് ഐ ടിയുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദമാണെന്നും എസ്‌ഐടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതല്‍ മുന്‍കൈ എടുത്തത് വാസവനാണ്. ഇപ്പോള്‍ കൊള്ള പുറത്തു വന്നപ്പോള്‍ കൈകഴുകുന്നു. ദേവസ്വം ബോര്‍ഡ് ഇതുവരെ കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല. വി എന്‍ വാസവന്‍ അന്യന്‍ കളിക്കുന്നുവെന്നും ഒരേ ചോദ്യത്തിന് രണ്ടു മറുപടി നല്‍കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.