'പത്ത് വോട്ട് നോക്കി നിലപാട് സ്വീകരിക്കുന്നു; കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം'; കൊച്ചി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്
കൊച്ചി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ്. പത്ത് വോട്ടിന് വേണ്ടി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ഷോണ്‍ അഭിപ്രായപ്പെട്ടത്. പത്ത് വോട്ട് നോക്കി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ഇതിനൊക്കെ പിന്നിലെന്നും കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും ബി ജെ പി നേതാവ് പറഞ്ഞു. ബീഫിന്റെ പേരിലല്ല ഹാല്‍ സിനിമ സെന്‍സര്‍ ചെയ്തതെന്നും ഷോണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. താമരശേരി ബിഷപ്പ് ഹൗസിനേയും ബിഷപ്പിനേയും തെറ്റിധരിപ്പിക്കുന്ന വിധത്തിലാണ് സിനിമയുടെ ഉള്ളടക്കം. ലൗ ജിഹാദിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ബിഷപ്പിന്റെ കഥാപാത്രത്തിന് നല്‍കിയെന്നും അണിയറ പ്രവര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.
മുനമ്പം നിവാസികളുടെ റവന്യു അവകാശം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പിയുടെ കുഴുപ്പിള്ളി വില്ലേജ് ഓഫീസ് മാര്‍ച്ചിലായിരുന്നു ഷോണിന്റെ പരാമര്‍ശങ്ങള്‍. വഖഫ് സംരക്ഷണ സമിതി രാജ്യ വിരുദ്ധ സംഘടനയാണെന്നും ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടു. മുനമ്പം ജനതയെ പിണറായി വീണ്ടും നിയമപോരാട്ടത്തിലേക്ക് തള്ളിവിടുമോ എന്ന് സംശയമുണ്ട്. വിധിയില്‍ അപ്പീല്‍ പോയാല്‍ വീണ്ടും പ്രതിസന്ധി ഉണ്ടാകുമെന്നും ഷോണ്‍ വിവരിച്ചു. റവന്യു അവകാശം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണം. കോടതി വിധി അനുസരിച്ച് ഭൂമി വഖഫ് അല്ല. കരം സ്വീകരിക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
അതേസമയം എറണാകുളത്ത് ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കമുണ്ടായ സ്‌കൂള്‍ അധികൃതര്‍ അടച്ചിട്ടു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലാണ് സംഭവം ഉണ്ടായത്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അടച്ചിടുകയായിരുന്നു. ഹിജാബിന്റെ പേരില്‍ പുറത്തുനിന്ന് ചിലരെത്തി സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചത്. സ്‌കൂളിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂളിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികള്‍ മാനസിക സമ്മര്‍ദ്ദത്തില്‍ ആയതുകൊണ്ടാണ് രണ്ടുദിവസം സ്‌കൂള്‍ അടച്ചിട്ടിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന അറിയിച്ചു.