ചേച്ചി ഒന്ന് പൊട്ടിക്കരഞ്ഞൂടെ? തോൽക്കാൻ വേണ്ടി തിളയ്ക്കുന്ന സാമ്പാർ! കേരളം പിടിക്കാൻ ആ രണ്ട് വനിതാ താരങ്ങളെ കളത്തിലിറക്കിയ ട്വന്‍റി 20 പാർട്ടി; പക്ഷെ വോട്ടർ പട്ടികയുടെ രൂപത്തിൽ പണി പാളുമെന്ന് ആരും തന്നെ കരുതി കാണില്ല; ഇപ്പൊ..ദേ പോയി ദാ വന്നുവെന്ന അവസ്ഥ; സൈബിറടത്തിൽ ട്രോൾ മഴ
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സെലിബ്രിറ്റികളെ ഇറക്കി അട്ടിമറി വിജയം ലക്ഷ്യമിട്ട ട്വന്റി 20 പാർട്ടിക്ക് തുടക്കത്തിലേ തന്നെ വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങളായ ലക്ഷ്മിപ്രിയയെയും വീണ നായരെയും കളത്തിലിറക്കി 'ഗ്ലാമർ' പോരാട്ടത്തിന് ഒരുങ്ങിയ സാബു എം. ജേക്കബിനും സംഘത്തിനും വോട്ടർ പട്ടികയുടെ രൂപത്തിലാണ് പണി കിട്ടിയത്. സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ട ഇരു നടിമാർക്കും വോട്ടർ പട്ടികയിൽ പേരുപോലുമില്ലെന്ന വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൂരമാണ്.
പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയെയും ഏറ്റുമാനൂരിൽ വീണ നായരെയുമാണ് ട്വന്റി 20 സ്ഥാനാർത്ഥികളായി നിശ്ചയിച്ചിരുന്നത്. എന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങിയപ്പോഴാണ് വോട്ടർ പട്ടികയിലെ 'മിസ്സിംഗ്' വില്ലനായത്. ലക്ഷ്മിപ്രിയയ്ക്ക് തന്റെ മണ്ഡലമായ തൃപ്പൂണിത്തുറയിലോ പഴയ തട്ടകമായ തൃക്കാക്കരയിലോ വോട്ടില്ല. ചങ്ങനാശ്ശേരിയിൽ വോട്ടുണ്ടെന്ന് വിശ്വസിച്ചിരുന്ന വീണ നായരുടെ പേരും ലിസ്റ്റിലില്ല. ഇതോടെ 'ദേ പോയി ദാ വന്നു' എന്ന അവസ്ഥയിലായി താരങ്ങൾ. സ്വന്തം വോട്ട് പോലുമില്ലാത്തവർ എങ്ങനെ ജനങ്ങളുടെ വോട്ട് ചോദിക്കുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
"ചേച്ചി ഒന്ന് പൊട്ടിക്കരഞ്ഞൂടെ?" എന്നും "തോൽക്കാൻ വേണ്ടി തിളയ്ക്കുന്ന സാമ്പാർ" എന്നും പരിഹസിച്ചുകൊണ്ടാണ് ട്രോളന്മാർ ഈ വാർത്ത ആഘോഷിക്കുന്നത്. ബിഗ് ബോസ് ഷോയിൽ വോട്ടിന് വേണ്ടി കരഞ്ഞുവിളിച്ചവർക്ക് ഇപ്പോൾ സ്വന്തം വോട്ട് പോലുമില്ലാത്തത് വലിയ വിരോധാഭാസമായി മാറി. രാഷ്ട്രീയത്തെ സിനിമാ ഷൂട്ടിംഗ് പോലെ നിസ്സാരമായി കണ്ടതാണ് ഈ അബദ്ധത്തിന് കാരണമെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. പകരക്കാരെ ഇറക്കി മുഖം രക്ഷിക്കാൻ പാർട്ടി ശ്രമിക്കുന്നുണ്ടെങ്കിലും, തുടക്കത്തിലേ ഏറ്റ ഈ 'എട്ടിന്റെ പണി' ട്വന്റി 20യുടെ പ്രൊഫഷണൽ ഇമേജിന് വലിയ മങ്ങലേൽപ്പിച്ചിരിക്കുകയാണ്.
അതേസമയം, ഈ പ്രതിസന്ധിയെ പാർട്ടി മറികടന്നത് മറ്റൊരു രാഷ്ട്രീയ നീക്കത്തിലൂടെയാണ്. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി പാത്തിക്കലിനെ പെരുമ്പാവൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ക്യാമ്പിന് ട്വന്റി-20 തിരിച്ചടി നൽകി. യാക്കോബായ സഭയിൽ നിർണ്ണായക സ്വാധീനമുള്ള ജിബി എത്തിയതോടെ ലക്ഷ്മിപ്രിയയുടെ അഭാവം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ നേതൃത്വം.
ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട നടി വീണ നായരുടെ അവസ്ഥയും സമാനമാണ്. ചങ്ങനാശ്ശേരിയിൽ വോട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു താരം. എന്നാൽ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ വീണയുടെ പേരും ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. ബിഗ് ബോസിൽ ജനങ്ങളോട് വോട്ട് ചോദിച്ചു ശീലിച്ച താരത്തിന് സ്വന്തം വോട്ട് പോലുമില്ലാത്തത് വലിയ ട്രോളുകൾക്ക് കാരണമായി. ഇതോടെ ഏറ്റുമാനൂരിൽ വീണയ്ക്ക് പകരം 25 വയസ്സുള്ള യുവ സംരംഭകയും ഇൻഫ്ലുവൻസറുമായ ആതിര ഡി. നായരെ പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചു.
അഖിൽ മാരാരുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ ലക്ഷ്മിപ്രിയ, വീണ നായർ, അഞ്ജലി നായർ തുടങ്ങിയ താരങ്ങളുടെ നിര തന്നെ ട്വന്റി-20യിലേക്ക് എത്തിയിരുന്നു. എന്നാൽ ഈ നീക്കങ്ങളെല്ലാം പ്രൊഫഷണലായിരുന്നില്ല എന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. "ബിഗ് ബോസിൽ വോട്ടിന് വേണ്ടി കാത്തിരുന്നവർക്ക് ഇപ്പോൾ സ്വന്തം വോട്ട് പോലുമില്ല", "തിരക്കഥ എഴുതിയപ്പോൾ വോട്ടർ പട്ടിക നോക്കാൻ മറന്നുപോയി" എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾ. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പോലും പരിശോധിക്കാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് പാർട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
സിനിമയും രാഷ്ട്രീയവും വെവ്വേറെയാണെന്നും രാഷ്ട്രീയ ഗോദയിൽ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നും ഈ സംഭവങ്ങൾ തെളിയിക്കുന്നു. അഖിൽ മാരാർ തൃക്കാക്കരയിൽ സജീവമായി രംഗത്തുണ്ടെങ്കിലും കൂടെ വന്നവർക്ക് തുടക്കത്തിലേ പിന്മാറേണ്ടി വന്നത് പാർട്ടിയുടെ ഇമേജിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. പത്രിക സമർപ്പണം പൂർത്തിയാകുമ്പോഴേക്കും ഇനിയും ഇത്തരത്തിലുള്ള 'മിസ്സിംഗ്' കേസുകൾ ഉണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
