'നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ജനം അറിയരുതെന്ന് ആഗ്രഹിക്കുന്ന വന്‍കിട മാധ്യമങ്ങള്‍ ഉണ്ട്'; പാലം ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ ദൃശ്യ മാധ്യമങ്ങളെത്താതിരുന്നതിന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍: പാലം ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ ദൃശ്യമാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ജനം അറിയരുതെന്ന് ആഗ്രഹിക്കുന്ന വന്‍കിട മാധ്യമങ്ങള്‍ ഉണ്ടെന്ന് പിണറായി കുറ്റപ്പെടുത്തി. പിണറായി - വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂര്‍ പാലം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മാധ്യമങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇവിടെ ദൃശ്യമാധ്യമങ്ങളുടെ ക്യാമറകള്‍ കാണുന്നില്ല. കാണുന്നത് ചില സാമൂഹ്യ മാധ്യമങ്ങളുടെ ക്യാമറകള്‍ മാത്രമാണ്. നേരത്തെ പങ്കെടുത്ത പരിപാടിയിലും മുഖ്യധാര മാധ്യമങ്ങള്‍ വന്നില്ല. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കുകയാണ് ഇവരെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതൊരു പരിപാടിയിലും ധാരാളം ദൃശ്യമാധ്യമങ്ങളെ കാണാറുണ്ട്. അത് കാലത്തിന്റെ പ്രത്യേകതയാണ്. ഇന്ന് താന്‍ പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടിയാണ് ഇത്. ഇവിടെ ചില ക്യാമറകളുണ്ട്. പക്ഷേ ദൃശ്യ മാധ്യമങ്ങളുടെയാണോ എന്ന് സംശയമാണ്. എന്താണ് അങ്ങനെ വരാന്‍ കാരണം. നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ജനം അറിയരുതെന്ന് ആഗ്രഹിക്കുന്ന വന്‍കിട മാധ്യമങ്ങള്‍ ഉണ്ട്. ഏതെല്ലാം രീതിയില്‍ ജനങ്ങളെ നല്ല കാര്യങ്ങള്‍ അറിയിക്കാതിരിക്കാനാണ് നോക്കുന്നത്. ഇനി വാര്‍ത്ത വന്നാല്‍ തന്നെ അതിനെ വക്രീകരിച്ച് കാണിക്കാനാണ് ശ്രമം. ഇത്തരം ഘട്ടത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. മാധ്യമങ്ങള്‍ മറച്ച് വെക്കുന്നവ ജനങ്ങളെ അറിയിക്കണമെന്നും പിണറായി പറഞ്ഞു.
നേരത്തെ കോട്ടയത്ത് നടന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളന വേദിയില്‍ പ്രസംഗിക്കുന്നതിനിടെ ഉയര്‍ന്ന ചെണ്ടമേളം മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചിരുന്നു. ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രസംഗത്തിനിടെ പിണറായി പരസ്യമായി ചോദിച്ചു. നാടിന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ പാടില്ല എന്ന മട്ടിലാണ് സ്വന്തം സംഘടനയിലെ ചിലര്‍ തന്നെ ചെണ്ട കൊട്ടിക്കൊണ്ടിരിക്കുന്നതെന്നും പിണറായി പരസ്യമായി കുറ്റപ്പെടുത്തി.