സുധാകരനെ പാര്‍ട്ടി നേതാക്കള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇടതുമുന്നണിക്ക് കരുത്തായി ഉണ്ടാകുമെന്നും ജനറല്‍ സെക്രട്ടറി; സുധാകരന്റെ 'പരിഭവം' തീര്‍ക്കാന്‍ ബേബി; സിപിഎമ്മിന് സുധാകരന്‍ പ്രയാസമുണ്ടാക്കില്ലെന്ന് ബേബിയുടെ പ്രതീക്ഷ; അമ്പലപ്പുഴയില്‍ സ്വതന്ത്രനായി സുധാകരന്‍ മത്സരിക്കുമെന്ന അഭ്യൂഹം ഇപ്പോഴും ശക്തം

Update: 2026-03-05 05:28 GMT

ആലപ്പുഴ: സി.പി.എം സംസ്ഥാന നേതൃത്വവും ആലപ്പുഴ ജില്ലാ നേതൃത്വവും തന്നെ അവഗണിക്കുന്നുവെന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരന്റെ പരസ്യമായ അതൃപ്തിയില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സുധാകരന് ചില പരിഭവങ്ങള്‍ ഉണ്ടെന്നത് സത്യമാണെന്നും എന്നാല്‍ സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ബേബി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരനെ പരിഗണിക്കേണ്ടതില്ലെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.

സുധാകരന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്സ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളോടുള്ള അദ്ദേഹത്തിന്റെ പരിഭവം പങ്കുവെച്ചതാണെന്ന് ബേബി വിശേഷിപ്പിച്ചു. സുധാകരനെ പാര്‍ട്ടി നേതാക്കള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇടതുമുന്നണിക്ക് കരുത്തായി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയില്‍ ഇത്തവണ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സുധാകരന്‍ അറിയിച്ചിരുന്നെങ്കിലും, 75 വയസ്സ് എന്ന പ്രായപരിധി ചൂണ്ടിക്കാട്ടി എം.വി. ഗോവിന്ദന്‍ അത് തള്ളുകയായിരുന്നു. 'ഒരു പരിഗണനയുമില്ല' എന്ന ഗോവിന്ദന്റെ പരസ്യ പ്രതികരണം സുധാകരനെ വല്ലാതെ വേദനിപ്പിച്ചു.

പാര്‍ട്ടിയുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഈ വര്‍ഷത്തെ അംഗത്വ പരിശോധനയില്‍ പങ്കെടുക്കില്ലെന്ന് സുധാകരന്‍ ഫെയ്സ്ബുക്കിലൂടെ സൂചന നല്‍കിയിട്ടുണ്ട്. 63 വര്‍ഷത്തെ പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുകയാണോ എന്ന ചോദ്യം ഇതോടെ സജീവമായി.എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ തന്നെ പരസ്യമായി പരിഹസിച്ചുവെന്നും ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാറില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സി.പി.എമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുധാകരനെപ്പോലൊരു അതികായന്‍ വിമതനായി രംഗത്തെത്തുന്നത് ആലപ്പുഴയിലെ ഇടതുപക്ഷ വിജയത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം നേതാക്കള്‍. എം.എ. ബേബിയുടെ അനുനയ നീക്കങ്ങള്‍ സുധാകരന്‍ എത്രത്തോളം സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അമ്പലപ്പുഴയിലെ രാഷ്ട്രീയ ഭാവി.

Similar News